ഇന്ത്യൻ വാണിജ്യ മന്ത്രി പീയുഷ് ഗോയൽ നാളെ സൗദിയിൽ
text_fieldsറിയാദ്: ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ രണ്ടുദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ച സൗദിയിലെത്തും. ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം, തുണിവ്യവസായം എന്നീ വകുപ്പുകളുടെ കൂടി ചുമതല വഹിക്കുന്ന മന്ത്രി ഞായറാഴ്ചയും തിങ്കളാഴ്ചയുമായി റിയാദിൽ ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തും.
ഇന്ത്യ-സൗദി സാമ്പത്തിക നിക്ഷേപ മന്ത്രിതല സമിതി യോഗത്തില്‍ സൗദി ഊര്‍ജമന്ത്രി അമീർ അബ്ദുൽ അസീസ് ബിന്‍ സല്‍മാനോടൊപ്പം അദ്ദേഹം സംബന്ധിക്കും. വെസ്റ്റ് കോസ്റ്റ് റിഫൈനറി പ്രൊജക്ട്, ട്രാന്‍സ് ഓഷ്യന്‍ ഗ്രിഡ്, ഗ്രീന്‍ ഹൈഡ്രജന്‍, ഭക്ഷ്യ സുരക്ഷ, മരുന്ന്, ഊര്‍ജ സുരക്ഷ എന്നിവ ചര്‍ച്ച ചെയ്യും. 10,000 കോടി ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള പദ്ധതിയും ചര്‍ച്ച ചെയ്യും. സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സൗദി അറേബ്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് കൂടുതൽ ഊർജം പകരുന്നതാവും മന്ത്രിയുടെ സന്ദർശനം എന്ന് ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും ചേർന്ന് ഉന്നതതലത്തിൽ നേതൃത്വം നൽകുന്ന ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ചട്ടക്കൂടിന് കീഴിൽ സ്ഥാപിതമായ രണ്ട് മന്ത്രിതല സമിതികളിൽ ഒന്നാണ് ഇന്ത്യ-സൗദി സാമ്പത്തിക നിക്ഷേപ സമിതി. ഈ സമിതിയുടെ വിവിധ സംയുക്ത വർക്കിങ് ഗ്രൂപ്പുകൾക്ക് കീഴിലുള്ള പുരോഗതിയെക്കുറിച്ച് രണ്ട് മന്ത്രിമാരും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വെസ്റ്റ് കോസ്റ്റ് റിഫൈനറി പ്രോജക്ട്, ട്രാൻസ്-ഓഷ്യൻ ഗ്രിഡ് കണക്റ്റിവിറ്റി, ഗ്രീൻ ഹൈഡ്രജൻ, ഭക്ഷ്യസുരക്ഷ, ഊർജ സുരക്ഷ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ മുൻഗണനാ മേഖലകളിലും പദ്ധതികളിലും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തന പദ്ധതി ഇരുപക്ഷവും രൂപീകരിക്കുമെന്നും കരുതുന്നു. കൂടാതെ 2019 ഫെബ്രുവരിയിലെ ഇന്ത്യാസന്ദർശന വേളയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ പ്രഖ്യാപനത്തിന്റെ പുരോഗതി ത്വരിതപ്പെടുത്തുകയും സന്ദർശനലക്ഷ്യമാണ്. ഒപ്പം ഇന്ത്യയിൽ 10,000 കോടി ഡോളറിന്റെ സൗദി നിക്ഷേപം ഉറപ്പുവരുത്തലും.
സൗദി വാണിജ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്റെ പൂര്‍ണ്ണവ്യാപ്‌തി സംബന്ധിച്ച് വിപുലമായ ചർച്ചകൾ നടത്തുകയും ചെയ്യും. സഹകരണത്തിന് സാധ്യമായ എല്ലാ പ്രധാന മേഖലകളും ഉൾക്കൊള്ളുന്ന ഒരുമിച്ചുള്ള പ്രയാണത്തിനും തന്ത്രപരമായ പങ്കാളിത്തത്തിനുമാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്. സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ, ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ.
ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളികളിലൊന്നായ സൗദി അറേബ്യയിലേക്കുള്ള സന്ദർശനം ബന്ധം ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരും. ഒപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്ന സഹകരണത്തിന്റെ പുതിയ മേഖലകൾക്ക് വഴിയൊരുക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.