റബീഉൽ അവ്വൽ 12: വഹ്യ് നിലച്ച ദിനം; പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsജിദ്ദ: റബീഉൽ അവ്വൽ 12 തിങ്കളാഴ്ച പ്രവാചക ജന്മദിനത്തിന്റെ ആഘോഷമല്ല, മറിച്ച് മാനവരാശിക്ക് മാർഗദർശിയായ ഒരു അതുല്യ പ്രവാചകന്റെ അമാനുഷിക ജീവിതം അവസാനിച്ച ദുഃഖാർഥമായ ദിവസമായിരുന്നുവെന്ന് വേണം വിശ്വാസികൾ മനസ്സിലാക്കേണ്ടതെന്ന് ശിഹാബ് സലഫി എടക്കര അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ 'റബീഉൽ അവ്വൽ 12; വഹ്യ് നിലച്ച ദിനം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
23 വർഷത്തെ ആദർശ ജീവിതത്തിലൂടെ മാനവന് ആവശ്യമായ എല്ലാ നിയമനിർദേശങ്ങളും നൽകിക്കൊണ്ട് ഏറ്റവും ഉദാത്തമായ ജീവിതശൈലി തെരഞ്ഞെടുക്കാൻ സൗകര്യമൊരുക്കുകയും തികച്ചും അപരിഷ്കൃതരായ അറേബ്യൻ സമൂഹത്തെ ലോകം ഉറ്റുനോക്കുന്ന പരിഷ്കൃത സമൂഹമാക്കി വാർത്തെടുത്ത് മാതൃക സൃഷ്ടിക്കാനും പ്രവാചകന് സാധിച്ചത് ദൈവിക ബോധനത്തിലൂടെ (വഹ്യ്) ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തിലായിരുന്നു.
പ്രവാചകനായി നിയോഗിക്കപ്പെടുമ്പോൾ സമൂഹത്തിൽ നിലനിൽക്കുന്നതും വ്യക്തിജീവിതത്തിൽ സംഭവിക്കുന്നതുമായ ഒട്ടനവധി പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും കുറ്റമറ്റതായ പരിഹാരങ്ങൾ നിർദേശിക്കുന്നതിനും നിയമങ്ങൾ നിർമിക്കുന്നതിനും അവിടുത്തേക്ക് സഹായകമായത് ജഗദീശ്വരനിൽ നിന്നുമുള്ള ദിവ്യബോധനമായിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ വിയോഗത്തോട് കൂടി സ്രഷ്ടാവിൽ നിന്നുള്ള വഹ്യ് നിലച്ചു.
വഹ്യ് നിലക്കുന്നതോടുകൂടി പിന്നീട് ഇസ്ലാമിക സമൂഹത്തിൽ ഉയർന്നുവരുന്ന പുതിയ പ്രശ്നങ്ങൾക്കും സങ്കീർണതകൾക്കും ഖുർആന്റെയും ഹദീസുകളുടെയും അടിസ്ഥാനത്തിൽ പരിഹാരങ്ങൾ കണ്ടെത്തുകയെന്നതല്ലാതെ വേറെ മാർഗമില്ല. വഹ്യ് നിലച്ചു എന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതീവ ഖേദകരമാണ്.
അതുകൊണ്ടുതന്നെയാണ് റബീഉൽ അവ്വൽ 12 ഓരോ വിശ്വാസിക്കും പ്രവാചക വിയോഗത്തിന്റെ വേദന സമ്മാനിക്കുന്നതെന്നദ്ദേഹം പറഞ്ഞു. മതം അനുശാസിക്കാത്ത ആഘോഷങ്ങൾക്കു പിറകെ പോയി സമയം പാഴാക്കുന്നതിന് പകരം പ്രവാചക അധ്യാപനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് അവിടുത്തെ ചര്യകളെ ജീവിതത്തിന്റെ ഭാഗമാക്കാൻ ഓരോ വിശ്വാസിയും പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഫൽ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.