സൗദി സന്ദർശിച്ച കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവിന് നിവേദനം നൽകി
text_fieldsറിയാദ്: ഇന്ത്യയിൽനിന്ന് രണ്ടു ഡോസ് വാക്സിനെടുത്തവർക്ക് സൗദിയിലേക്ക് നേരിട്ടു വരാൻ അനുമതി ലഭിക്കാൻ ഇടപെടണമെന്ന് സൗദിയിലെ ഇന്ത്യൻ വളൻറിയർ പ്രതിനിധി സംഘം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. സൗദി സന്ദർശിച്ച വനം-കാലാവസ്ഥ വ്യതിയാനം-തൊഴിൽകാര്യ മന്ത്രി ഭൂപേന്ദ്ര യാദവിനു മുന്നിലാണ് ഇതടക്കം നിരവധി പ്രവാസി വിഷയങ്ങൾ ഉന്നയിക്കപ്പെട്ടത്. സൗദിയിലെ തൊഴിൽ നിയമങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ പഠിക്കുന്നതിനും അതിന് അനുസൃതമായി ഇന്ത്യൻ പ്രവാസികളെ ബോധവത്കരിക്കുന്നതിനും ഇന്ത്യൻ മിഷനു കീഴിൽ ഒരു സ്ഥിരം സംവിധാനം ഉണ്ടാകണമെന്നും മന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പുതിയ തൊഴിൽനിയമങ്ങൾ പഠിക്കാനും അതു മൂലമുള്ള ബുദ്ധിമുട്ടുകൾക്ക് പ്രതിവിധി തേടാനും ഉന്നതതല ഉദ്യോഗസ്ഥ സംഘം സൗദി സന്ദർശിക്കണം. തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങൾ അപ്പപ്പോൾതന്നെ മനസ്സിലാക്കി കേന്ദ്ര ഗവൺമെൻറിനെയും പ്രവാസികളെയും അറിയിക്കാൻ സംവിധാനമുണ്ടാകണം. ഗൾഫിലേക്കുള്ള തൊഴിൽ റിക്രൂട്ടിങ്ങിലെ തട്ടിപ്പുകളൊഴിവാക്കാനും യോഗ്യതക്ക് അനുസരിച്ചുള്ള തൊഴിൽ ഇന്ത്യൻ ഉദ്യോഗാർഥികൾക്ക് ഗൾഫ് രാജ്യങ്ങളിൽ തേടാനും കൃത്യമായ ചട്ടക്കൂടുള്ള സംവിധാനവും വേണം. ഗാർഹിക തൊഴിലാളികൾ ഏജൻറുമാരാൽ കബളിപ്പിക്കപ്പെട്ട് ദുരിതങ്ങളിൽ ചെന്നുചാടാതിരിക്കാൻ തൊഴിൽ കരാർ ഇന്ത്യൻ എംബസിയിൽ അറ്റസ്റ്റ് ചെയ്യിക്കണം.
ഇഖാമ കാലാവധി കഴിഞ്ഞും ഹുറൂബ് പോലുള്ള നിയമക്കുരുക്കിൽപെട്ടും പ്രശ്നത്തിലായി കഴിയുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് പദവി ശരിയാക്കി ജോലിയിൽ തുടരാനോ ശിക്ഷാനടപടികളുണ്ടാകാതെ നാട്ടിലേക്കു മടങ്ങാനോ ആവശ്യമായ സംവിധാനം എംബസി മുഖാന്തരം ഉണ്ടാക്കണം. ഇഖാമ പുതുക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്.
അതിന് തൊഴിലാളി ശിക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടാവരുത്. തൊഴിൽ കരാർ ലംഘിക്കുകയും റിക്രൂട്ട് ചെയ്ത് കൊണ്ടുവരുന്ന തൊഴിലാളികളെ ദുരിതത്തിലാക്കുകയും ചെയ്യുന്ന തൊഴിലുടമകളെയും ഏജൻസികളെയും റിക്രൂട്ട്മെൻറിൽനിന്ന് വിലക്കുംവിധം കരിമ്പട്ടികയിൽ പെടുത്തണം. ഇന്ത്യയിലെ കോവാക്സിന് സൗദിയിൽ അംഗീകാരം നേടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഇന്ത്യയിൽനിന്ന് കോവാക്സിനെടുത്ത് വരുന്നവർക്ക് സൗദിയിൽ വീണ്ടും രണ്ടു ഡോസ് വാക്സിൻ എടുക്കേണ്ടിവരുന്നു. ഇതിനൊരു പ്രതിവിധിയുണ്ടാക്കാൻ ഇന്ത്യ ഗവൺമെൻറ് ഇടപെടൽ നടത്തണം. ദമ്മാമിൽ ഇന്ത്യൻ കോൺസുലേറ്റ് ആരംഭിക്കണം. അതിന് സൗദി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം.
സൗദിയിൽ സാങ്കേതിക തൊഴിലുകളിൽ നൈപുണ്യ പരീക്ഷ നിർബന്ധമായ സാഹചര്യത്തിൽ പ്രവാസികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനും തൊഴിൽപരിചയ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഇന്ത്യൻ എംബസിയിൽതന്നെ അറ്റസ്റ്റ് ചെയ്യുന്നതിനും സംവിധാനം ഏർപ്പെടുത്തണം. കേരളത്തിലെ നോർക്ക അറ്റസ്റ്റേഷൻ മാതൃകയിലുള്ള നടപടിയാണ് സൗദിയിലെ ഇന്ത്യൻ എംബസിയിൽ വേണ്ടത്. നിലവിൽ സൗദിയിൽ സാങ്കേതിക തസ്തികകളിലുള്ളവർക്ക് ജോലിയിൽ തുടരാനും റെസിഡൻറ് പെർമിറ്റ് (ഇഖാമ) പുതുക്കിക്കിട്ടാനും അറ്റസ്റ്റ് ചെയ്ത യോഗ്യത സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. നാട്ടിൽ പോയി ഇതൊക്കെ ചെയ്ത് മടങ്ങാൻ സമയവും സൗകര്യവുമില്ലാത്ത പ്രവാസികൾക്ക് എംബസിയിൽതന്നെ അറ്റസ്റ്റ് ചെയ്തു കിട്ടാൻ സൗകര്യമേർപ്പെടുത്തുന്നത് വലിയ ആശ്വാസവും അനുഗ്രഹവുമായി മാറും. എംബസിയിൽ കെട്ടിക്കിടക്കുന്ന സാമൂഹിക ക്ഷേമനിധി സൗദിയിൽ പലവിധ പ്രശ്നങ്ങളിൽ പെടുന്നവരെ സഹായിക്കാൻ വിനിയോഗിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും വളൻറിയർമാർ ആവശ്യപ്പെട്ടു.
ജയിലിൽ കിടക്കുന്നവരുടെ മോചനത്തിനും കേസുകൾ ഒഴിവാക്കാനും നിയമസഹായവും രോഗബാധിതർക്ക് ചികിത്സയും ലഭ്യമാക്കാൻ ഈ ഫണ്ട് ഉപയോഗപ്പെടുത്തണം. വാഹനാപകട കേസിലും മറ്റ് കേസുകളിലുംപെട്ട് വൻതുക നഷ്ടപരിഹാരം നൽകാനില്ലാതെ ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കാൻ ഒരു ലക്ഷം റിയാലിൽ കൂടാത്ത തുക ഫണ്ടിൽനിന്ന് അനുവദിക്കാൻ കേന്ദ്രസർക്കാർ സ്ഥിരം നിയമമുണ്ടാക്കി എംബസിയെ ചുമതലപ്പെടുത്തണം. അഖിലേന്ത്യ മെഡിക്കൽ പ്രവേശനപരീക്ഷയായ 'നീറ്റ്' ഇന്ത്യൻ വിദ്യാർഥികൾക്ക് സൗദിയിൽ എഴുതാൻ കേന്ദ്രം അനുവദിക്കണം. 12ാം ക്ലാസ് കഴിയുന്ന പ്രവാസി വിദ്യാർഥികൾക്ക് സൗദിയിൽ തന്നെ ഉപരിപഠനം നടത്താൻ സൗകര്യം അനുവദിക്കണം. ഇന്ത്യൻ സ്കൂളുകളുെട അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തി ഇന്ത്യയിലെ ഓപൺ സർവകലാശാലകളുമായി ബന്ധപ്പെട്ട് സൗദിയിൽ ഉന്നതപഠന സംവിധാനം ഏർപ്പെടുത്തണം.
ഇന്ത്യൻ സംരംഭകർക്ക് സൗദിയിലെ നിക്ഷേപാവസരങ്ങൾ ഉപയോഗപ്പെടുത്താനുള്ള മാർഗനിർദേശങ്ങളും സഹായവും നൽകാൻ എംബസിയിൽ ഇൻവെസ്റ്റ്മെൻറ് ഫെസിലിറ്റേഷൻ സെൻറർ ആരംഭിക്കണം. ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസികൾക്ക് നാട്ടിലും വിദേശത്തും പുതിയ തൊഴിൽ കണ്ടെത്താൻ കേന്ദ്രസർക്കാർ ജോബ് പോർട്ടൽ ആരംഭിക്കണം. പ്രവാസി പുനരധിവാസത്തിന് കേന്ദ്രസർക്കാർ പലിശരഹിത വായ്പാസംവിധാനം ഏർപ്പെടുത്തണം.
ഇതിനായി യൂനിയൻ ബജറ്റിൽ ഫണ്ട് വകയിരുത്തണം. മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച് നിലനിൽക്കുന്ന ആശങ്ക അകറ്റാനും പുതിയ ഡാം നിർമിക്കാനും കേന്ദ്രസർക്കാർ മുൻകൈയെടുക്കണമെന്നതും നിവേദനത്തിൽ ഉന്നയിച്ച വിവിധ ആവശ്യങ്ങളിലൊന്നാണ്. എല്ലാ വിഷയങ്ങളും പഠിച്ച് സാധ്യമായ പരിഹാരം കാണാൻ പരമാവധി പരിശ്രമിക്കുമെന്ന് മന്ത്രി നിവേദനസംഘത്തിന് മറുപടി നൽകി.
ശിഹാബ് കൊട്ടുകാട്, ദീപക്, സൗമ്യ, രാജീവ് മുകോനി, ബിപിൻ രാമചന്ദ്ര, ഗോപകുമാർ തൃശൂർ, ആൻറണി റെവൽ, വാസുദേവൻ പിള്ള, ഗുലാം ഖാൻ എന്നിവരാണ് മന്ത്രിയെ കണ്ട് നിവേദനം നൽകിയത്. റിയാദിൽ വളൻറിയർമാരുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രിയോടൊപ്പം ഇന്ത്യൻ അംബസാഡർ ഡോ. ഔസാഫ് സഈദും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.