സൗദിയിലെ പ്രധാന പ്രവിശ്യകളെ റെയിൽവേ വഴി ബന്ധിപ്പിക്കും -ഗതാഗത മന്ത്രി
text_fieldsറിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളെ റെയിൽവേ വഴി ബന്ധിപ്പിക്കുമെന്നും അതിനുള്ള പദ്ധതിയുടെ പഠനം നടക്കുകയാണെന്നും ഗതാഗത, ചരക്കുനീക്ക മന്ത്രി സ്വാലിഹ് അൽ-ജാസിർ പറഞ്ഞു. വിനോദസഞ്ചാര, ചരക്കുനീക്ക മേഖലയിൽ ഇത് വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദ് ഇക്കണോമിക് ഫോറത്തോടനുബന്ധിച്ച് 'അൽ അറബിയ' ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
സൗദിയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന സൗദി ഗതാഗത നയത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ 'ലാൻഡ് ബ്രിഡ്ജ്' സംബന്ധിച്ചുള്ള പഠനവും പുരോഗതിയിലാണ്.
റെയിൽവേ മേഖലയിലെ ആഗോള അനുഭവങ്ങൾ, അത് രാജ്യത്തിന് നൽകുന്ന നേട്ടങ്ങൾ എന്നിവയിലാണ് പഠനങ്ങൾ നടക്കുന്നതെന്ന് വെളിപ്പെടുത്തിയ മന്ത്രി പഠനവും ദേശീയ റെയിൽവേ നയവും പരസ്പര പൂരകമാണെന്ന് എടുത്തുപറഞ്ഞു. 2030ഓടെ രാജ്യത്തെ റെയിൽപാതയുടെ നീളം ഇപ്പോഴുള്ള 5,500 കിലോമീറ്ററിൽനിന്ന് 13,000 കിലോമീറ്ററായി ദീർഘിപ്പിക്കുക എന്നതാണ് ദേശീയ റെയിൽവേ നയം.
നൂതന സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തിലുള്ള 'ഗൾഫ് ട്രെയിൻ' പദ്ധതി പൂർത്തിയാക്കുക എന്നതും ദേശീയ നയത്തിൽ മുഖ്യമാണ്. റിയാദിനെ ഗൾഫ് രാജ്യ തലസ്ഥാനങ്ങളുമായി ട്രെയിൻ വഴി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ടെന്നും അൽജാസിർ കൂട്ടിച്ചേർത്തു.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.