എഴുത്തിെൻറയും പ്രവാസത്തിെൻറയും ഓർമകൾ ചികഞ്ഞ് റഫീഖ്...
text_fieldsറിയാദ്: കഥകളുടെയും കവിതകളുടെയും പ്രണേതാവായ റഫീഖ് പന്നിയങ്കര ഇപ്പോൾ നാട്ടിലാണ്. റിയാദിലെ ജോലിയുടെയും സാഹിത്യ പ്രവർത്തനങ്ങളുടെയും ലോകത്തുനിന്ന് അവിചാരിതമായിട്ടാണ് സ്വദേശത്തേക്ക് മടങ്ങിയത്. കൊറോണ, ഭൂമിയുടെ ഒരറ്റത്തുനിന്ന് യാത്രയാരംഭിച്ച കാലം! നാട്ടിൽനിന്നും തേടിയെത്തിയ പിതാവിെൻറ രോഗവാർത്തയെ തുടർന്ന് അടിയന്തരമായി അവധിക്ക് പോയി. റിയാദിലേക്ക് മടങ്ങാനിരിക്കെ കോവിഡ് കാരണം വിമാനങ്ങളെല്ലാം റദ്ദ് ചെയ്യപ്പെട്ടു. യാത്ര അനിശ്ചിതാവസ്ഥയിലായെങ്കിലും തുടർന്നുള്ള ദിവസങ്ങൾ പിതാവിനൊപ്പം ആശുപത്രിയിൽ. ഡോക്ടർമാർ നിർദേശിച്ച ശസ്ത്രക്രിയ കഴിഞ്ഞിട്ടും പിതാവ് വേർപിരിഞ്ഞു. പിതാവിനെ കഴിവിെൻറ പരമാവധി ശുശ്രൂഷിക്കാനായത് വലിയൊരു ആശ്വാസമായി. കോവിഡ് ലോകത്താകമാനമുള്ള മനുഷ്യരെയാകെ വലച്ചു. പ്രവാസിക്കോ മലയാളിക്കോ മാത്രമായി വന്നുചേർന്ന പ്രതിസന്ധിയല്ലല്ലോ ഇത്. ഈ കറുത്തകാലം മറികടന്ന് നമ്മൾ കൂടുതൽ ക്രിയാത്മകമാകുമെന്ന് റഫീഖ് പറഞ്ഞു. റിയാദിലേക്കുള്ള മടക്കയാത്ര ഉടനെ പ്രതീക്ഷിക്കുന്നു. നാട്ടിൽ ഈയവസ്ഥയിലും ലഭ്യമായ ജോലികൾ ചെയ്ത് ജീവിതം മുന്നോട്ടുപോവുന്നു. അപ്രതീക്ഷിതമായി നാട്ടിൽ കഴിയേണ്ടിവന്ന ഒന്നരക്കൊല്ലം. ഇക്കാലയളവിൽ ജീവിതത്തിൽ ചേർത്തുനിർത്തിയ ചിലരുടെ സഹായങ്ങളും ഇടപെടലുകളും മറക്കാനാവില്ല. പ്രവാസത്തിെൻറ വലിയ സമ്പാദ്യമാണല്ലോ മറക്കാനാവാത്ത സൗഹൃദങ്ങൾ.
കാൽനൂറ്റാണ്ട് പിന്നിട്ട പ്രവാസത്തിെൻറ തുടക്കം ദമ്മാമിലായിരുന്നു. അവിടെ ഉമ്മുസ്സാഹിഖിൽ ആറ് വർഷം. ബാക്കികാലം റിയാദിൽ. ജോലികഴിഞ്ഞുള്ള സമയത്തെ എഴുത്തിലെ സജീവതയും സാംസ്കാരിക പ്രവർത്തനങ്ങളുമായി റിയാദിലെ ജീവിതം മടുപ്പില്ലാത്തതായിരുന്നു. ബത്ഹയിലെ ന്യൂ സഫ മക്ക പോളിക്ലിനിക്കിലാണ് ജോലി. മാനേജ്മെൻറും സഹപ്രവർത്തകരും നൽകിയ പ്രോത്സാഹനങ്ങളും മൂല്യവത്തായിരുന്നു. റിയാദിലെ ചില സുഹൃത്തുക്കൾ ചേർന്ന് രൂപവത്കരിച്ച കൂട്ടായ്മയുടെ (ചെരാത് സാഹിത്യവേദി) കീഴിൽ പ്രസിദ്ധീകരിച്ചിരുന്ന 'ഇല' ഇൻലൻഡ് മാസിക. കാണാമറയത്തെ അനേകം സൗഹൃദങ്ങളെ നേടിത്തന്നു. 2009 മുതൽ ബ്ലോഗർ. മുട്ടായിത്തെരു എന്ന പേരിലുള്ള ബ്ലോഗ് ഇപ്പോഴത്ര സജീവമല്ല. മൂന്ന് പുസ്തകങ്ങളാണ് ഇക്കാലയളവിൽ പുറത്തിറങ്ങിയത്. നഗരക്കൊയ്ത്ത്, ബത്ഹയിലേക്കുള്ള വഴി (കഥകൾ). കടൽദൂരം (കവിതകൾ). ഒരു നോവലിെൻറ പണിപ്പുരയിലാണ്. ചെറിയൊരു നോവൽ. ഇത് എത്രമേൽ വിജയിക്കുമെന്നറിയില്ല.
തിരുവനന്തപുരം ശ്രീലയം കലാവേദിയുടെ മിനിക്കഥാസമ്മാനം, ദുൈബ കൈരളി കലാകേന്ദ്രം ചെറുകഥാസമ്മാനം, ഷാർജ തനിമ കലാവേദി മിനിക്കഥാസമ്മാനം, കവി പി.ടി. അബ്റുറഹ്മാൻ സ്മാരക കവിതാസമ്മാനം, കേളി കടമ്മനിട്ട രാമകൃഷ്ണൻ കവിതാസമ്മാനം, ഫേസ്ബുക്ക് വാസ്തവം ഗ്രൂപ്പിെൻറ കവിതാസമ്മാനം, പുരോഗമന കലാസാഹിത്യ സംഘം കഥാസമ്മാനം (പാലക്കാട് സംസ്ഥാന സമ്മേളനം), കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി മെഗാ ഇവൻറ് കവിതാസമ്മാനം, ഷാർജ അക്ഷരം കഥാസമ്മാനം, അബൂദബി മലയാളി സമാജം കവിതാസമ്മാനം, നവയുഗം സഖാവ് കെ.സി. പിള്ള സ്മാരക കഥാസമ്മാനം, പുരോഗമന കലാസാഹിത്യ സംഘം കഥാസമ്മാനം (കോഴിക്കോട് ജില്ല സമ്മേളനം), കെ.എസ്. രാജൻ സ്മാരക സാഹിത്യ അവാർഡ്, ചാരിറ്റി ഓഫ് പ്രവാസി മലയാളി ശ്രുതിലയം സ്നേഹസമ്മാനം, യുവകലാസാഹിതി കവിതാസമ്മാനം എന്നിവ ലഭിച്ചിട്ടുണ്ട്.
പ്രവാസത്തിന് മുമ്പ് നാട്ടിൽ കലാസമിതിയിൽ ചില അമച്വർ നാടകങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. അറബ് സമൂഹം നെഞ്ചേറ്റിയ 'ശബാബ് ബൊംബ്' എന്ന ടെലിപരമ്പരയിൽ അറബ് അഭിനേതാക്കൾക്കൊപ്പം ഒരു എപ്പിസോഡിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട് റഫീഖിന്. അൽ ഒതൈം മാർക്കറ്റിെൻറ പരസ്യചിത്രത്തിലും വേഷംചെയ്തു. ഇത്രയേറെ കാലം പ്രവാസത്തിലായിരുന്നല്ലൊ. എന്തുണ്ട് സമ്പാദ്യമെന്നാണ് ചിലരുടെ ചോദ്യം?. സമ്പാദ്യമെന്നത് നോട്ടുകെട്ടുകളായി അകക്കണ്ണിൽ കാണുന്നവരാണ് നമുക്കിടയിൽ ഏറെയും. സൗഹൃദങ്ങളാണ് സമ്പാദ്യമെന്ന് റഫീഖിെൻറ മറുപടി. ഏത് പ്രതിസന്ധിഘട്ടത്തിലും ഒപ്പമുണ്ടെന്ന അവരുടെ വാക്കിനേക്കാൾ വലിയ സമ്പാദ്യം മറ്റെന്തുവേണം? അകമഴിഞ്ഞ ചിലരുടെ പുഞ്ചിരി ജീവിക്കാനുള്ള ഉൾപ്രേരണയാവുന്നു. ആർദ്രമായ വാക്കുകൾ. ഇരുപതാം വയസ്സിലാണ് ആദ്യകഥ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ. യാത്രയും സംഗീതവും സിനിമയും വായനയുമൊക്കെ ഇഷ്ടവിഷയങ്ങളാണ്. പ്രവാസത്തിലെത്തിയപ്പോഴും അക്ഷരങ്ങളെ കൈവെടിഞ്ഞില്ല. എഴുത്തിലൂടെ അംഗീകാരങ്ങളും സ്നേഹവും വന്നുചേർന്നു. സ്വദേശം കോഴിക്കോട്. പരേതനായ കുഞ്ഞലവി–നബീസ ദമ്പതികളുടെ മകൻ. ഭാര്യ: സുലൈഖ (സുലു). മക്കൾ: റഫ്സില, മുഹ്സിന (ഡിഗ്രി വിദ്യാർഥിനി), ഫർഹാൻ (ഹൈസ്കൂൾ വിദ്യാർഥി). മരുമകൻ: ജംഷീഖ് (കുവൈത്ത്). ചെറുമകൾ: ജന്ന സയാന. ഇപ്പോൾ മാങ്കാവിനടുത്ത് മാത്തറയിൽ താമസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.