മെസ്സിയും കുടുംബവും റിയാദ് ദിരിയയിലെ ചരിത്ര പ്രസിദ്ധമായ അൽ തുറൈഫ് സന്ദർശിച്ചു
text_fieldsറിയാദ്: അർജന്റീനിയൻ അന്താരാഷ്ട്ര ഫുട്ബാൾ താരം ലയണൽ മെസ്സിയും കുടുംബവും ചൊവ്വാഴ്ച റിയാദിലെ ദിരിയയിലെ ചരിത്ര പ്രസിദ്ധമായ അൽ-തുറൈഫ് പരിസരത്ത് പര്യടനം നടത്തി. 2022 ഖത്തറിൽ ഫിഫ ലോകകപ്പ് നേടിയ അർജന്റീനിയൻ ദേശീയ ടീമിന്റെ ക്യാപ്റ്റനും സൗദി അറേബ്യയുടെ ടൂറിസം അംബാസഡറുമായ മെസ്സി തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് സൗദിയിലെത്തിയത്.
ചരിത്ര നഗരമായ ദിരിയ സന്ദർശിച്ച കുടുംബം പ്രശസ്തമായ അൽ തുറൈഫ് പരിസരത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തു. മെസ്സിയും ഭാര്യ അന്റോണേല റൊക്കൂസോയും മക്കളായ മാറ്റെയോയും സിറോയും തങ്ങളുടെ അവധിക്കാലം അസ്വദിക്കാൻ സൗദിയിലെത്തിയ ആദ്യ ദിവസം തന്നെ റിയാദ് നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ഒരു ആധികാരിക സൗദി ഫാം സന്ദർശിച്ചിരുന്നു.
സൗദിയിലെ സമൃദ്ധിയുടെ പ്രതീകമായ ഈന്ത് മരങ്ങളുടെ പശ്ചാത്തലത്തിൽ അവർ ഈന്തപ്പന നെയ്ത്ത് പ്രകടനവും കണ്ടു ആസ്വദിച്ചിരുന്നു. ഫാമിലുണ്ടായിരുന്ന അറേബ്യൻ മാനുകളോടൊപ്പം കളിക്കുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്‌തു കൊണ്ട് കുടുംബം ആദ്യ ദിനം ചെലവഴിച്ചു. അതിന് ശേഷമാണ് മെസ്സിയും കുടുംബവും ദിരിയയിലെ ചരിത്രപ്രസിദ്ധമായ അൽ തുറൈഫ് സന്ദർശിച്ചത്.
സൗദി അറേബ്യൻ ടൂറിസം അംബാസഡറായ മെസി രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കുടുംബത്തോടൊപ്പം തലസ്ഥാനമായ റിയാദിലെത്തിയിരിക്കുന്നത്. ഇതേ ആവശ്യത്തിനായുള്ള മെസിയുടെ രണ്ടാമത്തെ സന്ദർശനമാണിത്. കഴിഞ്ഞ വർഷത്തെ തന്റെ ആദ്യ സന്ദർശന വേളയിൽ മെസി ചരിത്രപ്രധാനമായ ജിദ്ദയിൽ പര്യടനം നടത്തുകയും ചെങ്കടൽ തീരത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. മെസ്സിയുടെയും കുടുംബത്തിന്റെയും സൗദി സന്ദർശനത്തെ സ്വാഗതം ചെയ്ത് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.