ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിക്ക് ഡ്രഗ് സേഫ്റ്റി ശൃംഖലയിൽ അംഗത്വം
text_fieldsജിദ്ദ: സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിക്ക് ഡ്രഗ് സേഫ്റ്റി ഇന്റർനാഷനൽ നെറ്റ്വർക്കിൽ അംഗത്വം ലഭിച്ചു. ഭക്ഷണ, ഔഷധ ഉൽപന്നങ്ങളുടെ ഗുണനിലവാരവും ആധികാരികതയും പരിശോധിക്കുന്ന 24 അന്താരാഷ്ട്ര മോണിറ്ററിങ് സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഈ അന്താരാഷ്ട്ര ശൃംഖലയിൽ പ്രവേശനം നേടിയത്. മരുന്നുകൾ സംബന്ധിച്ച പിശകുകൾ കുറക്കുന്നതിനുള്ള പ്രതിബദ്ധത ഉറപ്പാക്കുകയും ശൃംഖലയിലെ എല്ലാ അംഗരാജ്യങ്ങളിലും മരുന്ന് സുരക്ഷകേന്ദ്രങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുകയും അംഗരാജ്യങ്ങൾക്കിടയിൽ സഹകരണം തുടരുകയും ചെയ്യുകയെന്നതാണ് ഈ അന്താരാഷ്ട്ര ശൃംഖലയുടെ ചുമതല.
ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അതോറിറ്റി നടപ്പാക്കുന്ന നിയന്ത്രണശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന് വലിയ പിന്തുണയും സഹായവുമാണ് ഈ ശൃംഖലയിൽ കണ്ണിയായതിലൂടെ ലഭിക്കുന്നത്. മരുന്നുകളുടെ സുരക്ഷയിൽ അതോറിറ്റിയുടെ കാര്യക്ഷമത വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കും ഫാക്ടറികൾക്കും ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ പേര് നൽകുന്നതിനും രൂപകൽപന ചെയ്യുന്നതിനുമുള്ള മാർഗനിർദേശങ്ങൾ വികസിപ്പിക്കുക, ഒരു മരുന്ന് രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ് ഉൽപന്നവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പരിശോധിച്ച് ഉറപ്പാക്കുക, വ്യക്തതക്കും മറ്റ് ഉൽപന്നങ്ങളുമായി സാമ്യം തടയുന്നതിനും പാക്കേജ് ഡിസൈൻ പരിശോധിക്കുക എന്നിവ ഇതിലൂടെ കൂടുതൽ എളുപ്പമാകും.
വിപണിയിൽ ലഭ്യമായ ഉൽപന്നങ്ങളുടെ പേരുകൾ തമ്മിലുള്ള വാക്കാലുള്ള അല്ലെങ്കിൽ രേഖാമൂലമുള്ള സാമ്യം പരിശോധിക്കുകയും ആ മേഖലയിലെ ശ്രമങ്ങളെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടുന്നതിനും സാധിക്കും. വാർഷിക നെറ്റ്വർക്ക് യോഗത്തിൽ പങ്കെടുത്ത് മരുന്ന് സുരക്ഷമേഖലയിലെ ആഗോള സംഭവവികാസങ്ങളെക്കുറിച്ച് അറിയിക്കുന്നതിനും അവ തുടർച്ചയായി ചർച്ച ചെയ്യുന്നതിനും ഈ അംഗത്വം സഹായിക്കും.
ലോകാരോഗ്യ സംഘടന, ഡ്രഗ് റഗുലേറ്ററി അതോറിറ്റികൾ പോലുള്ള മരുന്ന് സുരക്ഷയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര, സർക്കാർ സ്ഥാപനങ്ങളുമായി തുടർച്ചയായി നെറ്റ്വർക്ക് ആശയവിനിമയത്തിലൂടെ അതോറിറ്റിക്ക് ഈ അംഗത്വം പ്രയോജനപ്പെടുത്താനുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.