സൗദി വിദേശകാര്യ മന്ത്രി-ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ കൂടിക്കാഴ്ച
text_fieldsജിദ്ദ: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസുമായി കൂടിക്കാഴ്ച നടത്തി. ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ നടന്ന ജി20 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. മനുഷ്യ സുരക്ഷക്കും കോവിഡിനെ ചെറുക്കുന്നതിനും സംഭാവന ചെയ്യുന്ന തരത്തിൽ സൗദി അറേബ്യയും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള സംയുക്ത സഹകരണത്തിെൻറ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു. കോവിഡ് പ്രതിരോധത്തിന് സൗദി അറേബ്യ സ്വീകരിച്ച നടപടികളും ചർച്ചയിൽ പരാമർശിക്കപ്പെട്ടു.
ആഗോള സമ്പദ് വ്യവസ്ഥക്കുള്ള പിന്തുണ, കടം തിരിച്ചടക്കുന്നതിനുള്ള കാലാവധി നീട്ടിയത്, കോവിഡിെൻറ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള സാമ്പത്തിക, ആരോഗ്യ സഹായം എന്നിങ്ങനെയുള്ള സൗദിയുടെ സംരംഭങ്ങൾ കോവിഡിനെ നേരിടുന്നതിൽ വളരെയധികം സഹായിച്ചതായും ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിനെ പിന്തുണക്കുന്നതിനും ആഗോളതലത്തിൽ സുസ്ഥിര വികസനത്തിനുള്ള അവസരങ്ങൾ വർധിപ്പിക്കുന്നതിനും ഇവ സഹായിച്ചതായും ഇരുവരും വിലയിരുത്തി. ഇറ്റലിയിലെ സൗദി അംബാസഡർ അമീർ ഫൈസൽ ബിൻ സത്താം ബിൻ അബ്ദുൽ അസീസ്, അന്താരാഷ്ട്ര കാര്യങ്ങൾക്കായുള്ള വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ ബിൻ ഇബ്രാഹിം അൽറാസി, വിദേശകാര്യ മന്ത്രി ഒാഫിസ് മേധാവി അബ്ദുറഹ്മാൻ അൽദാവൂദ് എന്നിവരും കൂടിക്കാഴ്ചയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.