അൽഉലയിൽ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള മനുഷ്യവാസസ്ഥലങ്ങൾ കണ്ടെത്തി
text_fieldsഅൽഖോബാർ: ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യ വാസസ്ഥലങ്ങൾ സൗദി അറേബ്യയുടെ വടക്കുഭാഗത്തുള്ള പുരാവസ്തുമേഖലയായ അൽഉലയിൽ കണ്ടെത്തി. റോയൽ കമീഷൻ ഫോർ അൽഉല (ആർ.സി.യു) നേതൃത്വം നൽകുന്ന അന്താരാഷ്ട്ര പര്യവേക്ഷണസംഘമാണ് നവീന ശിലായുഗ കാലഘട്ടത്തിൽനിന്നുള്ളതെന്ന് കരുതുന്ന ഈ കണ്ടെത്തലുകൾ നടത്തിയത്. അയ്യായിരവും ആറായിരവും വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് താമസിച്ചിരുന്ന ജനങ്ങളുടെ ജീവിതശൈലിയിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തലുകൾ.
സിഡ്നി യൂനിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകനായ ജെയ്ൻ മക്മഹോണിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണം ഈ മാസം രണ്ടിന് പിയർ-റിവ്യൂഡ് ലെവൻറ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാല് മുതൽ എട്ട് മീറ്റർ വരെ വ്യാസമുള്ള വൃത്താകൃതിയിലുള്ള ഇരട്ട നിരകളുള്ള ശിലാഫലകങ്ങളാണ് കണ്ടെത്തിയത്. അൽഉല മേഖലയിലെ ഹരത് ഉവൈരിദിൽ ഇത്തരം 431 വൃത്തങ്ങളാണ് സംഘം പരിശോധനക്ക് വിധേയമാക്കിയത്. 11 മീറ്റർ ആഴത്തിൽ ഇവിടങ്ങളിൽ കുഴിക്കുകയും 52 സർവേകൾ നടത്തുകയും ചെയ്തു. ഈ പഠനം വടക്കുപടിഞ്ഞാറൻ അറേബ്യൻ ജീവിതത്തിന്റെ ആദ്യകാല അനുമാനങ്ങളെ വ്യക്തമാക്കുന്നു. ഇവർ വെറും പശുവളർത്തുകാർ മാത്രമായിരുന്നില്ല വ്യതിരിക്തമായ വാസ്തുവിദ്യയും സംസ്കാരവും വിവിധയിനം വളർത്തുമൃഗങ്ങളും ഉണ്ടെന്ന് തെളിയിക്കുന്ന വിസ്മയിപ്പിക്കുന്ന പുരാവസ്തുക്കളാണ് കണ്ടെത്തിയത്. ഈ വൃത്തങ്ങളുടെ എണ്ണക്കൂടുതൽ അതിന് മുമ്പത്തേക്കാൾ വലിയ ജനസംഖ്യയാണ് ഈ ഭാഗത്ത് താമസിച്ചിരുന്നത് എന്ന് സൂചിപ്പിക്കുന്നതാണെന്ന് ജെയ്ൻ മക്മഹോൺ അഭിപ്രായപ്പെട്ടു.
ഈ കണ്ടെത്തലുകൾ വഴി നിയോ ലിത്തിക്ക് ഭൂതകാലത്തെക്കുറിച്ചുള്ള നമ്മുടെ അറിവിനെ കൂടുതൽ വികസിപ്പിക്കാൻ കഴിയും. ആ ജനത എങ്ങനെ ജീവിക്കുകയും ഇടപഴകുകയും ചെയ്തുവെന്ന് ഈ ഗവേഷണം വെളിപ്പെടുത്തുന്നുണ്ട്. അവരുടെ ദൈനംദിന ജീവിതത്തിലേക്കും സാംസ്കാരിക വിനിമയങ്ങളിലേക്കും ഒരു നേർക്കാഴ്ച നൽകുകയും ചെയ്യുന്നുണ്ട്. സമ്മിശ്ര സമ്പദ്വ്യവസ്ഥയെ സൂചിപ്പിക്കുന്ന വൈവിധ്യമാർന്ന മൃഗാവശിഷ്ടങ്ങൾ, ജോർഡനുമായി ബന്ധിപ്പിക്കുന്ന അമ്പടയാളങ്ങൾ, തീരദേശ ബന്ധങ്ങളെ സൂചിപ്പിക്കുന്ന ഷെല്ലുകൾ എന്നിവ കണ്ടെത്തലുകളിൽ ഉൾപ്പെടുന്നു.
പ്രദേശത്തെ ആദ്യകാല നാഗരികതകളെ മനസ്സിലാക്കുന്നതിൽ ഈ പഠനം വലിയൊരു ചൂണ്ടുപലകയാവുമെന്നും അദ്ദേഹം പറഞ്ഞു. നിയോ ലിത്തിക് അഥവാ നവീനശിലായുഗം ബി.സി 10,000 ൽ ആരംഭിച്ച് ബി.സി 4500 നും 2000 നുമിടയിൽ അവസാനിച്ച മനുഷ്യചരിത്രത്തിലെ ഒരു സുപ്രധാന കാലഘട്ടമാണ്. ഇത് പാലിയോ ലിത്തിക്കിന് (പഴയ ശിലായുഗം) ശേഷവും വെങ്കല യുഗത്തിന് മുമ്പുള്ളതുമാണ്. നിയോ ലിത്തിക് കാലഘട്ടം മനുഷ്യസമൂഹത്തിലെ നിരവധി പ്രധാന സംഭവവികാസങ്ങളാൽ സമ്പന്നമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.