മീഡിയവൺ സൂപ്പർ കപ്പ് സീസൺ ത്രീ; ട്രോഫിയും ഫിക്ചറും അനാച്ഛാദനം ചെയ്തു
text_fieldsറിയാദ്: മീഡിയ വൺ സൂപ്പർ കപ്പ് മൂന്നാമത് സീസൺ ഈ മാസം 17, 18, 24, 25 തീയതികളിൽ സുലൈയിലെ അൽ മുതവ ഫുട്ബാൾ അക്കാദമി സ്റ്റേഡിയത്തിൽ നടക്കും. ടൂർണമെന്റിൽ 16 പ്രമുഖ ടീമുകൾ മാറ്റുരക്കും. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ)യുമായി സഹകരിച്ച് നയൻസ് ഫോർമാറ്റിലാണ് കളി നടക്കുക.
ട്രോഫിയുടെയും മാച്ച് ഫിക്ച്ചറിന്റെയും പ്രകാശനം ഡൂൺ ഇന്റർനാഷനൽ സ്കൂൾ കാമ്പസിലെ പ്രൗഢമായ വേദിയിൽ റിഫ ഭാരവാഹികളുടെയും ഫുട്ബാൾ ക്ലബുകളുടെയും പ്രായോജകരുടെയും സാന്നിധ്യത്തിൽ നടന്നു.
മീഡിയവൺ ജനറൽ മാനേജർ (മിഡിലീസ്റ്റ് ഓപറേഷൻസ് ആൻഡ് ബിസിനസ്) സവാബ് അലി പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളികളുടെ ഫുട്ബാൾ ജ്വരത്തെ നെഞ്ചേറ്റുന്നതോടൊപ്പം കൂടുതൽ പുതുമകളോടെയും വ്യത്യസ്തതകളോടെയുമാണ് ഈ വർഷം സൂപ്പർ കപ്പ് റിയാദിൽ എത്തുന്നതെന്നും പുതിയ താരങ്ങളും അതിഥികളും പരിപാടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മീഡിയ വൺ സെൻട്രൽ പ്രൊവിൻസ് കോഓഡിനേഷൻ കമ്മിറ്റി രക്ഷാധികാരി സിദ്ദിഖ് ജമാൽ അധ്യക്ഷത വഹിച്ചു. ടൂർണമെൻറ് വിജയിപ്പിക്കാൻ റിഫയുടെയും കളിക്കാരുടെയും സഹകരണവും പിന്തുണയും അദ്ദേഹം അഭ്യർഥിച്ചു.
റിഫ പ്രസിഡന്റ് ബഷീർ ചേലേമ്പ്ര, ജനറൽ സെക്രട്ടറി സൈഫു കരുളായി, അബ്ദുല്ല വല്ലാഞ്ചിറ, മുജീബ് ഉപ്പട, അഷ്റഫ് വല്ലാഞ്ചിറ എന്നിവർ സംസാരിച്ചു. സിറ്റി ഫ്ലവർ വൈസ് പ്രസിഡന്റ് (ഫിനാൻസ്) ഹസീബുറഹ്മാൻ, സവാബ് അലി (മീഡിയ വൺ) എന്നിവർ ചേർന്ന് സൂപ്പർ കപ്പ് അനാച്ഛാദനം നിർവഹിച്ചു.
സൗദിയിലെ മീഡിയ വൺ ചീഫ് കറസ്പോണ്ടന്റ് അഫ്താബുർറഹ്മാൻ, ടൂർണമെന്റ് കമ്മിറ്റിയംഗങ്ങളായ നബീൽ പാഴൂർ, അബ്ദുൽ കരീം പയ്യനാട് എന്നിവർ സൂപ്പർ കപ്പ് വിശേഷങ്ങളും കളിയുടെ സാങ്കേതിക കാര്യങ്ങളും വിശദീകരിച്ചു.
റയാൻ ഇൻറർനാഷനൽ ക്ലിനിക് എം.ഡി വി.പി. മുഷ്താഖ്, മന്ദി വേൾഡ് ഡയറക്ടർ ശബീബ്, മീഡിയ വൺ സീനിയർ ഓഫിസർ ഇൽയാസ് എന്നിവർ ചേർന്ന് ടൂർണമെൻറ് ഫിക്ച്ചർ പ്രകാശനം ചെയ്തു. തുടർന്ന് വിവിധ ക്ലബ് മാനേജർമാരും ക്യാപ്റ്റന്മാരും ചേർന്ന് പ്രായോജകരിൽനിന്നും ഫിക്ച്ചർ കോപ്പികൾ സ്വീകരിച്ചു.
വെള്ളിയാഴ്ച രാത്രി 10 ന് നടക്കുന്ന ടൂർണമെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കുന്ന അതിഥിയുടെ പ്രഖ്യാപനം അറേബ്യൻ ആക്സസ് മാനേജ്മെൻറ് കൺസൽട്ടൻസി എം.ഡി ജൗഹർ പ്രഖ്യാപിച്ചു. സെർബിയൻ ഇതിഹാസ താരവും മുൻ കേരള ബ്ലാസ്റ്റേഴ്സ് കോച്ചുമായ ഇവാൻ വുകോമനോവിച്ചാണ് ഉദ്ഘാടകൻ എന്ന പ്രഖ്യാപനം കരഘോഷത്തോടെയാണ് ഫുട്ബാൾ ആരാധകർ സ്വീകരിച്ചത്.
കൂടുതൽ അതിഥികൾ ഉണ്ടാവുമെന്ന സൂചനയും കൈയടികളോടെ സദസ്സ് നെഞ്ചേറ്റി. ഷെബി മൻസൂർ പരിപാടിയുടെ അവതാരകയായിരുന്നു. മീഡിയ വൺ റീജനൽ ഹെഡ് ഹസനുൽ ബന്ന, കോഓഡിനേഷൻ കമ്മിറ്റിയംഗങ്ങളായ സദ്റുദ്ദീൻ കീഴിശ്ശേരി, തൗഫീഖുറഹ്മാൻ, അഹ്ഫാൻ, ഷാനിദ് അലി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ടൂർണമെന്റ് കമ്മിറ്റി കൺവീനർ അഷ്റഫ് കൊടിഞ്ഞി സ്വാഗതവും വളൻറിയർ ക്യാപ്റ്റൻ മുഹമ്മദ് ഫൈസൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.