ലയണൽ മെസ്സിയുടെ സൗദി സന്ദർശനം; സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി
text_fieldsജിദ്ദ: അർജന്റീന ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി സൗദിയിലെത്തി. സൗദി ടൂറിസം അംബാസഡറായ മെസ്സി രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കുടുംബത്തോടൊപ്പം തലസ്ഥാനമായ റിയാദിലെത്തിയത്. ഇതേ ആവശ്യത്തിനായുള്ള മെസ്സിയുടെ രണ്ടാം സന്ദർശനമാണിത്. സന്ദർശനം രണ്ട് ദിവസം നീളും. സൗദി ടൂറിസത്തിന്റെ അംബാസഡറാകാൻ ടൂറിസം മന്ത്രാലയവുമായി മാസങ്ങൾക്ക് മുമ്പാണ് മെസ്സി കരാറിൽ ഒപ്പിട്ടത്. അതോടൊപ്പം മെസ്സി സൗദി ലീഗിലേക്ക് മാറാൻ പോകുകയാണെന്നും അൽ ഹിലാൽ ക്ലബിൽ ചേരുകയാണെന്നുമുള്ള വാർത്തകളും അടുത്തിടെ പ്രചരിച്ചിരുന്നു.
ലയണൽ മെസ്സിയുടെയും കുടുംബത്തിന്റെയും സൗദി സന്ദർശനത്തെ സൗദി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് സ്വാഗതം ചെയ്തു. സൗദി ടൂറിസം അംബാസഡർ കൂടിയായ ലയണൽ മെസ്സിയുടെയും കുടുംബത്തിന്റെയും സൗദി അറേബ്യയിലേക്കുള്ള രണ്ടാമത്തെ വിനോദയാത്രയെ സ്വാഗതം ചെയ്യുന്നതായി ടൂറിസം മന്ത്രി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ വർഷമാണ് മെസ്സിയെ സൗദി ടൂറിസം അംബാസഡറായി മന്ത്രി പ്രഖ്യാപിച്ചത്. 2022 മേയ് മാസത്തിൽ അദ്ദേഹം സൗദി സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ ചെങ്കടലിലെ നിധികൾ സന്ദർശിക്കുകയും ജിദ്ദ സീസണിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജനുവരിയിൽ പാരിസ് ക്ലബ് പ്രതിനിധി സംഘത്തോടൊപ്പം റിയാദിലും മെസ്സി എത്തിയിരുന്നു.
സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യ പ്രചാരണത്തിൽ മെസ്സി പങ്കെടുക്കുകയും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സൗദിയിലെ പ്രകൃതിഭംഗി വെളിപ്പെടുത്തുന്ന ചിത്രം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റിൽ സൗദിയെക്കുറിച്ച് മെസ്സി കുറിച്ചത് ഇങ്ങനെയാണ്. ‘സൗദി അറേബ്യ ഇത്രയും ഹരിതാഭമായിരിക്കുമെന്ന് ആരാണ് പ്രതീക്ഷിച്ചത്?. എനിക്ക് കഴിയുമ്പോഴെല്ലാം അതിന്റെ അപ്രതീക്ഷിത അദ്ഭുതങ്ങൾ പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.