കിളിമഞ്ജാരോ കീഴടക്കിയ അഭിലാഷിന്റെ ലക്ഷ്യം മിനി എവറസ്റ്റ്
text_fieldsറിയാദ്: േലാകത്തെ ഒറ്റക്ക് നിൽക്കുന്ന പർവതങ്ങളിൽ ഏറ്റവും ഉയരമുള്ള താൻസനിയയിലെ കിളിമഞ്ജാരോയുടെ നെറുകയിൽ മുത്തമിടുകയായിരുന്നു ഇതുവരെയുള്ള അഭിലാഷം. ആറു ദിവസംകൊണ്ട് 5895 മീറ്റർ ഉയരം കയറി പർവതാഗ്രമായ ഉഹ്റുവിലെത്തി കൊടിവീശി ആഫ്രിക്കൻ വൻകരയിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കിയ നിമിഷം അഭിലാഷ് മാത്യുവിെൻറ മനസ്സിൽ അങ്കുരിച്ചു അടുത്ത മോഹം; എവറസ്റ്റ് കീഴടക്കണം. പർവതാരോഹണം ജീവിതവ്രതമാക്കിയ ഈ കണ്ണൂർ ഇരിട്ടി സ്വദേശി കഴിഞ്ഞ 12 വർഷമായി റിയാദിൽ പ്രവാസിയാണ്. ആഗ്രഹിച്ചാൽ അങ്ങേയറ്റമെന്നതാണ് ഈ 39കാരെൻറ പ്രകൃതം.
അതുകൊണ്ടുതന്നെ ഉന്നതിയുടെ അങ്ങേയറ്റമായ കൊടുമുടികളോടായിരുന്നു എന്നും പ്രണയം. ജീവിതമെന്ന മലകയറ്റത്തിനിടയിൽ യഥാർഥ കുന്നുകയറ്റം തുടങ്ങാൻ അൽപം വൈകിപ്പോയെന്ന് മാത്രം. തുടക്കം കിളിമഞ്ജാരോയിൽനിന്നുതന്നെ വേണം എന്ന് ആദ്യമേ തീരുമാനിച്ചുറപ്പിച്ചിരുന്നു. കാരണം ഒറ്റക്ക് നിൽക്കുന്നതിന് വീര്യം കൂടും. ഒറ്റയാനെ കീഴടക്കലാണ് ഏറ്റവും പ്രയാസം. അങ്ങനെയൊന്നിൽ തുടങ്ങുേമ്പാഴുള്ള ത്രില്ല് ഒന്നുവേറെയാണ്. എളുപ്പവഴികളിലൂടെയല്ല ദുർഘട മാർഗങ്ങളിലൂടെ സാഹസപ്പെട്ട് തന്നെ നടത്തേണ്ടതാണ് കുന്നുകയറ്റം. കഠിന പരിശ്രമത്തിലൂടെ പർവതാരോഹണം ശരിക്ക് പരിശീലിച്ച് ലോകത്തെ ഏറ്റവും പ്രധാന ഏഴ് കൊടുമുടികളും കീഴടക്കുകയാണ് യഥാർഥ ജീവിതലക്ഷ്യം.
ഈ വർഷം ജൂലൈ 14നാണ് റിയാദിൽനിന്ന് കിളിമഞ്ജാരോ ലക്ഷ്യമാക്കി പുറപ്പെട്ടത്. ആഫ്രിക്കയിലേക്ക് പോകുമ്പോൾ നിർബന്ധമായ യെല്ലോ ഫീവർ വാക്സിനേഷൻ ഉൾപ്പെടെ എല്ലാം മുൻകൂട്ടിത്തന്നെ പൂർത്തിയാക്കിയാണ് യാത്രതിരിച്ചത്. റിയാദിൽനിന്ന് ഇത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബബവരെയും അവിടന്ന് കിളിമഞ്ജാരോ വരെയും രണ്ടു വിമാനങ്ങൾ മാറിക്കയറിയായിരുന്നു യാത്ര. കിളിമഞ്ജാരോ പർവതം നിൽക്കുന്ന താൻസനിയയിലെ മോഷി എന്ന ചെറുപട്ടണത്തിന് ഏതാണ്ട് സമീപത്ത് ഒരു അന്താരാഷ്ട്ര വിമാനത്താവളമുണ്ട്. കിളിമഞ്ജാരോ എന്നുതന്നെയാണ് അതിെൻറയും പേര്. അവിടെനിന്ന് മോഷി പട്ടണത്തിലേക്ക് അരമണിക്കൂറുകൊണ്ടെത്തി.
പർവതാരോഹണത്തിന് സഹായിക്കുന്ന ഒരു കമ്പനിയുടെ ഗൈഡ് എല്ലാ സഹായത്തിനും ഒപ്പമുണ്ടായിരുന്നു. മലകയറ്റം തുടങ്ങിയാൽ ആ ഗൈഡും സഹായിയും പാചകക്കാരും പോർട്ടർമാരും ഉൾപ്പെടെ മൊത്തം ഏഴുപേരുടെ സഹായമാണ് ലഭിക്കുക. പർവതശിഖരമായ ഉഹ്റു കൊടുമുടിയിലെത്താൻ കിളിമഞ്ജാരോയുടെ മാറിലൂടെ ഏഴു വഴികളാണുള്ളത്. അതിലൊന്ന് തിരഞ്ഞെടുക്കലാണ് ആദ്യത്തെ കടമ്പ. മച്ചാമേ ക്യാമ്പ് വഴിയാണ് തിരഞ്ഞെടുത്തത്. ഏഴുദിവസംകൊണ്ടാണ് മുകളിലെത്തുക. ഓരോ ദിവസവും മലമടക്കുകളിലെ ക്യാമ്പുകളിൽ രാത്രി തങ്ങി ഉറക്കവും വിശ്രമവും നടത്തിയാണ് യാത്ര തുടരേണ്ടത്. ഒപ്പമുള്ള പാചകക്കാർ അൽപം നേരത്തേ ക്യാമ്പുകളിലെത്തി ഭക്ഷണം തയാറാക്കും.
ഒന്നാം ദിവസം (ജൂലൈ 15) അതിരാവിലെതന്നെ മലകയറ്റം തുടങ്ങി തറ നിരപ്പിൽനിന്ന് 3010 മീറ്റർ ഉയരെയുള്ള മച്ചമേ ബേസ് ക്യാമ്പിലെത്തി. രണ്ടാം ദിവസം 3845 മീറ്റർ ഉയരത്തിലുള്ള ഷീരാ കേവ് ക്യാമ്പിലേക്ക്. ഈ ഭാഗത്തെ മലകയറ്റം അതി കഠിനമാണ്. കാരണം കുത്തനെയുള്ള പാറയിലൂടെയാണ് കയറേണ്ടത്. നാലഞ്ച് മണിക്കൂറെടുക്കുന്ന കയറ്റം. അത് താണ്ടിയപ്പോൾ ഉച്ചക്ക് ഒരു മണിയായി. രണ്ടു മണിക്കൂർ വിശ്രമിച്ചശേഷം തറനിരപ്പിൽനിന്ന് 4000 മീറ്റർ ഉയരമുള്ള അടുത്ത കൊടുമുടി കൂടി കീഴടക്കി. അന്നവിടെ തങ്ങി. മൂന്നാം ദിവസം 4640 മീറ്റർ ഉയരെ ലാവാ ടവറിൽ ഉച്ചയോടെ എത്തി. ഉച്ചഭക്ഷണത്തിനുശേഷം സാധാരണ പർവതാരോഹണത്തിൽ നിർബന്ധമായ ‘അക്ലൈമസേഷൻ’ നടത്തി. ‘ഹൈക് ഹൈ, സ്ലീപ് ലോ’ അതായത് ഉയരത്തിലേക്ക് കയറുക, എന്നിട്ട് താഴേക്ക് ഇറങ്ങി ഉറങ്ങുക എന്ന ശാസ്ത്രീയ ആരോഗ്യനിബന്ധന. അവിടെനിന്ന് 680 മീറ്റർ താഴേക്ക് ഇറങ്ങി തറനിരപ്പിൽനിന്ന് 3960 മീറ്റർ ഉയരത്തിലുള്ള ബാറാങ്കോ ക്യാമ്പിലെത്തി. അന്നവിടെ തങ്ങി.
നാലാംദിവസം അവിടെനിന്ന് 4600 മീറ്റർ ഉയരത്തിലുള്ള ബരാഫു ക്യാമ്പിലെത്തി. ഈ ബേസ് ക്യാമ്പ് വരെയുള്ള മലകയറ്റം വലിയ ആയാസമുള്ളതാണ്. എട്ട് മണിക്കൂറോളമുള്ള ഈ ദൂരത്തിനിടയിൽ കറാംഗോ എന്നൊരു ക്യാമ്പുണ്ട്. സാധാരണഗതിയിൽ ഇവിടെ ഒരു ദിവസം തങ്ങും. എന്നാൽ വലിയ തളർച്ചയൊന്നും തോന്നാതിരുന്നതുകൊണ്ടാണ് കയറ്റം തുടർന്നത്. ഇതിനിടയിൽ 4800 മീറ്റർ ഉയരത്തിൽ ഭിത്തിപോലെ നിൽക്കുന്ന ഒരു മലയുണ്ട്. ബാറാങ്കോ വാൾ എന്നാണ് പേര്. ശരിക്കും കുത്തനെ ഉയർന്നുനിൽക്കുന്ന അത് കയറിയിറങ്ങിയാലേ ബാരഫു ക്യാമ്പിലെത്താനാകൂ. ഇരുവശങ്ങളിലും അഗാധമായ കൊക്കയുള്ള ആ ‘ഭിത്തി’ കയറിയിറങ്ങൽ അതിസാഹസികവും ഭയാനകവുമായ അനുഭവമാണ്. ഈ കൊടുമുടിയുടെ മുകളിൽ ഓരോ കാലടി വെക്കാൻ മാത്രം വീതിയുള്ള വഴിയാണുള്ളത്. അതിലൂടെ നടന്നുവേണം കയറിയിറങ്ങാൻ. എന്തായാലും ആ കടമ്പ കടന്നു.
ബരാഫുവിലെത്തി അന്ന് രാത്രി തങ്ങി. ഈ എട്ട് മണിക്കൂർ ദൂരം അതിസാഹസപ്പെട്ടും വിശ്രമമില്ലാതെയും താണ്ടിക്കടന്നത് കൊണ്ടുണ്ടായ മെച്ചം ഒരു ദിവസം കുറഞ്ഞുകിട്ടിയെന്നതാണ്. അഞ്ചാം ദിവസം ഉഹ്റു കൊടുമുടി കീഴടക്കാനായി. സാധാരണ ഷെഡ്യൂളിൽ അത് ആറാം ദിവസമാണ് സാധ്യമാകുക. അഞ്ചാംദിവസം പുലർച്ച മൂന്നിന് കയറ്റം തുടങ്ങി. ആ കയറ്റത്തിനിടയിൽ ജീവിതത്തിൽ അതുവരെ കാണാത്തൊരു സൗന്ദര്യ കാഴ്ച കണ്ടു. അതിമനോഹരമായ സൂര്യോദയം. 5500 മീറ്റർ ഉയരത്തിൽനിന്ന് കണ്ട സൂര്യോദയത്തിെൻറ അതുപോലൊരു മനോഹാരിത വിവരണാതീതമാണെന്ന് അഭിലാഷ് മാത്യു പറയുന്നു. അപ്പോൾ ഭൂമി 80 ഡിഗ്രിയിൽ ചരിഞ്ഞുനിൽക്കുന്നതായി തോന്നി.
രാവിലെ 10 മണിയോടെ ഉഹ്റു കൊടുമുടിയിലെത്തി. ലോകം കീഴടക്കിയപോലൊരു അനുഭവമായിരുന്നു അത്. മനസ്സ് തുടികൊട്ടി. പർവത ചില്ലയിൽ കയറിനിന്ന് ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ദേശീയ പതാകകൾ വീശി. കൂടെ മമ്മൂട്ടി ഫാൻസ് അസോസിയേഷെൻറ കൊടിയും. അസോസിയേഷെൻറ സജീവ പ്രവർത്തകനും സൗദി ഘടകത്തിെൻറ ഭാരവാഹിയുമാണ് അഭിലാഷ്.
ഉഹ്റു കൊടുമുടിയിൽ 15 മിനിറ്റ് മാത്രമേ ചെലവഴിക്കാനായുള്ളൂ. അവിടെ അന്തരീക്ഷത്തിൽ 45 ശതമാനം ഓക്സിജൻ മാത്രമാണുള്ളത്. തലവേദന, ശ്വാസംമുട്ടൽ, ചുമപോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായി. പിന്നെ തിരിച്ചിറക്കം തുടങ്ങി. അതിനുമുമ്പ് ഉഹ്റു കൊടുമുടി കീഴടക്കിയയാളെന്ന നിലയിലുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റ് കിട്ടി. കമ്പനി ഗൈഡാണ് അത് സമ്മാനിച്ചത്. താൻസനിയ ഗവൺമെൻറ് നൽകുന്ന ആ ‘മൗണ്ടൻ ക്ലൈമ്പിങ് സർട്ടിഫിക്കറ്റ്’ പർവതാരോഹണ ദൗത്യവഴിയിലെ വലിയൊരു മുതൽക്കൂട്ടാണ്.
കിളിമഞ്ജാരോ കയറ്റത്തിനു പിന്നിൽ ആഗോളതാപനത്തിെൻറ അപകടത്തിലേക്ക് ജനശ്രദ്ധ ക്ഷണിക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ടെന്ന് അഭിലാഷ് പറയുന്നു. വർഷം മുഴുവൻ മഞ്ഞുമൂടിക്കിടക്കുന്ന ഒരു പർവത ശിഖരമായിരുന്നു 30 വർഷം മുമ്പ് വരെ ഉഹ്റു കൊടുമുടി. എന്നാൽ ആഗോളതലത്തിൽ അന്തരീക്ഷോഷ്മാവ് ഉയർന്നതിെൻറ പ്രത്യാഘാതമായി ഉഹ്റുവിലെ 80 ശതമാനം മഞ്ഞും ഉരുകിത്തീർന്നു. ഇങ്ങനെ തുടർന്നാൽ രാത്രിയിൽപോലും ചുട്ടുപൊള്ളുന്ന കൊടുമുടിയായി അത് മാറും. ലോകം മുഴുവൻ ഒരു അഗ്നികുണ്ഡത്തിലെന്നപോലെയാവും. വലിയ ദുഃഖവും ഭയവുമുണ്ടെന്ന് അഭിലാഷ് പറയുന്നു. റിയാദിലെ ടി.സി.സി ഐ.ടി കമ്പനിയിൽ സിസ്റ്റം എൻജിനീയറാണ് അഭിലാഷ്. ജീവിതപങ്കാളി ശിശിര റിയാദിലെ അമീർ സുൽത്താൻ മിലിട്ടറി ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്. മക്കളായ സിയ, മേവൻ എന്നിവർ റിയാദിൽ സ്കൂൾ വിദ്യാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.