റിയാദ് മെട്രോ: ഗ്രീൻ ട്രാക്കിലെ ധനമന്ത്രാലയം സ്റ്റേഷൻ തുറന്നു
text_fieldsറിയാദ്: റിയാദ് മെട്രോയുടെ ഗ്രീന്‍ ട്രാക്കിലെ മിനിസ്ട്രി ഓഫ് ഫിനാന്‍സ് സ്റ്റേഷന് (ബത്ഹ സൗദി പോസ്റ്റ് ഓഫീസ്) ഞായറാഴ്ച മുതൽ പ്രവര്‍ത്തനം തുടങ്ങി. രാവിലെ മുതല്‍ യാത്രക്കാർക്കായി ഗ്രീൻ മെട്രോ ട്രെയിൻ നിർത്താൻ തുടങ്ങി. സുലൈമാനിയയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് സമീപത്തുനിന്നുള്ള സ്റ്റേഷനിൽനിന്ന് തുടങ്ങി കിങ് അബ്ദുല്‍ അസീസ് റോഡിന് സമാന്തരമായി ബത്ഹയിലെ മ്യൂസിയം സ്റ്റേഷൻ വരെ എത്തുന്നതാണ് ഗ്രീന്‍ ട്രാക്ക്.
ഡിസംബർ 15 മുതൽ ഈ റൂട്ടിൽ ട്രെയിൻ സർവിസ് ആരംഭിച്ചെങ്കിലും ധനമന്ത്രാലയം സ്റ്റേഷനും മ്യൂസിയം സ്റ്റേഷനും പ്രവർത്തനം ആരംഭിച്ചിരുന്നില്ല. തൊട്ടപ്പുറത്തുള്ള കിങ് അബ്ദുല്‍ അസീസ് കണ്ണാശുപ്രതി വരെ മാത്രമായിരുന്നു ഗ്രീന്‍ മെട്രോ ഓടിയിരുന്നത്. ധനമന്ത്രാലയം സ്റ്റേഷൻ കൂടി ആരംഭിച്ചതോടെ ഇനി ഈ ലൈനിൽ ബാക്കിയുള്ളത് ബത്ഹയിലെ മ്യൂസിയം സ്റ്റേഷൻ മാത്രമാണ്.
ജനുവരി അഞ്ചിന് ആ സ്റ്റേഷൻ പ്രവര്‍ത്തനം ആരംഭിക്കും. 12.9 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രീൻ ട്രാക്കിൽ മൊത്തം 12 സ്റ്റേഷനുകളാണുള്ളത്. തുറക്കാൻ മ്യൂസിയം സ്റ്റേഷൻ മാത്രമേ ബാക്കിയുള്ളൂ. വിദ്യാഭ്യാസ മന്ത്രാലയം സ്േറ്റഷനും ധനമന്ത്രാലയം സ്റ്റേഷനുമിടയിൽ കിങ് അബ്ദുൽ അസീസ് കണ്ണാശുപത്രി കൂടാതെ കിങ് സൽമാൻ പാർക്ക്, സുലൈമാനിയ, ദബാബ്, അബുദാബി സ്ക്വയർ, ഓഫീസേഴ്സ് ക്ലബ്, ഗോസി, അൽ വിസാറാത്, പ്രതിരോധ മന്ത്രാലയം എന്നീ സ്റ്റേഷനുകളാണുള്ളത്. വിവിധ മന്ത്രാലയങ്ങളിലെയും മറ്റ് സർക്കാർ ഓഫീസുകളിലെയും ഉദ്യോഗസ്ഥരും ഈ പ്രദേശങ്ങളിലെ താമസക്കാരുമാണ് ഈ ലൈനിലെ യാത്രക്കാർ.
റിയാദ് മെട്രോയിൽ ഇനി പ്രവർത്തനം ആരംഭിക്കാനുള്ളത് ഓറഞ്ച് ലൈനാണ്. നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ ജിദ്ദ റോഡിൽനിന്ന് ഏറ്റവും കിഴക്കുള്ള ഖഷം അൽആൻ വരെ 40.7 കിലോമീറ്റർ ദൈർഘ്യത്തിൽ കിടക്കുന്ന ഈ ട്രാക്ക് നഗര മധ്യത്തിലൂടെ പോകുന്ന മദീന റോഡുമായി ബന്ധിപ്പിക്കുന്നതാണ്. റിയാദ് മെട്രോയിലെ ആറ് ട്രാക്കുകളിൽ ഏറ്റവും നീളമുള്ളത് ഇതിനാണ്. 21 സ്റ്റേഷനുകളുണ്ട്. ഈ ട്രാക്കിലൂടെ ജനുവരി അഞ്ച് മുതൽ ട്രെയിൻ ഓടിത്തുടങ്ങുന്നതോടെ റിയാദ് മെട്രോ പദ്ധതി പൂർണതയിലെത്തും.
ഡിസംബർ ഒന്നിന് ബ്ലൂ, യെല്ലോ, പർപ്പിൾ എന്നീ മൂന്ന് ട്രാക്കുകളുമായി പ്രവർത്തനം തുടങ്ങിയ റിയാദ് മെട്രോയിൽ ഡിസംബർ 15ഓടെ റെഡ്, ഗ്രീൻ ട്രാക്കുകളും ആരംഭിച്ചു.ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ മെട്രോക്ക് ലഭിച്ചത്. മൂന്നാഴ്ചക്കുള്ളിൽ 30 ലക്ഷത്തിലേറെ ആളുകൾ ട്രെയിനുകളിൽ യാത്ര ചെയ്തുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.