മിനാ -കേളി ഫുട്ബാളിന് തുടക്കം
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് മിനാ -കേളി ഫുട്ബാൾ ടൂർണമെന്റിന് തുടക്കം. അൽഖർജിലെ യമാമ ഗ്രൗണ്ടിൽ ആരംഭിച്ച ടൂർണമെന്റ് പ്രസിഡന്റ് സെബിൻ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ഫുട്ബാൾ സംഘാടക സമിതി ചെയർമാൻ അബ്ദുൽ കലാം അധ്യക്ഷത വഹിച്ചു. സൗദി അറേബ്യയയിലെ അൽ നസർ ക്ലബിന്റെ ജൂനിയർ ടീമിലേക്ക് സെലക്ഷൻ ലഭിച്ച മലയാളി ബാലൻ മുഹമ്മദ് റാസിൻ മുഖ്യാതിഥിയായിരുന്നു.
കേളി ഭാരവാഹികളായ മധു ബാലുശ്ശേരി, ജോസഫ് ഷാജി, സുനിൽ കുമാർ, ഗഫൂർ ആനമങ്ങാട്, പ്രദീപ് കൊട്ടാരത്തിൽ, രാജൻ പള്ളിത്തടം, ഗോപാലൻ, നാസർ പൊന്നാനി, ജവാദ് പരിയാട്ട്, ഹസ്സൻ പുന്നയൂർ, ഷാജി റസാഖ്, അൽഖർജിലെ സൗദി പൗരപ്രമുഖരായ മുഹസിൻ അൽ ദോസരി, ഫഹദ് അബ്ദുല്ല അൽ ദോസരി, ഡോ. അബ്ദുൽ നാസർ, കെ.എം.സി.സി പ്രതിനിധി മുഹമ്മദ് പുന്നക്കാട് ഷബീബ്, അറ്റ്ലസ് ഉടമ ഷബീർ, ഹാദായിക്ക് ജനറൽ മേനേജർ കെവിൻ, അബു ഓലീദ് അൽ സുജൊവി എന്നിവർ സംസാരിച്ചു.
കൺവീനർ റഷിദ് അലി സ്വാഗതവും ട്രഷറർ ജയൻ പെരുനാട് നന്ദിയും പറഞ്ഞു. ആദ്യദിനത്തിൽ മൂന്ന് മത്സരങ്ങളാണ് നടന്നത്. ഉദ്ഘാടന മത്സരത്തിൽ റിയാദിൽനിന്നുള്ള ടീമുകളായ യൂത്ത് ഇന്ത്യയും ഫുട്ബാൾ ഫ്രണ്ട്സ് റിയാദും തമ്മിൽ മത്സരിച്ചു. ഒന്നിനെതിരെ അഞ്ച് ഗോളുകൾ നേടി യൂത്ത് ഇന്ത്യ വിജയിച്ചു.
ഒബയാർ എഫ്.സിയുമായി മാറ്റുരച്ച രണ്ടാമത്തെ മത്സരത്തിൽ ഏകപക്ഷീകമായ ആറ് ഗോളുകൾക്ക് ലാന്റേൺ എഫ്.സി വിജയിച്ചു. മൂന്നാമത്തെ മത്സരം സുലൈ എഫ്.സിയും ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സിയും തമ്മിലായിരുന്നു. തുല്യ ശക്തികൾ തമ്മിൽ മാറ്റുരച്ച മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സുലൈ എഫ്.സി വിജയിച്ചു. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിലെ റഫറിമാരാണ് കളികൾ നിയന്ത്രിച്ചത്. ഒന്നാമത്തെ മത്സരത്തിൽ യൂത്ത് ഇന്ത്യയുടെ അഖിലും രണ്ടാമത്തെ മത്സരത്തിൽ ലാന്റേൺ എഫ്.സിയുടെ ഇബ്നുവും മൂന്നാമത്തെ മത്സരത്തിൽ സുലൈ എഫ്.സിയുടെ ഹബീബും മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.