ചെറുപ്പം സർഗാത്മകമാക്കാൻ ‘എം.ജി.എഫ് -24’ന് തുടക്കം
text_fieldsറിയാദ്: പുതുതലമുറയുടെ സർഗാത്മക പരിവർത്തനം ലക്ഷ്യംവെച്ച് അമീർ മുഹമ്മദ് ബിൻ സൽമാൻ ഫൗണ്ടേഷൻ (മിസ്ക്) സംഘടിപ്പിക്കുന്ന മിസ്ക് ഗ്ലോബൽ ഫോറം (എം.ജി.എഫ് -24) ദ്വിദിന സമ്മേളനത്തിന് റിയാദിൽ തുടക്കമായി. ‘യുവാക്കളാൽ യുവത്വത്തിന്’ എന്ന തലവാചകത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റിയാദ് അൽ മൽഫാ ഹാളിലെ മിസ്ക് സിറ്റിയിലാണ് ഫോറത്തിന് വേദിയൊരുങ്ങിയിട്ടുള്ളത്.
സെലിബ്രിറ്റി പ്രഭാഷകർ, സംരംഭകർ, കലാകായിക താരങ്ങൾ ഉൾപ്പെടെ ആഗോള പ്രചോദനാത്മക വ്യക്തിത്വങ്ങൾ വ്യത്യസ്ത സെഷനുകളിൽ സംസാരിക്കും. ‘ബൈ യൂത്ത് ഫോർ യൂത്ത്’ എന്ന ഈ വർഷത്തെ ശീർഷകത്തിൽ മിസ്ക് ഗ്ലോബൽ ഫോറത്തിന്റെ ലക്ഷ്യം സി.ഇ.ഒ ബദർ അൽ ബദർ സദസ്സിന് മുന്നിൽ അവതരിപ്പിച്ചു. ഭാവിയെ നയിക്കേണ്ട പുതുതലമുറ എന്ന വിഷയത്തിൽ കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രി എൻജി. അബ്ദുല്ല അൽ സവാഹ സംസാരിച്ചു.
വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകൾക്കും സർഗാത്മക സംവാദങ്ങൾക്കും എം.ജി.എഫ് വേദിയായി. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
രാത്രി പത്തോടെ ആദ്യദിന പരിപാടികൾ അവസാനിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തുടങ്ങി രാത്രി 10ന് അവസാനിക്കും. ഒന്നര ലക്ഷത്തിലധികം പേർ ഫോറത്തിൽ നേരിട്ടും ഓൺലൈനിലും സംബന്ധിക്കും.130ലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾക്ക് പുറമെ മന്ത്രിമാർ, സഹ മന്ത്രിമാർ, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ എന്നിവരും ഫോറത്തിലെത്തും.
വിദ്യാഭ്യാസം, സുസ്ഥിരത, മാനസികാരോഗ്യം, സ്പോർട്സ്, ഇ-ഗെയിമിങ്, ഇന്നൊവേഷൻ, സംരംഭകത്വം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ സമയബന്ധിതമായി സദസ്സിനെ അഭിസംബോധന ചെയ്യുക 900 പ്രഭാഷകരാണ്. ഊർജസ്വലമായ ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനും ആശയങ്ങൾ കൈമാറുന്നതിനുമായുള്ള ഫോറം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ യുവജന സമ്മേളനമാണ്.
മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കാൻ ചെറുപ്പത്തിനെ പാകപ്പെടുത്തന്ന മിസ്ക് ഗ്ലോബൽ ഫോറം കഴിഞ്ഞ വർഷം നടന്നത് ദറഇയ്യയിലെ ബുജൈരി ടെറസിലായിരുന്നു. നേരത്തേ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തവർക്കാണ് എം.ജി.എഫിൽ പങ്കെടുക്കാനുള്ള അനുമതിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.