മശ്രിഖും മഗ്രിബും കടന്നെത്തിയ പാട്ടിന്റെ ഇശൽ തേന്മഴ; ‘മീഫ്രണ്ട് ഫൗരി ഈദ് മെഹ്ഫിൽ 2024’സമാപിച്ചു
text_fieldsറിയാദ്: സൗദിയുടെ കിഴക്ക്, പടിഞ്ഞാറൻ പ്രവിശ്യകളിൽ പാട്ടിന്റെ പെരുന്നാൾ മധുരം വർഷിച്ച് റിയാദിലെത്തിയ യുവഗായകർ മീഫ്രണ്ട് ‘ഫൗരി ഈദ് മെഹ്ഫിൽ 2024’ വേദിയിൽ ഇശൽ തേൻമഴയായി പെയ്തിറങ്ങി. മുറബ്ബയിലെ റിയാദ് അവന്യൂ മാളിലെ ലുലുവിൽ തിങ്ങിനിറഞ്ഞ സംഗീത പ്രേമികൾക്ക് മറക്കാനാവാത്ത ഓർമകളും അനുഭൂതികളും പകർന്നാണ് പെരുന്നാൾ പാട്ടിന്റെ പര്യടനത്തിന് തിരശ്ശീല വീണത്. പ്രശസ്ത ഹിന്ദി റിയാലിറ്റി ഷോയിലൂടെ സംഗീത ലോകത്തിന് വാഗ്ദാനമായി മാറിയ ജാസിം ജമാൽ, സിനിമയിലെയും മാപ്പിളപ്പാട്ടിലെയും പുതുതലമുറ ഗായിക ദാന റാസിഖ്, പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായിരുന്ന കണ്ണൂർ സലീമിന്റെ മകളും ഇശലുകളുടെയും ഗസലുകളുടെയും തോഴിയുമായ സജിലി സലീം, മീഡിയവൺ പതിനാലാംരാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ പതിനാലാം രാവ് ജേതാവ് ബാദുഷ എന്നിവരാണ് ഈദ് മഹ്ഫിലിൽ അണിനിരന്നത്.
‘ബിസ്മില്ല’ എന്ന ഗാനത്തോടെ പാട്ടിന്റെ പ്രവാഹത്തിന് തുടക്കമിട്ട സജിലി സലീമിന് പിന്നാലെ ‘മൗലാ മൗലാ’ എന്ന ഇഷ്ടഗാനവുമായി ജസീം എത്തി. ‘വാതുക്കല് വെള്ളരിപ്രാവ്’ എന്ന ജനപ്രിയ ഗാനമാലപിച്ച് ദാനയും ‘റംസാൻ നിലാവൊത്ത’ എന്ന പാട്ട്പാടി ബാദുഷയും ആദ്യറൗണ്ട് പൂർത്തിയാക്കി. ‘ആട്ജീവിതത്തി’ലെ ‘പെരിയോനെ’ എന്ന ഹിറ്റ് ഗാനം നാല് പേരും കൂടി ആലപിച്ചു. സിനിമകളിലെ മാപ്പിളപ്പാട്ടുകളും ഇഷ്ടഗാനങ്ങൾക്കും പുറമെ അനുവാചകരുടെ കാതിൽ പതിഞ്ഞുകിടക്കുന്ന പരമ്പരാഗത മാപ്പിളപ്പാട്ടുകളും തകർപ്പൻ പാട്ടുകളും ഒറ്റക്കും കൂട്ടായും മാലപ്പാട്ടുകളായും ശ്രോതാക്കളിലേക്ക് ഒഴുകിയെത്തി.
നാട്ടിൽനിന്നും അവധിയാഘോഷിക്കാനെത്തിയ നിരവധി കുടുംബങ്ങളും പ്രേക്ഷകർക്കൊപ്പം ആസ്വാദകരായെത്തി. അവതാരക നിഷ യൂസുഫ് കാണികളോട് സംവദിച്ചും പ്രശ്നോത്തരി നടത്തിയും സമ്മാനങ്ങൾ നൽകിയുമാണ് ഈദ് മെഹ്ഫിലിനു തുടക്കമിട്ടത്. ചടങ്ങിൽ മൈലാഞ്ചി മത്സരത്തിലെ വിജയികളായ റുഫിയ റിയാസ്, ആയിഷ ജംഷിദ്, ഫാത്തിമ സബ എന്നിവർക്ക് ലുലു മാനേജർമാരായ ലാലു വർക്കി, ഇൗദ് ബിൻ നാസർ, റിയാസ്, 'ഗൾഫ് മാധ്യമം' മാനേജർ സലിം മാഹി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.