വൈറലായി മദീനയിലെ സെലീമിയ വെള്ളച്ചാട്ടം
text_fieldsജിദ്ദ: മദീന മേഖലയിലെ സെലീമിയ വെള്ളച്ചാട്ടത്തിന്റെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ബദർ ഗവർണറേറ്റ് പരിധിയിലാണ് മരുഭൂമിയിൽ ചിന്തിക്കാൻ പോലും കഴിയാത്ത അത്ഭുതകരമായ കാഴ്ചയൊരുക്കി വലിയ ജലപാതം രൂപപ്പെട്ടിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് മലകളിൽനിന്നുണ്ടായ വെള്ളപ്പാച്ചിൽ സൃഷ്ടിച്ച ഈ വെള്ളച്ചാട്ടത്തിന്റെ ഡ്രോൺ ഷോട്ടടക്കമുള്ള വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൻ തരംഗം തീർത്തിരിക്കുന്നത്.
സൗദിയിലെ പല മാധ്യങ്ങളും സെലീമിയ വെള്ളച്ചാട്ടത്തിന്റെ മനോഹര കാഴ്ചകൾ പുറത്തുവിട്ടു. സാമൂഹിക മാധ്യമങ്ങളും അത് ഏറ്റെടുത്തു. ഇതോടെ ഇത് വൈറലായി. സൗദി റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ ചൊവ്വാഴ്ച വിഡിയോ പ്രസിദ്ധീകരിച്ചു. മഴക്കാല കാഴ്ചകളും പ്രകൃതിയിൽ അത് ചെലുത്തുന്ന സ്വാധീനവും പകർത്തുന്ന പ്രശസ്ത സൗദി ഫോട്ടോഗ്രാഫർ റാഇദ് അൽഔഫിയാണ് വീഡിയോ പകർത്തിയത്.
കനത്ത മഴയോടൊപ്പം സൗദിയിലെ ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് മലനിരകളും താഴ്‌വരകളും അടങ്ങുന്ന സ്ഥലങ്ങളിൽ വെള്ളച്ചാട്ടങ്ങൾ ദിവസങ്ങളോളം പ്രത്യക്ഷപ്പെടുക പതിവാണ്. ശക്തമായ മഴയുടെ ഫലമായാണ് െസലീമിയയിൽ വെള്ളച്ചാട്ടത്തിന്റെ കണ്ണഞ്ചിപ്പിക്കുക കാഴ്ചയുണ്ടായത്. വെള്ളച്ചാട്ടത്തിലൂടെ ധാരാളം അളവിൽ വെള്ളം പാറക്കെട്ടുകൾ നിറഞ്ഞ താഴ്‌വരയിലേക്ക് ഒഴുകുന്ന അപൂർവ ദൃശ്യങ്ങൾ കൗതുകമുണർത്തുന്നതാണ്.
മദീനയിൽനിന്ന് ഏകദേശം 70 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന അഖീല അൽഅയാദത്ത് ഗ്രാമത്തിന് വടക്കുള്ള ഉയർന്ന സ്ഥലത്ത് നിന്നാണ് ഈ മനോഹരമായ കാഴ്ച ചിത്രീകരിച്ചതെന്ന് അൽ ഒൗഫി തെൻറ വീഡിയോ വൈറലായ ശേഷം ‘അൽ അറബിയ’ ചാനലിനോട് പറഞ്ഞു.
സെലീമിയെ ഷുഐബിന്റെ അവസാന ഭാഗത്താണ് ഈ വെള്ളച്ചാട്ടം. മദീനയുടെ കിഴക്കുള്ള വാദി അൽഷഖ്റയുടെ പോഷക അരുവികളിൽ ഒന്നാണിത്. കനത്ത മഴയുണ്ടായ ശേഷം സാധാരണയായി ദിവസങ്ങളോളം ഈ വെള്ളച്ചാട്ടം നീണ്ടുനിൽക്കാറുണ്ടെന്നും അൽ ഔഫി പറഞ്ഞു. എല്ലാ ഫോട്ടോഗ്രാഫി പ്രേമികൾക്കും ഈ കാഴ്ച കുളിർമ നൽകുന്നതും ആകർഷകവുമാണ്. സൗദി അറേബ്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങൾ രേഖപ്പെടുത്തുന്നവരാണ് ഫോട്ടോഗ്രാഫർമാർ. വെള്ളച്ചാട്ടത്തിന്റെ ഈ ഗംഭീരമായ കാഴ്ച ജലപ്രവാഹത്തിെൻറ സൗന്ദര്യത്തെ എടുത്തുകാണിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിൽനിന്ന് സൗന്ദര്യത്തിൽ സെലീമിയയിലെ വെള്ളച്ചാട്ടവും വ്യത്യസ്തമല്ലെന്നും അൽഔഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.