ഇന്ത്യ-സൗദി സൗഹൃദത്തിന് ശ്രുതിമധുരം പകർന്ന് 'മെമ്മറീസ് ഓഫ് ലെജൻഡ്സ്'
text_fieldsറിയാദ്: ഇന്ത്യ-സൗദി സൗഹൃദത്തിന് ശ്രുതിമധുരം പകർന്ന് റിയാദിൽ ഇന്ത്യൻ എംബസിയും 'ഗൾഫ് മാധ്യമ'വും ചേർന്നൊരുക്കിയ 'മെമ്മറീസ് ഓഫ് ലെജൻഡ്സ്' അരങ്ങേറി. ഇരുരാജ്യങ്ങളും തമ്മിലെ ചരിത്രപരമായ സൗഹൃദത്തിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെയും പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സംഗീതനിശ ആസ്വദിക്കാൻ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അങ്കണത്തിലേക്ക് സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയത് പതിനായിരങ്ങൾ.
സൗദി അറേബ്യയുടെ 92ാം ദേശീയദിനമായ വെള്ളിയാഴ്ച തന്നെ അരങ്ങേറിയ പരിപാടി ആസ്വദിക്കാൻ സൗദി പൗരന്മാരുൾെപ്പടെയുള്ളവർ എത്തിച്ചേർന്നു.
വൈകീട്ട് ഏഴിന് ആരംഭിച്ച പരിപാടി ഇന്ത്യൻ എംബസി സാമൂഹികക്ഷേമ വിഭാഗം മേധാവി എം.ആർ. സജീവ് ഉദ്ഘാടനംചെയ്തു. 'ഗൾഫ് മാധ്യമം' ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. മാധ്യമം ഗ്രൂപ്പ് സി.ഇ.ഒ പി.എം. സാലിഹ്, ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷഹീം മുഹമ്മദ്, ഹോട്പാക് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് സുഹൈൽ അബ്ദുല്ല, സൗദി പോസ്റ്റ് പ്രതിനിധി ഗല, ആസ്റ്റർ സനദ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. അദ്നാൻ അൽസഹ്റാനി, ഫ്രണ്ടി മൊബൈൽ മാർക്കറ്റിങ് ഡയറക്ടർ അസീസ് അമീൻ, ഗൾഫ് മാധ്യമം ആൻഡ് മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ, ഗൾഫ് മാധ്യമം റിയാദ് രക്ഷാധികാരി താജുദ്ദീൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
തുടർന്ന് സെലിബ്രിറ്റി ഗായകൻ പവൻദീപ് രാജന്റെ നേതൃത്വത്തിൽ സംഗീതനിശ അരങ്ങേറി. പ്രശസ്ത ഗായിക യുംന അജിനും പാടി. ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസ ഗായകരായ മുഹമ്മദ് റഫി, ലതാ മങ്കേഷ്കർ, കിഷോർ കുമാർ എന്നിവർ പാടി അനശ്വരമാക്കിയതും കലാസ്വാദകരുടെ ഹൃദയങ്ങളിൽ പാടിപ്പതിഞ്ഞതും സഹൃദയർ ഏറ്റെടുത്തതുമായ പ്രശസ്ത ഗാനങ്ങളാണ് ആലപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.