സർക്കിൾ കാർബൺ സമ്പദ്‌വ്യവസ്ഥക്കായി സഹകരണ പ്ലാറ്റ്ഫോം സ്ഥാപിക്കും - സൗദി കിരീടാവകാശി
text_fieldsജിദ്ദ: സർക്കിൾ കാർബൺ സമ്പദ്‌വ്യവസ്ഥ എന്ന ആശയം നടപ്പിലാക്കുന്നതിനായി സഹകരണ പ്ലാറ്റ്ഫോം സ്ഥാപിക്കുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. റിയാദിൽ ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനിഷ്യേറ്റീവ് ഉച്ചകോടിയുടെ ഉദ്ഘാടന വേളയിലാണ് കിരീടാവകാശി ഇക്കാര്യം പ്രഖ്യാപിച്ചത്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുമുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കാനും മേഖലയിലെ കാർബൺ ഉദ്‌വമനം കുറയ്ക്കാനും ഒരു റോഡ് മാപ്പ് സജ്ജീകരിക്കാനാണ് ഇങ്ങനെയൊരു ഉച്ചകോടി വിളിച്ചുകൂട്ടിയതെന്ന് കിരീടാവകാശി പറഞ്ഞു.
മേഖലയിൽ 50 ബില്ല്യൺ മരങ്ങൾ നട്ടുപിടിപ്പിപ്പിച്ചുള്ള വനവൽക്കരണ പദ്ധതി നടപ്പിലാക്കുന്നതിനുമാണ്. ഈ മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രാപ്തമാക്കുന്നതിനായി പ്രാദേശിക മാർഗരേഖയും പ്രവർത്തന രീതിശാസ്ത്രവും വികസിപ്പിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മേഖലക്കായി ഒരു പുതിയ ഹരിത യുഗം ഇവിടെ ആരംഭിക്കുകയാണ്. അതിനെ നയിക്കുകയും അതിെൻറ ഫലങ്ങൾ ഒരുമിച്ച് കൊയ്യുകയും ചെയ്യുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
ഉൗർജ്ജ വിപണികൾ വികസിപ്പിക്കുന്നതിൽ രാജ്യത്തിെൻറ നിസ്തുല പങ്കിെൻറ വിപുലീകരണമെന്ന നിലയിൽ, മേഖലയിലെ കാർബൺ സർക്കുലർ ഇക്കോണമി ടെക്നോളജികൾക്കുള്ള പരിഹാരങ്ങൾക്ക് ഒരു നിക്ഷേപ ഫണ്ട് സ്ഥാപിക്കാൻ പ്രവർത്തിക്കും. കൂടാതെ ലോകത്തിലെ 750 ദശലക്ഷത്തിലധികം ആളുകൾക്ക് ശുദ്ധമായ ഇന്ധന പരിഹാരങ്ങൾ നൽകാൻ സഹായിക്കുന്ന ഒരു ആഗോള സംരംഭവും നടപ്പിലാക്കും. രണ്ട് സംരംഭങ്ങളുടെയും മൊത്തം നിക്ഷേപം 39 ബില്യൺ റിയാലായിരിക്കും. സൗദി അറേബ്യ അതിൽ 15 ശതമാനം സംഭാവന ചെയ്യും. ഈ സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിനും നടപ്പാക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യുന്നതിന് വിവിധ രാജ്യങ്ങളുമായും പ്രാദേശിക, അന്തർദ്ദേശീയ വികസന ഫണ്ടുകളുമായും പ്രവർത്തിക്കും.
ഭാവിയിൽ ഉച്ചകോടിയുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഗ്രീൻ ഇനിഷ്യേറ്റീവ് ഫൗണ്ടേഷൻ എന്ന ഒരു സംഘടന സ്ഥാപിക്കും. ഇത് ലാഭേഛയില്ലാതെ പ്രവർത്തിക്കുന്നതായിരിക്കും. കൂടാതെ ക്ലൗഡ് സീഡിങിന് പ്രാദേശിക കേന്ദ്രം, ഫിഷറീസ് സമ്പത്ത് സുസ്ഥിര വികസന കേന്ദ്രം, കൊടുങ്കാറ്റുകൾ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതിന് പ്രാദേശിക കേന്ദ്രം എന്നിവയും സ്ഥാപിക്കും. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും ഈ കേന്ദ്രങ്ങളും പരിപാടികളും വലിയ പങ്കുവഹിക്കും. കാർബണിെൻറ സർക്കിൾ സമ്പദ്‌വ്യവസ്ഥ എന്ന ആശയം നടപ്പിലാക്കുന്നതിന് സഹകരണ പ്ലാറ്റ്ഫോം സ്ഥാപിക്കേണ്ടതിെൻറയും മേഖലയിലെ കാലാവസ്ഥാ പ്രവർത്തന സംവിധാനത്തിലെ വിടവുകൾ കൈകാര്യം ചെയ്യേണ്ടതിെൻറയും പ്രധാന്യവും അനിവാര്യതയും കിരീടാവകാശി ഉച്ചകോടിയിൽ ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച വൈകുന്നേരമാണ് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ തലസ്ഥാന നഗരിയായ റിയാദിൽ ഗ്രീൻ മിഡിൽ ഈസ്റ്റ് ഉച്ചകോടി ആരംഭിച്ചത്. വിവിധ രാഷ്ട്ര തലവന്മാരും പ്രതിനിധികളും ഉച്ചക്കോടിയിൽ പെങ്കടുത്തു. ഞായറാഴ്ച വൈകുന്നേരം മുതൽ ഉച്ചകോടിയിൽ പങ്കെടുക്കുന്നതായി രാഷ്ട്രതലവന്മാരുടെയും പ്രതിനിധികളുടെ വരവ് തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.