തീർഥാടകർക്ക് മികവുറ്റ സേവനങ്ങളൊരുക്കി ഹജ്ജ് ഉംറ മന്ത്രാലയം; പതിനായിരം തൊഴിലാളികൾക്ക് പ്രത്യേക പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു
text_fieldsമക്ക: സൗദിയിലെത്തുന്ന ഈ വർഷത്തെ ഹജ്ജ് തീർഥാടകർക്ക് ആധുനിക സൗകര്യങ്ങളും മികവുറ്റ സേവനങ്ങളും നൽകാനൊരുങ്ങി ഹജ്ജ് ഉംറ മന്ത്രാലയം. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഹജ്ജ് മന്ത്രാലയം 1,00,000 തൊഴിലാളികൾക്ക് പ്രത്യേക പരിശീലനം നൽകുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. രാജ്യത്തെ ഹജ്ജ്, ഉംറ മന്ത്രാലയം, മക്കയിലെ ഉമ്മുൽ ഖുറ സർവകലാശാലയുമായി സഹകരിച്ചാണ് തീർഥാടകർക്ക് സേവനം നൽകുന്ന ജീവനക്കാരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലന സംരംഭം ആരംഭിച്ചത്. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030 ലക്ഷ്യങ്ങളിൽ ഇരു ഹറമിലുമെത്തുന്ന തീർഥാടകർക്ക് മികവുറ്റ സേവനങ്ങൾ നൽകുന്ന ‘റാഫിദ് അൽ ഹറമൈൻ’ പദ്ധതിയുടെ ഭാഗമായി ബൃഹത്തായ പരിശീലനപരിപാടിയാണ് ഇപ്പോൾ നടക്കുന്നത്. മക്കയിലും മദീനയിലുമെത്തുന്ന അല്ലാഹുവിന്റ അതിഥികളെ നിസ്വാർഥമായി സേവിക്കുന്നതിനുള്ള പരിപാടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മന്ത്രാലയം ഇതിനകം ശ്രമങ്ങൾ എടുത്തിട്ടുണ്ട്. രാജ്യത്തെത്തുന്ന സന്ദർശകർക്ക് ‘പോസിറ്റിവ് ഇംപ്രഷൻ’ നൽകുന്ന വിധത്തിലുള്ള സേവനം നൽകാൻ വേണ്ടുന്ന പരിശീലനമാണ് മന്ത്രാലയം നടപ്പാക്കുന്നത്.
രണ്ട് വിശുദ്ധ മസ്ജിദുകളിലെത്തുന്ന സന്ദർശകർക്ക് വേണ്ടിയുള്ള രാജ്യത്തിന്റെ മഹത്തായ പരിചരണം ഉൾക്കൊള്ളുന്ന നാല് വൈവിധ്യമാർന്ന പരിശീലന പരിപാടികളാണ് നടക്കുന്നത്. ആധുനിക സംവിധാനങ്ങളും ശാസ്ത്രീയ രൂപത്തിലുമുള്ള ശേഷി വികസന പരിപാടിയാണ് മന്ത്രാലയം ഇതിലൂടെ നടപ്പാക്കാനൊരുങ്ങുന്നത്. പ്രാദേശികവും അന്തർദേശീയവുമായ മികച്ച അനുഭവങ്ങളിൽനിന്ന് പ്രയോജനം നേടിക്കൊണ്ട് ഹജ്ജ്, ഉംറ സീസണിൽ തൊഴിലാളികളെ അവരുടെ ജോലികൾ പൂർണമായി നിർവഹിക്കാൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. തീർഥാടകർക്ക് വിവിധ രീതിയിൽ സേവനം ചെയ്യാൻ വളന്റിയർമാരെ പ്രാപ്തരാക്കാൻ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സ്പെഷലിസ്റ്റുകളെയും വിവിധ രംഗത്ത് വൈദഗ്ധ്യമുള്ള വ്യക്തിത്വങ്ങളെയും ഉപയോഗപ്പെടുത്തി വിവിധ രീതിയിൽ പരിശീലനം നടത്താനും മന്ത്രാലയം നടപടി എടുത്തിട്ടുണ്ട്. രണ്ട് വിശുദ്ധ മസ്ജിദുകളിലെത്തുന്ന വിശ്വാസികൾക്ക് നല്ല അനുഭവം ഉണ്ടാക്കാൻ നാല് വൈവിധ്യമാർന്ന പരിശീലന പരിപാടികളാണ് സന്നദ്ധ സേവന പ്രവർത്തകർക്ക് നൽകുന്നത്. ഹജ്ജ് തുടങ്ങുന്നതിനു മുമ്പ് തന്നെ പുതിയ വളന്റിയർമാരെ പരിശീലനം നൽകി വാർത്തെടുക്കാൻ മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്. ഹജ്ജ് ഉംറ മന്ത്രാലയം നൽകുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് https://uqu.edu.sa/icrs/App/Forms/Show/113205 എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.