മധ്യപൂർവേഷ്യൻ ഹരിതവത്കരണ സംരംഭം; കൂട്ടായ്മയിൽ 11 പുതിയ രാജ്യങ്ങൾ കൂടി
text_fieldsറിയാദ്: പരിസ്ഥിതി സംരക്ഷണത്തിനും സസ്യങ്ങൾ വികസിപ്പിക്കുന്നതിനുമായി സംയുക്ത പ്രാദേശിക പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതിെൻറ പ്രാധാന്യം ഊന്നിപ്പറഞ്ഞ് സൗദി അറേബ്യ.
29 രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പങ്കാളിത്തത്തിൽ ജിദ്ദയിൽ നടന്ന ഗ്രീൻ മിഡിലീസ്റ്റ് ഇനീഷ്യേറ്റിവ് (മധ്യപൂർവേഷ്യൻ ഹരിതവത്കരണ സംരംഭം) മന്ത്രിതല സമിതിയുടെ യോഗത്തിലാണ് സൗദി അറേബ്യയുടെ നിലപാട് പരിസ്ഥിതി- ജല- കൃഷി മന്ത്രി എൻജി. അബ്ദുറഹ്മാൻ ബിൻ അബ്ദുൽ മുഹ്സിൻ അൽഫദ്ലി വ്യക്തമാക്കിയത്.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും മരുഭൂവത്കരണം, വരൾച്ച, കാലാവസ്ഥ വ്യതിയാനം എന്നിവയുടെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഗ്രീൻ മിഡിലീസ്റ്റ് ഇനീഷ്യേറ്റിവ് എന്നും മന്ത്രി സൂചിപ്പിച്ചു.
ഭക്ഷ്യ-ജല സുരക്ഷ വർധിപ്പിക്കുക, ജൈവ വൈവിധ്യം സംരക്ഷിക്കുക, ആവാസവ്യവസ്ഥയെ സംരക്ഷിക്കുക, കാലാവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെടൽ കൈവരിക്കുക എന്നിവയിൽ ഇത് ക്രിയാത്മകമായി പ്രതിഫലിക്കും.
2021ൽ കിരീടാവകാശി ആരംഭിച്ച ഈ സംരംഭം ഇത്തരത്തിലുള്ള ആദ്യത്തെ പ്രാദേശിക സഖ്യമാണ്. മധ്യപൂർവേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും കാലാവസ്ഥ വ്യതിയാനത്തിെൻറ ആഘാതങ്ങൾ കുറക്കാൻ ഇത് ലക്ഷ്യമിടുന്നു.
മരുഭൂവത്കരണവും വരൾച്ചയും ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നാണ് മധ്യപൂർവേഷ്യ. പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാൻ സംയുക്ത പ്രവർത്തനം ഇരട്ടിയാക്കേണ്ടതുണ്ട്. ഈ സംരംഭത്തിലേക്ക് 11 പുതിയ രാജ്യങ്ങൾ അംഗങ്ങളായി ചേർന്നതിനെ മന്ത്രി സ്വാഗതം ചെയ്തു.
സംരംഭത്തിെൻറ അഭിലാഷ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകുന്നതിൽ ഈ രാജ്യങ്ങൾ വഹിക്കുന്ന പ്രധാന പങ്ക് മന്ത്രി പറഞ്ഞു. മറ്റ് പ്രാദേശിക രാജ്യങ്ങളോടും ഈ സംരംഭത്തിൽ പങ്കുചേരാൻ മന്ത്രി ആഹ്വാനം ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.