മിലാഫ് കോള വൻ തരംഗം സൃഷ്ടിക്കുന്നു
text_fieldsറിയാദ്: സൗദി അറേബ്യയുടെ സ്വന്തം ശീതളപാനീയമായി വിപണിയിലെത്തിയ ‘മിലാഫ് കോള’ വൻ തരംഗമാകുന്നു. ഈത്തപ്പഴം അടിസ്ഥാന ഘടകമായി ഉൽപാദിപ്പിക്കപ്പെടുന്ന ആദ്യത്തെ ശീതള പാനീയം എന്ന രീതിയിലാണ് മിലാഫ് കോള അവതരിപ്പിക്കപ്പെട്ടത്. കൊക്കകോള, പെപ്സി തുടങ്ങിയ ആഗോള ഭീമന്മാർക്ക് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന പാനീയം ഈത്തപ്പഴത്തിൽ നിന്നുൽപാദിപ്പിക്കപ്പെടുന്ന കോള എന്ന രീതിയിലും ശ്രദ്ധയാകർഷിക്കുന്നുണ്ട്.
പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനുകീഴിലുള്ള സ്ഥാപനമായ ‘അൽ മദീന ഹെറിറ്റേജ് കമ്പനി’യുടെ ഗവേഷണങ്ങളുടെ ഫലമായാണ് മിലാഫ് കോള വിപണിയിലെത്തിയിരിക്കുന്നത്. ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിലാഫ് എന്ന കമ്പനിയുടെ വിവിധ ഈത്തപ്പഴ ഉൽപന്നങ്ങളിലൊന്നാണ് പുതിയ കോള. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ബഹുമാനിക്കുന്ന രീതിയിൽ ഈ ഉൽപന്നങ്ങൾ മിലാഫ് ലോകമൊട്ടാകെ എത്തിക്കുന്നതിൽ സമർപ്പിതമായ പ്രവർത്തനമാണ് നടത്തിവരുന്നത്. സൗദി സംസ്കാരം പ്രതിധ്വനിക്കുന്ന ഒരു ബ്രാൻഡ് വളർത്തിയെടുക്കുന്നതിനൊപ്പം ഉയർന്ന നിലവാരമുള്ളതും പശ്ചിമേഷ്യൻ രുചി മുൻഗണനകളോടുള്ള പ്രതിബദ്ധതയുമുള്ളതുമായ പാനീയങ്ങൾ വിതരണം ചെയ്യുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. അത്യാധുനിക ഉൽപാദന സൗകര്യങ്ങളാണ് പുതിയ കോളയുടെ നിർമാണത്തിനായി ഒരുക്കുന്നത്.
പ്രാദേശിക രുചിഭേദങ്ങളെ ആകർഷിക്കാൻ രൂപകൽപന ചെയ്ത മിലാഫ് കോള മുന്തിയ ഈത്തപ്പഴം, കാർബണേറ്റഡ് വെള്ളം, പഞ്ചസാര, കാരമൽ, പ്രകൃതിദത്തവും കൃത്രിമവുമായ സുഗന്ധങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ (എസ്.എഫ്.ഡി.എ) എല്ലാ നിയന്ത്രണങ്ങളും പാലിച്ച് ഉപഭോക്തൃ പ്രതീക്ഷകൾക്ക് അനുസൃതമായ ഗുണനിലവാരവും സുരക്ഷ മാനദണ്ഡങ്ങളും ഉറപ്പാക്കിയാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. പഞ്ചസാര രഹിത (സീറോ ഷുഗർ) കോളകൾ കൂടി ഇറക്കാനുള്ള പദ്ധതികളിലാണ് കമ്പനി.
റിയാദ്, ജിദ്ദ, ദമ്മാം എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ പ്രമുഖ സൂപ്പർമാർക്കറ്റുകൾ, റീട്ടെയിൽ ശൃംഖലകൾ, കൺവീനിയൻസ് സ്റ്റോറുകൾ എന്നിവയിലൂടെയാണ് മിലാഫ് കോള ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. വർധിച്ചുവരുന്ന ഡിജിറ്റൽ ഷോപ്പിങ് ട്രെൻഡിന് അനുസൃതമായി ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമായി വരുന്നുണ്ട്. മിലാഫ് കമ്പനി അതിന്റെ വിപുലീകരണത്തിലും നൂതനത്വത്തിലുമാണ് ലക്ഷ്യമിടുന്നത്. വൈവിധ്യമാർന്ന ഉപഭോക്തൃ വിഭാഗങ്ങളെ ആകർഷിക്കുന്നതിനായി ഷുഗർ ഫ്രീ, ഡയറ്റ്, വാനില, ചെറി തുടങ്ങിയ രുചിയുള്ള വകഭേദങ്ങൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.
പോഷകങ്ങളും ഊർജം പകരുന്ന ചേരുവകളും അടങ്ങിയ ഒരു ‘എനർജി കോള’യും പദ്ധതിയിലുണ്ട്. സൗദി അറേബ്യക്കപ്പുറം, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ എന്നിവയുൾപ്പെടെ ജി.സി.സി വിപണികളിലേക്ക് മിലാഫ് കോള കയറ്റുമതി ചെയ്യാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഡിസംബർ ആദ്യവാരത്തിലാണ് റിയാദ് ഡേറ്റ് ഫെസ്റ്റിവലിൽ കമ്പനിയുടെ സി.ഇ.ഒ ബന്ദർ അൽ ഖഹ്താനിയും സൗദി കൃഷി മന്ത്രി അബ്ദുറഹ്മാൻ അൽ ഫാദ്ലിയും ചേർന്ന് മിലാഫ് കോള വിപണിയിൽ അവതരിപ്പിച്ചത്. മിലാഫ് കോള ഷെൽഫുകളിൽ എത്താൻ തുടങ്ങുമ്പോൾ, ആഗോള ഭീമന്മാർ ദീർഘകാലം ഭരിക്കുന്ന വിപണിയിൽ സൗദി ഉപഭോക്താക്കൾക്ക് ഉന്മേഷദായകവും ആരോഗ്യദായകവുമായ ഒരു പുതിയ ഓപ്ഷൻ എന്ന രീതിയിൽ വൻ സ്വീകാര്യത നേടാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.