മീഡിയവൺ സൂപ്പർ കപ്പ്: വിജയകിരീടം ചൂടി യൂത്ത് ഇന്ത്യ
text_fieldsറിയാദ്: മൂന്നാമത് മീഡിയവൺ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ റിയാദിലെ മുൻനിര ക്ലബുകളിലൊന്നായ യൂത്ത് ഇന്ത്യ സോക്കർ വിജയകിരീടം ചൂടി. സുലൈ അൽമുതവ പാർക്ക് അക്കാദമി ഫുട്ബാൾ സ്റ്റേഡിയത്തിൽ രാവേറെ നീണ്ടുനിന്ന മത്സരത്തിനൊടുവിൽ സ്പോർട്ടിങ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.
കളിയുടെ 45-ാം മിനിറ്റിൽ സ്പോർട്ടിങ് എഫ്.സിയുടെ ഗോൾ മുഖത്തുനിന്നും 200 വാരയകലെ നിന്ന് നിയാസ് ഈങ്ങാപ്പുഴ തൊടുത്തുവിട്ട കൂറ്റനടിയാണ് യൂത്ത് ഇന്ത്യയുടെ വിജയം നിർണയിച്ചത്.
കളിയുടെ ഒരു ഘട്ടത്തിൽ റെഡ് കാർഡ് ലഭിച്ച യൂത്ത് ഇന്ത്യ എട്ടു പേരായി ചുരുങ്ങിയിട്ടും മികച്ച അവസരങ്ങൾ ഉപയോഗിക്കാൻ സ്പോട്ടിങ്ങിനായില്ല. വിജയികൾക്ക് ഗൾഫ് മാധ്യമം-മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി കോഓഡിനേറ്റർ അഷ്റഫ് കൊടിഞ്ഞി മെഡലുകളും വിന്നേഴ്സ് ട്രോഫിയും മീഡിയ വൺ റീജനൽ ഹെഡ് ഹസനുൽ ബന്ന കാഷ് പ്രൈസും നൽകി.
റണ്ണേഴ്സ് അപ്പിനുള്ള മെഡലുകളും ട്രോഫിയും റിഫ പ്രസിഡൻറ് ബഷീർ ചേലാമ്പ്രയും കാഷ് അവാർഡ് മീഡിയ വൺ ചീഫ് കറസ്പോണ്ടൻറ് അഫ്താബുറഹ്മാനും സമ്മാനിച്ചു. നിയാസ് ഈങ്ങാപ്പുഴയാണ് കലാശപ്പോരിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ സെമി ഫൈനലിൽ മൻസൂർ റബിഅയെ പരാജയപ്പെടുത്തിയാണ് സ്പോർട്ടിങ് എഫ്.സി ഫൈനലിൽ പ്രവേശിച്ചത്. കളിയുടെ നാലാം മിനിറ്റിൽ അർഷദ് മൻസൂർ റബിഅയെ മുന്നിലെത്തിച്ചെങ്കിലും മനോഹരമായ ഒരു ഫ്രീ കിക്കിലൂടെ അക്ഷയ് സ്പോർട്ടിങ് എഫ്.സിയെ സമനിലയിലെത്തിച്ചു.
ടൈ ബ്രേക്കറിൽ ഭാഗ്യം സ്പോർട്ടിങ് എഫ്.സിക്കൊപ്പമായിരുന്നു. റിയൽ കേരളയുമായി കൊമ്പുകോർത്ത യൂത്ത് ഇന്ത്യ ഹസീം, നിയാസ് എന്നിവരിലൂടെ മുന്നിലെത്തിയെങ്കിലും ഷഹ്ജാസ്, സുൽഫി എന്നിവർ റിയൽ കേരളയെ പരാജയം വഴങ്ങാൻ സമ്മതിച്ചില്ല. ഒടുവിൽ പെനാൽറ്റിയിലൂടെയാണ് യൂത്ത് ഇന്ത്യ ഫൈനലിൽ എത്തിയത് (5-4).
ഫൈനലിൽ ഗോൾ നേടിയ യൂത്ത് ഇന്ത്യ എഫ്.സിയുടെ നിയാസ് ഈങ്ങാപ്പുഴക്കാണ് ടൂർണമെൻറിലെ മികച്ച താരം, മാൻ ഓഫ് ദി മാച്ച്, ടോപ് സ്കോറർ പുരസ്കാരങ്ങൾ. മികച്ച പ്രതിരോധ താരമായി സ്പോട്ടിങ് എഫ്.സിയിലെ നിമേഷ് ഇരിഞ്ഞാലക്കുടയെയും തെരഞ്ഞെടുത്തു.
മികച്ച ഗോൾ കീപ്പർ യൂത്ത് ഇന്ത്യ എഫ്.സിയുടെ ഷാമിൽ സലാമാണ്. റിയാദിലെ അക്കാദമികൾ തമ്മിൽ നടന്ന മത്സരത്തിലെ വിജയികൾക്ക് കരീം പയ്യനാട്, മുഹമ്മദ് ഇല്യാസ്, ഷാനിദ് അലി, ഫൈസൽ കൊല്ലം എന്നിവർ മെഡലുകളും ട്രോഫികളും കൈമാറി.
മൗലിക ഡാൻസ് ആക്കാദമി വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തപരിപാടി ചടങ്ങിനെ വർണശബളമാക്കി. കൊറിയോഗ്രാഫർ നിതു നിധിനും കുട്ടികൾക്കും താജുദ്ദീൻ ഓമശ്ശേരി മീഡിയ വൺ ഉപഹാരം കൈമാറി.
ടൂർണമെൻറിലെ മികച്ച സേവനത്തിന് മുഹമ്മദ് ജസീൽ അൽ റയാൻ പോളി ക്ലിനിക് (മെഡിക്കൽ), ശിഹാബ് കുണ്ടൂർ (വളൻറിയർ), അഷ്റഫ് അബു (സോഷ്യൽ മീഡിയ), സുൽഫിക്കർ അലി (ടെക്നിക്കൽ), മുഹമ്മദ് ഫൈസൽ (വളൻറിയർ ക്യാപ്റ്റൻ), മുഹമ്മദ് സുഹൈർ (കോഓഡിനേഷൻ), അഹ്ഫാൻ (ഐ.ടി ഹെഡ്), ആഷിഖ് (മീഡിയ), അബ്ദുൽ കരീം പയ്യനാട് (ചീഫ് കോഓഡിനേറ്റർ) എന്നിവർക്ക് മീഡിയ വൺ ടൂർണമെൻറ് കമ്മിറ്റി ആദരകഫലകം സമ്മാനിച്ചു. സാലിഹ് കൂട്ടിലങ്ങാടി അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.