ദേശാടനപ്പക്ഷികൾ കൂടുകൂട്ടും അസീറിലെ മലനിരകൾ
text_fieldsഅസീർ: ദൂരദിക്കുകളിൽനിന്ന് വിരുന്നെത്തുന്ന ദേശാടനപ്പക്ഷികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് സൗദിയുടെ തെക്കൻ പ്രവിശ്യയായ അസീറിലെ മലനിരകളും പച്ചതാഴ്വാരങ്ങളും. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായതിനാൽ വന്നാൽ പിന്നെ മടങ്ങാൻ മടിക്കുകയാണ് ദേശാന്തരം നടത്തുന്ന പക്ഷികൾ.
അത്യപൂർവയിനങ്ങളടക്കം ഇത്തരത്തിൽ നൂറുകണക്കിന് പക്ഷികളുടെ പറുദീസയായി ഇവിടം മാറിയിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിലെ മരങ്ങളിൽ കൂടുണ്ടാക്കി ജീവിക്കുന്ന 86-ഇനം പക്ഷികൾ പ്രദേശത്തുനിന്ന് കണ്ടെത്തിയിട്ടുള്ളതായി അരാംകോ 2021ൽ പ്രസിദ്ധീകരിച്ച ‘സൗദിയിലെ പക്ഷികൾ’ എന്ന പുസ്തകത്തിൽ പറയുന്നു.
ഇങ്ങനെ വിരുന്നെത്തി കൂടിയവയിൽ ലോകത്തിലെ തന്നെ അപൂർവ പക്ഷികളുമുണ്ടെന്ന് നിരീക്ഷകർ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിെൻറ പടിഞ്ഞാറ്, കിഴക്ക് ദിക്കുകളിൽ നിന്നുള്ള വ്യത്യസ്തയിനം ദേശാടനപ്പക്ഷികൾ വർഷത്തിലെ ചില സീസണുകളിൽ മാത്രം ഇവിടെയെത്തി മടങ്ങുന്ന പതിവുമുണ്ട്.
തദ്ദേശീയവും ഇങ്ങനെ വിരുന്നെത്തുന്നതുമായ പക്ഷികളുടെ കളകൂജനങ്ങളാൽ മുഖരിതമാണ് പ്രദേശമാകെ. നല്ല സംഗീതം പൊഴിക്കുന്ന കിളികളുമുണ്ട് കൂട്ടത്തിൽ. ഒരു ഗായകസംഘത്തെ പോലെ കൂട്ടം ചേർന്ന് മധുരശബ്ദം പൊഴിച്ച് മേഖലയെ ആകെ സംഗീതസാന്ദ്രമാക്കി മാറ്റുന്ന പക്ഷിപ്പറ്റങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.
അസീർ പർവതമേഖല പൊതുവെ ഈർപ്പമുള്ളതും തണുപ്പുള്ളതുമാണ്. 2,000ത്തിലധികം വിവിധ ഇനങ്ങളിലുള്ള സസ്യങ്ങൾ മേഖലയിൽ തഴച്ചുവളരുന്നു. ചേക്കേറാൻ ഇടതൂർന്ന മരങ്ങളും ആവശ്യത്തിന് അന്നമുള്ളതും ദേശാടനപ്പക്ഷികളെയടക്കം ഇങ്ങോട്ട് ആകർഷിക്കുന്നത്.
കൂടൊരുക്കാനും സുരക്ഷിതമായി പ്രജനനം നടത്താനും പറ്റുന്ന ‘ജൂനൈപ്പർ’ എന്നയിനം മരങ്ങളും പ്രദേശത്ത് സുലഭമായി ഉണ്ട്. മരങ്ങളുടെ വൈവിധ്യവും നല്ല കാലാവസ്ഥയും മാത്രമല്ല, പർവതങ്ങളിൽ നിന്ന് പീഠഭൂമികളിലേക്കും സമതലങ്ങളിലേക്കും തീരങ്ങളിലേക്കും മാറിമാറി പറന്ന് സ്വൈരവിഹാരം നടത്താൻ പറ്റുന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകളുമാണ് പക്ഷികൾക്ക് ഇവിടം സ്വർഗമാകാനുള്ള കാരണങ്ങളെന്ന് പ്രശസ്ത സൗദി പക്ഷിനിരീക്ഷകനും ഡോക്യുമെന്ററി സംവിധായകനുമായ അഹമ്മദ് നിയാസ് പറഞ്ഞു.
100 ഇനം പക്ഷിവർഗങ്ങളെ മേഖലയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പക്ഷി നിരീക്ഷകർ പറയുന്നു. ഇവിടെയുള്ള ‘അസീർ മാഗ്പൈ’ എന്ന പക്ഷി വംശനാശഭീഷണിയിലാണുത്രേ.
അറേബ്യൻ മാഗ്പൈ എന്ന പേരിലും അറിയപ്പെടുന്ന ഈ പക്ഷി അസീർ മേഖലയിൽ മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള സീസണിലാണ് ദേശാടനപ്പക്ഷികളുടെ വരവ് സാധാരണ കാണപ്പെടുന്നത്.
സൗദിയുടെ ആകാശത്തൂടെ പ്രതിവർഷം 50 കോടി ദേശാടന പക്ഷികൾ സഞ്ചാരം നടത്തുന്നതായി രാജ്യത്തെ പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയം നേരത്തേ വെളിപ്പെടുത്തിയിരുന്നു. ചെങ്കടൽ തീരങ്ങൾ ഇൗ പക്ഷികളുടെ സാമ്രാജ്യം തന്നെയായി മാറുന്നത് സർവസാധാരണയാണ്.
പകൽ നേരങ്ങളിൽ ജലാശയങ്ങളിലും ചതുപ്പു നിലങ്ങളിലും ഇരതേടുകയും സന്ധ്യയാകുന്നതോടെ സമീപത്തെ കണ്ടൽക്കാടുകളിൽ ചേക്കേറുകയും ചെയ്യുന്നു. പച്ചപുതച്ച മരുഭൂമലനിരകളിലും താഴ്വരകളിലും ദേശാടനപ്പക്ഷികളുടെ സ്വൈരവിഹാരം മനോഹര കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.