വെറും നാല് റിയാലിന് മെട്രോയിൽ റിയാദ് എയർപോർട്ടിലെത്താം
text_fieldsറിയാദ്: വെറും നാല് റിയാൽ ചെലവിൽ മെട്രോയിൽ റിയാദ് കിങ് ഖാലിദ് ഇന്റർനാഷനൽ എയർപോർട്ടിലേക്കും തിരിച്ചും യാത്ര ചെയ്യാം. റിയാദ് മെട്രോ ഓടിത്തുടങ്ങിയതോടെ സൗദി തലസ്ഥാന നഗരവാസികൾക്കും സമീപപ്രദേശങ്ങളിലുള്ളവർക്കും സന്ദർശന വിസയിലെത്തുന്നവർക്കും വിനോദ സഞ്ചാരികൾക്കുമെല്ലാം എളുപ്പമായ യാത്ര സൗകര്യങ്ങളിൽ എടുത്തുപറയേണ്ടത് എയർപോർട്ട് യാത്രയാണ്.
നഗരത്തിന്റെ ഏതു ഭാഗത്തുനിന്നും ട്രാഫിക് കുരുക്കുകളെ പേടിക്കാതെ കുറഞ്ഞ ചെലവിൽ എയർപോർട്ടിലേക്കും തിരിച്ചും യാത്ര ചെയ്യാനാവുന്നത് സ്വദേശികൾക്ക് മാത്രമല്ല പ്രവാസികൾക്കും വലിയ ആശ്വാസമാണ്. സന്ദർശന വിസയിലെത്തുന്നവർക്കും ടൂറിസ്റ്റുകൾക്കുമെല്ലാം ഇത് സൗകര്യപ്രദമാണ്. മറ്റൊരാളെയും ബുദ്ധിമുട്ടിക്കാതെ എയർപോർട്ടിൽനിന്ന് നഗരത്തിലെ ഇഷ്ടമുള്ള സ്ഥലത്തേക്കും തിരികെയും യാത്ര ചെയ്യാം.
റിയാദ് മെട്രോയുടെ പ്രധാന ഹബ്ബായ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് (കാഫ്ഡ്) സ്റ്റേഷനിൽനിന്നാണ് എയർപ്പോർട്ടിലേക്കുള്ള മഞ്ഞ ലൈൻ. എയർപ്പോർട്ടിലെ അഞ്ച് ടെർമിനലുകളെയും ബന്ധിപ്പിച്ചുകൊണ്ടാണ് ട്രെയിനോടുന്നത്. ആകെ ദൂരം വെറും 20 മിനിറ്റ്.
ബ്ലൂ, വയലറ്റ് ട്രെയിനുകൾക്കൊപ്പം യെല്ലോ ട്രെയിനും ഡിസംബർ ഒന്നു മുതലാണ് സർവിസ് ആരംഭിച്ചത്. നിലവിൽ ബ്ലൂ, വയലറ്റ് ട്രെയിനുകളിലും നഗരത്തിന്റെ മുക്കുമൂലകളിൽനിന്നുള്ള ബസുകളിലുമായി ‘കാഫ്ഡ്’ സ്റ്റേഷനിലെത്തി അവിടെനിന്ന് എയർപോർട്ടിലേക്കും തിരിച്ചും യാത്ര ചെയ്യാനാവും. ട്രെയിനൊന്ന് മാറിക്കയറേണ്ടിവരും എന്നുമാത്രം. നഗരത്തിന്റെ ഏത് മൂലയിലുംനിന്ന് പരമാവധി ഒന്നേകാൽ മണിക്കൂറിനുള്ളിൽ എയർപോർട്ടിലെ ഏത് ടെർമിനലിലും എത്തിച്ചേരാനാവും. തിരികെ തങ്ങളുടെ താമസസ്ഥലങ്ങളിലേക്കും യാത്ര എളുപ്പം. ആകെ ചെലവാകുക വെറും നാല് റിയാൽ മാത്രം. ട്രാഫിക് കുരുക്കിനെ പേടിക്കേണ്ട എന്നത് ബോണസും. സാധാരണ ഗതിയിൽ ടാക്സി ചാർജ് 70 റിയാൽ മുതൽ 160 ഉം 200 ഉം റിയാൽ വരെയാണ്. ലാഭിക്കുന്നത് ചെറിയ തുകയല്ലെന്ന് ചുരുക്കം.
ട്രെയിൻ ആദ്യമെത്തുക എയർപോർട്ടിലെ അഞ്ചാം നമ്പർ ടെർമിനലിലാണ്. അത് ഡൊമസ്റ്റിക് ടെർമിനലാണ്. രണ്ടാമത്തെ സ്റ്റേഷൻ അന്താരാഷ്ട്ര സർവിസുകൾക്കുള്ള മൂന്ന്, നാല് ടെർമിനലുകൾക്കും മൂന്നാമത്തെ സ്റ്റേഷൻ ഒന്ന്, രണ്ട് ടെർമിനലുകൾക്കും വേണ്ടിയാണ്. ഇതിൽ ആദ്യ രണ്ട് സ്റ്റേഷനുകളും തുറന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ മൂന്നാമത്തെ സ്റ്റേഷനും ഓപണാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.