ഓർമകളുടെ ഓണം
text_fieldsസൗദിയിലെ പ്രവാസി മലയാളികളുടെ രചനകൾ (ലേഖനം, അനുഭവക്കുറിപ്പുകൾ, കവിത, ചെറുകഥ, വരകൾ, യാത്രാവിവരണം തുടങ്ങിയവ) പ്രസിദ്ധീകരിക്കുന്നതിനുള്ള ഇടമാണ് ആർട്സ് ക്ലബ്. രചനകൾ അയക്കേണ്ട വിലാസം: saudiinbox@gulfmadhyamam.net
തറവാട്ടിലെ ഓണനാളുകളുടെ ഓർമയിൽ എപ്പോഴും ഞാൻ യാത്ര ചെയ്യാറുണ്ട്. മധുരമുള്ള ഓർമകൾ. തറവാട്ടിൽ അമ്മച്ഛനും അമ്മമ്മയും ഉണ്ടായിരുന്ന ഓണനാളുകൾ. ഇന്ന് അവർ ഞങ്ങളോടൊപ്പമില്ല. മധുരമുള്ള ഓർമകൾ സമ്മാനിച്ച് അവർ യാത്രയായിക്കഴിഞ്ഞിരിക്കുന്നു.
അത്തം തൊട്ട് തുടങ്ങുന്ന ആഘോഷം. ഓണക്കോടി എടുക്കലും നേന്ത്രക്കുല വാങ്ങലും കായ വറുക്കലും അങ്ങനെ ആകെ ബഹളമായിരുന്നു തറവാട്ടിൽ. അമ്മച്ഛന്റെ നേതൃത്വത്തിലായിരുന്നു കുല വാങ്ങലും മറ്റും. ഓണത്തിന് ഒരു വീട്ടിലേക്ക് നേന്ത്രക്കുല വാങ്ങി വരുമ്പോൾ നാട്ടുകാരെല്ലാം കൂടി ആർപ്പുവിളികളോടെയാണ് എതിരേറ്റിരുന്നതെന്ന് അമ്മച്ഛൻ പറയാറുണ്ട്.
വാങ്ങിയ കുലകളിൽനിന്ന് ഒന്നെടുത്ത് പത്തായത്തിൽ കൊണ്ടുപോയി പഴുപ്പിക്കാൻ വെക്കും. ആ ജോലി അച്ഛന്റേതായിയുന്നു. ബാക്കിയുള്ള കുലകൾ അമ്മമ്മയുടെ നേതൃത്വത്തിൽ, അച്ഛനും അമ്മയും മേമയും അമ്മായിയും അങ്ങനെ തറവാട്ടിലെ മറ്റ് പെൺപടകളുംകൂടി അരിഞ്ഞ് കായ വറുത്തതും ശരക്കരയുപ്പേരിയും ഉണ്ടാക്കും.
എനിക്ക് പ്രിയം ശർക്കരയുപ്പേരിയോടായിരുന്നു. പിന്നെ പുളിയും ശർക്കരയുമൊക്കെ ചേർത്ത് ഉണ്ടാക്കുന്ന പുളിയിഞ്ചി. തിരുവോണത്തിന് രണ്ടുദിവസം മുന്നേ തന്നെ അമ്മമ്മ ഒരു ചെറിയ മൺകലത്തിൽ പുളിയിഞ്ചി ഉണ്ടാക്കിവെക്കും. ആ മധുരം എപ്പോഴും ഞങ്ങളുടെയെല്ലാം നാവിൻതുമ്പിലുണ്ട്.
ചെറുതാണെങ്കിലും ഞങ്ങൾ എന്നും മുറ്റത്ത് പൂക്കളം ഒരുക്കുമായിരുന്നു. ചുറ്റുവട്ടത്തുനിന്ന് കിട്ടുന്ന ചെമ്പരത്തിയും തെച്ചിയും പിന്നെ ഇലകളുമൊക്കെ വെച്ചായിരുന്നു ഞങ്ങളുടെ പൂക്കളം. ആ നാളുകളിൽ തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്ന ചുമതല എനിക്കും അനിയനും ആയിരുന്നു. ഒരു ചെറിയ കൈക്കോട്ടും ചെറിയ കുട്ടയുമായി ഞങ്ങൾ പറമ്പിലേക്കിറങ്ങും. നല്ല ചുവന്ന മണ്ണ് നോക്കി കുട്ടയിലാക്കും.
മണ്ണ് കൊണ്ടുപോയി മുറ്റത്ത് ഒരു മൂലയിൽ കൂട്ടിയിടും. ഏകദേശം മൂന്നു കുട്ട മണ്ണ് ഉണ്ടാകും. പിന്നീട് ആ മണ്ണ് വെള്ളത്തിൽ കുഴച്ച്, മുറ്റത്ത് ഒരു പലകയിട്ട് അതിൽവെച്ച് ഉരുട്ടിയെടുത്താണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കിയിരുന്നത്. ചെറുതും വലുതുമായി പത്തിലേറെ തൃക്കാക്കരയപ്പനെ ഞങ്ങൾ ഉണ്ടാക്കിയെടുക്കും.
ഉത്രാടനാളിൽ രാവിലെ അമ്മമ്മ മുറ്റത്ത് അരിമാവുകൊണ്ട് കോലം വരച്ച്, ആ കോലത്തിൽ ഒരു നാക്കിലയും വെച്ച് അതിലാണ് തൃക്കാക്കരയപ്പനെ വെക്കാറുള്ളത്. ചുറ്റിലും പൂക്കളും ഉണ്ടാകും. അന്നേ ദിവസം അമ്മമ്മ തൃക്കാക്കരയപ്പന് നിവേദ്യമായി അടയും പഴം നുറുക്കും എല്ലാം ഉണ്ടാക്കിയിരുന്നു.
തിരുവോണ നാളിൽ പ്രഭാതഭക്ഷണം പഴം നുറുക്കും പപ്പടവുമാണ്. അമ്മച്ഛന് വലിയ ഇഷ്ടമായിരുന്നു പഴം നുറുക്ക്. ഞാനാണെങ്കിൽ പഴം നുറുക്കിനേക്കാൾ കൂടുതൽ പപ്പടത്തെ ഇഷ്ടപ്പെട്ടിരുന്നു. അന്ന് തറവാട്ടിൽ എല്ലാവരും കൂടിയുള്ള പാചകമാണ്. കാളൻ, ഓലൻ, സാമ്പാർ, അവിയൽ, ഉപ്പേരി, ഇഞ്ചിത്തൈര് എന്നുവേണ്ട എല്ലാ വിഭവങ്ങളും ഉണ്ടാകും. പായസം ഉണ്ടാക്കൽ അച്ഛനാണ്. ചക്കപ്രഥമൻ, പഴപ്രഥമൻ, അടപ്രഥമൻ അങ്ങനെ എല്ലാവിധ പായസങ്ങളും അച്ഛൻ നന്നായി ഉണ്ടാക്കും. മിക്കവാറും അന്നൊക്കെ തിരുവോണ നാളിൽ ചക്കപ്രഥമൻ ആണ് ഉണ്ടാക്കുക.
അതിനൊക്കെയുള്ള ചക്ക, അമ്മമ്മ ചക്കക്കാലം ആകുമ്പോൾ തന്നെ വരട്ടിവെച്ചിട്ടുണ്ടാകും. അങ്ങനെ വരട്ടിവെച്ച ചക്കയും തേങ്ങാപ്പാലും തേങ്ങാക്കൊത്തും ഒക്കെ ചേർത്താണ് പായസം ഉണ്ടാക്കിയിരുന്നത്. എനിക്ക് പായസത്തിൽ പാലട പ്രഥമനോടാണ് താൽപര്യമെങ്കിലും അതിലെ തേങ്ങാക്കൊത്ത് വലിയ ഇഷ്ടമാണ്.
ഊണിനുള്ള സമയമാകുമ്പോഴേക്കും ഞങ്ങൾ പറമ്പിലെ വാഴത്തോട്ടത്തിൽ പോയി ഇല വെട്ടി കൊണ്ടുവരും. അത് തറവാട്ടിലെ പെൺപടകൾക്ക് കൈമാറും. അവരത് സൊറപറച്ചിലിനിടയിൽ വൃത്തിയാക്കും. പിന്നീട് തറവാട്ടിലെ തളത്തിൽ ഞങ്ങളെല്ലാവരും നിരന്നിരിക്കും. ഇലകളിൽ കാളൻ, ഓലൻ, അവിയൽ, ഉപ്പേരി, അച്ചാർ, പപ്പടം അങ്ങനെ എല്ലാ വിഭവങ്ങളും നിറയും. കറികളിൽ ഞാൻ തിരഞ്ഞത് ഓലൻ ആയിരുന്നു.
അങ്ങനെ ഓണസദ്യയും കഴിഞ്ഞ്, പായസവും കുടിച്ചുകഴിയുമ്പോഴേക്കും ഓണം പകുതിയാകും. പിന്നെ എല്ലാവരും വിരുന്ന് പോകാനുള്ള തിരക്കിലാകും. മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാം യാത്രപറഞ്ഞിറങ്ങുമ്പോൾ, തറവാട്ടിൽ അമ്മച്ഛനും അമ്മമ്മയും തനിച്ചായിരുന്നു. ഇന്നും മക്കളെയും മരുമക്കളെയും പേരക്കുട്ടികളെയും വരവേൽക്കാനായി തറവാട്ടിൽ എവിടെയോ അവർ രണ്ടുപേരും പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.