ആതുര സേവന, മെഡിക്കൽ ഉപകരണ മേഖല; ഉയർന്ന തോതിൽ സ്വദേശിവത്കരണം
text_fieldsജിദ്ദ: സൗദിയിൽ സ്വകാര്യ ആരോഗ്യ സേവന രംഗത്തും മെഡിക്കൽ ഉപകരണങ്ങളുടെ മേഖലയിലുമുള്ള തൊഴിലുകളിൽ ഉയർന്ന തോതിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചു. ഡെൻറൽ, ഫാർമസി, ലാബുകൾ, റേഡിയോളജി, പോഷകാഹാര മേഖല എന്നിവിടങ്ങളിൽ ഉത്തരവ് ബാധകമാകും. മെഡിക്കൽ ഉപകരണങ്ങളുടെ വിൽപന, അറ്റകുറ്റപ്പണി എന്നിവയിലും സൗദികളെ നിയമിക്കണം.
2022 ഏപ്രിൽ 11ന് ഉത്തരവ് പ്രാബല്യത്തിലാകും. സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം ഉയർത്താനുമാണ് മന്ത്രാലയം സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. ദന്ത ഡോക്ടർ, ഫാർമസിസ്റ്റ് ജോലികളിലേർപ്പെടുന്ന സ്വദേശികൾക്ക് മിനിമം ശമ്പളം 7000 റിയാലായിരിക്കണം.
മെഡിക്കൽ ലബോറട്ടറികൾ, റേഡിയോളജി, ഫിസിയോതെറപ്പി, ചികിത്സാ പോഷകാഹാരം എന്നീ മേഖലകളിലെ ജോലികളിലും 60 ശതമാനം സ്വദേശികൾക്കായി നിജപ്പെടുത്താനും തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. ആരോഗ്യ സ്പെഷലിസ്റ്റുകളായി നിയമിതരാകുന്ന സൗദികൾക്ക് 7,000 റിയാലാണ് മിനിമം ശമ്പളം.
ലാബ് ടെക്നീഷ്യന്മാർക്ക് മിനിമം 5,000 റിയാലും ശമ്പളം നൽകണം. 5,600 ലധികം തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്. മെഡിക്കൽ ഉപകരണങ്ങളുടെയും വസ്തുക്കളുടെയും വിൽപന മേഖലയും സ്വദേശിവത്കരണ തീരുമാനത്തിലുൾപ്പെടും. ആദ്യ ഘട്ടത്തിൽ 40 ശതമാനം സൗദികളെ നിയമിക്കണം. 2023 ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന രണ്ടാംഘട്ടത്തിൽ 80 ശതമാനവും.
സ്വകാര്യ മേഖലയിലെ മെഡിക്കൽ ഉപകരണങ്ങളുടെ എൻജിനീയറിങ്, ടെക്നിക്കൽ മേഖലയിലെ പ്രഫഷനുകളിലും ഇത് ബാധകമാകും. ഈ മേഖലയിൽ ആദ്യം 30 ശതമാനവും പിന്നീട് 50 ശതമാനവും ജീവനക്കാർ സ്വദേശികളാകണം. എൻജിനീയർമാർക്ക് 7,000 റിയാലും ടെക്നീഷ്യന്മാർക്ക് 5,000 റിയാലുമാണ് കുറഞ്ഞ ശമ്പളം നൽകേണ്ടത്. മെഡിക്കൽ എൻജിനീയറിങ് മേഖല സ്വദേശിവത്കരിക്കുന്നതിലൂടെ 8,500 സൗദി പൗരന്മാർക്ക് ജോലി ലഭ്യമാക്കാനാണ് പദ്ധതി. തീരുമാനങ്ങൾ സംബന്ധിച്ച വിശദമായ വിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ട നടപടിക്രമ മാർഗനിർശേങ്ങളുടെ ലിങ്കിൽ പ്രവേശിച്ചാൽ അറിയാവുന്നതാണെന്നും മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.