കിരീടാവകാശിയുമായി കൂടിക്കാഴ്ച: അമേരിക്കൻ പ്രസിഡൻറ് ജൂണിൽ രാജ്യം സന്ദർശിക്കും
text_fieldsജിദ്ദ: അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ജൂണിൽ സൗദി അറേബ്യ സന്ദർശിക്കും. പ്രസിഡന്‍റ് ആയശേഷം ബൈഡന്‍ ആദ്യമായാണ് സൗദിയിലെത്തുന്നത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി ജോ ബൈഡന്‍റെ കൂടിക്കാഴ്ചക്ക് പ്രാധാന്യമേറെയാണ്.
ഇറാനുമായുള്ള ആണവക്കരാർ വിഷയത്തിൽ സൗദിയുമായുള്ള യു.എസ് ബന്ധം ഊഷ്മളമായിരുന്നില്ല. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി വിശദമായ ചർച്ച നടത്തും. യു.എസ് മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. അമേരിക്കൻ പ്രസിഡന്‍റ് ആയി അധികാരമേറ്റശേഷം ജോ ബൈഡൻ ഇതുവരെ സൗദി അറേബ്യ സന്ദർശിക്കുകയോ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ല.
ജോ ബൈഡനും സൗദി കിരീടാവകാശിയും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ചക്ക് ക്രമീകരണം ഏർപ്പെടുത്താൻ കഴിഞ്ഞ മാസങ്ങളിൽ ഉദ്യോഗസ്ഥർ സൗദി ഗവൺമെന്‍റ് അധികൃതരുമായി ചർച്ച നടത്തിയിരുന്നു. എണ്ണ ഉൽപാദനം സംബന്ധിച്ച് സൗദി അറേബ്യയുമായി ചർച്ച നടത്തിയതായി യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മൂന്ന് വിഷയങ്ങളിൽ സൗദിയും യു.എസും തമ്മിൽ ബന്ധം ഉലഞ്ഞിരുന്നു.
സൗദി നേതൃത്വത്തിൽ യമനിലെ സൈനിക പ്രചാരണത്തിനുള്ള യു.എസ് പിന്തുണ വെട്ടിക്കുറച്ചതായിരുന്നു ഒന്ന്. ജമാൽ ഖശോഗി വിഷയത്തിൽ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് പുറത്തുവിടാനുള്ള യു.എസ് തീരുമാനമായിരുന്നു രണ്ടാമത്തേത്. ഇറാനുമായുള്ള 2015ലെ ആണവക്കരാർ പുനഃസ്ഥാപിക്കാൻ യു.എസ് നടത്തിയ നീക്കമായിരുന്നു മൂന്ന്.
നിലവിൽ യുക്രെയ്‌ൻ അധിനിവേശത്തെ തുടർന്ന് ആഗോളതലത്തിൽ വിലക്കയറ്റവും എണ്ണക്ഷാമവും പ്രകടമാണ്. ഈ വിഷയങ്ങൾ ചർച്ചയിൽ വരുമെന്നാണ് വിവരം. കൂടിക്കാഴ്ച സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.