ഇന്ത്യ-സൗദി ബന്ധം മെച്ചപ്പെടുത്തുന്നത് വഴി ലോകത്തിന്റെ ഊർജ കേന്ദ്രമാവുകയാണ് ലക്ഷ്യം -രാജ് കുമാർ സിങ്
text_fieldsറിയാദ്: ഇന്ത്യയും സൗദി അറേബ്യയും വൈദ്യുതിയും ശുദ്ധ ഊർജവും ഉൾപ്പെടെയുള്ള പ്രധാന വ്യവസായ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ ലോകത്തെ ഊർജ കേന്ദ്രമായി മാറാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ ഊർജ മന്ത്രി രാജ് കുമാർ സിങ്. റിയാദിൽ യു.എൻ സഹകരണത്തോടെ നടന്ന പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക കാലാവസ്ഥ വാരാചരണ പരിപാടിയിൽ പങ്കെടുക്കുന്നതുൾപ്പെടെയുള്ള ഔദ്യോഗിക സന്ദർശന പരിപാടികൾക്ക് എത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിൽ പരസ്പര വൈദ്യുത ബന്ധങ്ങൾ, ഹൈഡ്രജൻ ഉത്പാദനം, ശുദ്ധമായ ഊർജ വിതരണ ശൃംഖലകൾ എന്നിവയെക്കുറിച്ചുള്ള ധാരണാപത്രത്തിൽ അദ്ദേഹം സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനോടൊപ്പം ഒപ്പുവച്ചശേഷമായിരുന്നു ഈ അഭിപ്രായം.
മൂന്നു ദിവസം നീണ്ടു നിന്ന സന്ദർശനം പൂർത്തിയാക്കി മന്ത്രി രാജ്കുമാർ സിങ്ങും സംഘവും തിങ്കളാഴ്ച രാത്രിയോടെ മടങ്ങിയതായി ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇരുരാജ്യങ്ങൾക്കും ഉതകുന്ന ഊർജ മേഖലയിലെ അനന്ത സാധ്യതകൾ തുറക്കുന്ന കരാറുകൾ ഉൾപ്പടെ നിരവധി പ്രധാന നേട്ടങ്ങൾ രൂപപ്പെടുത്തിയാണ് മന്ത്രിയുടെ മടക്കം.
കാലാവസ്ഥാ വാരാചരണ പരിപാടിയിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ മന്ത്രി ഫലപ്രദമായി തന്നെ നയിച്ചു. ലോകത്ത് ‘നീതിയുക്തവും തുല്യവുമായ ഊർജ ലഭ്യതക്കായി സമഗ്ര പരിഹാരമാർഗങ്ങൾ’ എന്ന വിഷയത്തിൽ നടന്ന മന്ത്രിതല പാനലിൽ അദ്ദേഹം പങ്കെടുത്തു സംസാരിച്ചു. പ്രാദേശിക സംവാദ പരിപാടിയിൽ ‘റിയാദിലെ കലാ മേഖലയിലെ സാങ്കേതിക വളർച്ചയുടെ സാധ്യതകൾ’ എന്ന വിഷയത്തിലും മന്ത്രി സദസ്സിനെ അഭിസംബോധന ചെയ്തു. ഈ പ്രസംഗങ്ങളിൽ, കാലാവസ്ഥാ വ്യതിയാനം, ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ആസൂത്രണങ്ങൾ തുടങ്ങി നിരവധി സുപ്രധാന വിഷയങ്ങൾ പരാമർശിച്ചു. യു.എ.ഇയിൽ നടക്കാനിരിക്കുന്ന കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ‘കോപ് 28’ ഉച്ചകോടിയുടെ വെളിച്ചത്തിൽ ചർച്ചചെയ്യേണ്ട പുതിയ വിഷയങ്ങളേയും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ കൂടിക്കാഴ്ചകൾ, ചർച്ചകൾ
സൗദി വാണിജ്യ വ്യവസായ, സാംസ്കാരിക പ്രമുഖരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും സൗദിയും തമ്മിൽ ഒപ്പിട്ട ഹരിത ഹൈഡ്രജൻ ഊർജ സഹകരണ കരാറാണ് സന്ദർശനത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടമെന്ന് എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും മന്ത്രി രാജ്കുമാർ സിങ്ങും ഒപ്പിട്ട ഇൗ കരാറിെൻറ ലക്ഷ്യം ഊർജ മേഖലയിലെ സഹകരണത്തിന് പൊതുചട്ടക്കൂട് രൂപപ്പെടുത്തുക എന്നതാണ്.
അടിയന്തര സാഹചര്യങ്ങളിൽ വൈദ്യുതി കൈമാറ്റം, ഊർജ വികസന പദ്ധതികളിലെ സഹകരണം, ഹരിത/ശുദ്ധമായ ഹൈഡ്രജെൻറയും പുനരുപയോഗ ഊർജത്തിെൻറയും ഒരുമിച്ചുപേർന്നുള്ള ഉൽപാദനം എന്നിവ കൂടാതെ ശുദ്ധമായ ഹൈഡ്രജനിലും പുനരുപയോഗ ഊർജ മേഖലയിലും ഉപയോഗിക്കുന്ന വസ്തുക്കളുടെ സുരക്ഷിതവും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖലകൾ സ്ഥാപിക്കൽ എന്നീ ലക്ഷ്യങ്ങൾ കരാറിൽ ഉൾപ്പെടുന്നുണ്ട്.ഇതോടൊപ്പം സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനുമായി മറ്റ് മേഖലകളിലും ആഴത്തിൽ ചർച്ചകൾ നടത്തി. ഇതിെൻറ അടിസ്ഥാനത്തിൽ ഊർജ മേഖലാ സഹകരണത്തിെൻറ സമ്പൂർണ വിതരണവും മൂല്യശൃംഖലയും സ്ഥാപിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉച്ചകോടികൾ രൂപപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. കാലാവസ്ഥാ വാരാചരണത്തിൽ പങ്കെടുക്കാൻ എത്തിയ യു.എൻ വർക്ക് എക്‌സിക്യൂട്ടീവ് സെക്രട്ടറി സൈമൺ സ്റ്റൈലനുമായും മന്ത്രി രാജ്കുമാർ സിങ് കൂടിക്കാഴ്ച നടത്തി.
തെൻറ പ്രതിനിധി സംഘത്തോടൊപ്പം റിയാദിന് സമീപമുള്ള സുദൈർ സോളാർ പവർ പ്ലാൻറും മന്ത്രി സന്ദർശിച്ചു. രാജ്യത്തെ ഏറ്റവും വലിയ സോളാർ പ്ലാൻറാണിത്. ഇന്ത്യൻ കമ്പനിയാണ് സൗദിക്കുവേണ്ടി ഈ പ്ലാൻറ് നിർമിക്കുന്നത്.
തുടർന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹുമായും ചർച്ചകൾ നടത്തി. ഇന്ത്യയിലും സൗദി അറേബ്യയിലും ഊർജ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് കച്ചവട പ്രമുഖരോട് ഇരുവരും ആഹ്വാനം ചെയ്തു. വിവിധ തലങ്ങളിലെ സുസ്ഥിരമായ ഇടപെടലുകളിലുടെ ഇന്ത്യ-സൗദി പങ്കാളിത്തം കൂടുതൽ ശക്തി പ്രാപിക്കുകയാണ്. നിലവിൽ മന്ത്രിയുടെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുകയും പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ മേഖലകളിലെ സംയുക്ത സഹകരണത്തിനും നിക്ഷേപത്തിനുമുള്ള വാതിലുകൾ തുറക്കുകയും ചെയ്തതായും മന്ത്രിയും സംഘവും വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.