മൈക്രോസോഫ്റ്റ് തകരാർ: സൗദിയിലും വിമാന കമ്പനികളെ ബാധിച്ചു
text_fieldsറിയാദ്: മൈക്രോസോഫ്റ്റ് വിൻഡോസ് ഓപറേറ്റിങ് സിസ്റ്റത്തിലുണ്ടായ ആഗോള സാങ്കേതിക തകരാറ് സൗദി അറേബ്യയിലെയും നിരവധി വിമാന കമ്പനികളെ ബാധിച്ചു. റിയാദിലെ കിങ് ഖാലിദ്, ദമ്മാമിലെ കിങ് ഫഹദ്, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളങ്ങളിലെ ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വിമാന കമ്പനികളുമായി ചേർന്ന് ബദൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള പദ്ധതി സജീവമാക്കിയതായി മൂന്ന് വിമാനത്താവളങ്ങളും വ്യത്യസ്ത പ്രസ്താവനകളിൽ പറഞ്ഞു.
വിമാന സർവിസുകളുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയാൻ എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാന കമ്പനികളുമായി ആശയവിനിമയം നടത്താൻ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിൻഡോസ് വഴി പ്രവർത്തിക്കുന്ന സാങ്കേതിക സംവിധാനത്തിലുണ്ടായ തകരാറ് കാരണം ലോകത്തെമ്പാടുമുള്ള നിരവധി വിമാനകമ്പനികൾ നേരിട്ട അതേ പ്രശ്നമാണ് തങ്ങളേയും ബാധിച്ചതെന്ന് ഫ്ലൈനാസ് വെളിപ്പെടുത്തി. വെബ്‌സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും സേവനങ്ങൾ മന്ദഗതിയിലായതിന് പുറമേ ചില വിമാനങ്ങളുടെ ടേക്ക്-ഓഫ് വൈകുന്നതിനും തകരാർ കാരണമായെന്ന് ഫ്ലൈനാസ് ചൂണ്ടിക്കാട്ടി.
തകരാർ പരിഹരിക്കുന്നതിനും കഴിയുന്നത്ര വേഗം പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുന്നതിന് ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിനും സേവന ദാതാവുമായും അനുബന്ധ കക്ഷികളുമായും നിലവിൽ ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഈ ആഗോള സാേങ്കതിക കുഴപ്പത്തിന് യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായും ഈ അടിയന്തര സാഹചര്യം യാത്രക്കാർ മനസിലാക്കി സഹകരിച്ചതിന് നന്ദി പറയുകയാണെന്നും ‘എക്സ്’ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത അറിയിപ്പിൽ ഫ്ലൈനാസ് അധികൃതർ പറഞ്ഞു.
സൗദി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കസ്റ്റമർ റൈറ്റ്സ് പ്രൊട്ടക്ഷൻ റഗുലേഷൻസ് അനുസരിച്ച് യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് നഷ്ടപരിഹാരം നൽകുന്നതിനും തയാറാണെന്നും കൂട്ടിച്ചേർത്തു. സാങ്കേതിക സംവിധാനത്തിലെ തകരാർ കാരണം ലോകമെമ്പാടുമുള്ള നിരവധി വിമാനകമ്പനികൾ അനുഭവിച്ച പ്രശ്നം തങ്ങളുടെ ടിക്കറ്റ് റിസർവേഷനേയും ചെക്ക്-ഇൻ സേവനങ്ങളെയും ബാധിച്ചതായി മറ്റൊരു സൗദി വിമാനകമ്പനിയായ ഫ്ലൈഅദീൽ പറഞ്ഞു.
തകരാറിൽ ക്ഷമാപണം നടത്തുന്നുവെന്നും വ്യക്തമാക്കി. അതേസമയം, ഇൻറർനെറ്റിലെ തടസ്സത്തിന്‍റെ ഫലമായി ആഗോള ആശയവിനിമയ പ്രശ്‌നം ഉണ്ടായേക്കാമെന്ന് ഓപ്പറേറ്റിങ് കമ്പനികളും അനുബന്ധ സ്ഥാപനങ്ങളും വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
തങ്ങളെ ബാധിച്ചിട്ടില്ലെന്ന് സൗദി എയർലൈൻസ്
റിയാദ്: ലോകമെമ്പാടും വ്യോമയാന മേഖലയിൽ നേരിട്ട വിൻഡോസ് സിസ്റ്റത്തിലെ തകരാറ് തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് സൗദി എയർലൈൻസ് (സൗദിയ) അറിയിച്ചു. തങ്ങളുടെ ഫ്ലൈറ്റ് ഷെഡ്യൂളുകൾ എല്ലാം സാധാരണ നിലയിലാണ്. നല്ല നിലയിൽ പ്രവർത്തിക്കുകയാണെന്നും ‘എക്സി’ൽ സൗദി എയർലൈൻസ് ട്വീറ്റ് ചെയ്തു. സന്ദേശങ്ങളിലൂടെയും ഇ-മെയിലിലൂടെയും ഉപഭോക്താക്കൾക്ക് ഫ്ലൈറ്റ് അപ്‌ഡേറ്റുകൾ നൽകുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.