മെസ്സി-റൊണാൾഡോ മത്സരത്തിന് റിയാദിൽ വേദിയൊരുങ്ങും
text_fieldsജിദ്ദ: തീപാറും മെസ്സി-റൊണാൾഡോ പോരാട്ടത്തിന് വേദിയൊരുക്കാൻ റിയാദ്. ലയണൽ മെസ്സിയുടെ ഇന്റർ മിയാമിയും പ്രമുഖ സൗദി ക്ലബുകളായ അൽഹിലാൽ, അൽനസ്ർ ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരം ഫെബ്രുവരിയിൽ റിയാദിൽ നടക്കും.
റിയാദ് സീസൺ കപ്പ് മത്സരങ്ങളുടെ ഭാഗമായാണ് മത്സരം. ലീഗ് സമ്പ്രദായം അനുസരിച്ചായിരിക്കും മത്സരങ്ങൾ. ഫെബ്രുവരി ആദ്യ ആഴ്ചയിൽ റിയാദ് സീസണിന്റെ നാലാം പതിപ്പിനോടനുബന്ധിച്ച് ഈയിടെ ഉദ്ഘാടനംചെയ്ത കിങ്ഡം അരീനയിലാണ് മത്സരങ്ങൾ നടക്കുക. ദ ലാസ്റ്റ് ഡാൻസ് എന്ന പേരിലാണ് റിയാദ് സീസൺ കപ്പ് ടൂർണമെൻറ് നടക്കുന്നത്.
അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയുമായി ധാരണയിലെത്തിയ ഉടനെയാണ് ടൂർണമെന്റ് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇന്റർ മിയാമി ക്ലബ് സൗദിയിലെത്തുന്നതിനെ പൊതുവിനോദ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് സ്വാഗതംചെയ്തു. അൽനസ്ർ ക്ലബിലെ പോർചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, അൽഹിലാലിലെ സെർബിയൻ താരം അലക്സാണ്ടർ മിട്രോവിച്, ഏഷ്യയിലെ ഏറ്റവും മികച്ച കളിക്കാരനായ ക്യാപ്റ്റൻ സാലിം അൽദോസരി എന്നിവർ മത്സരക്കളത്തിലുണ്ടാകും.
അന്താരാഷ്ട്ര താരങ്ങളുള്ള മൂന്നു ക്ലബുകളുടെ പേരുകളിലൂടെ ഈ മത്സരം ആഗോള ശ്രദ്ധപിടിച്ചുപറ്റുമെന്ന് പൊതുവിനോദ അതോറിറ്റി ചെയർമാൻ പറഞ്ഞു. റിയാദ് സീസൺ സന്ദർശകർക്കും ലോകത്തിനുമായി അവതരിപ്പിക്കുന്ന പ്രധാന ആഗോള പരിപാടികളുടെ ഭാഗമാണ് ടൂർണമെന്റ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.