വിദേശികൾക്ക് ‘വ്യക്തിഗത ഹജ്ജ് തീർഥാടന’ സേവനം ഉടൻ
text_fieldsജിദ്ദ: ‘നസ്ക്’ പ്ലാറ്റ്ഫോം വഴി രാജ്യത്തിന് പുറത്തുനിന്ന് ഹജ്ജിന് അപേക്ഷിക്കാൻ ‘വ്യക്തിഗത തീർഥാടന’ (അൽഹുജ്ജാജുൽ അഫ്റാദ്) സേവനം ഉടൻ ആരംഭിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2022ൽ ഉംറ മേഖലയിൽ നൽകിയ സേവനങ്ങൾ വിവരിച്ചപ്പോഴാണ് ഇക്കാര്യം സൂചിപ്പിച്ചത്. പുതിയ സേവനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 2022ൽ 70 ലക്ഷം ഉംറ തീർഥാടകർക്ക് സേവനങ്ങൾ നൽകി. ഇതിൽ 40 ലക്ഷം പേർ എത്തിയത് ഉംറ വിസയിലാണ്. ഹജ്ജ്, ഉംറ സമ്പ്രദായത്തിന്റെ നയങ്ങൾ ‘വിഷൻ 2030’ൽനിന്ന് ഉരുത്തിരിഞ്ഞതാണ്. സേവനത്തിലൂടെ തീർഥാടകർക്ക് രാജ്യത്തുടനീളം ആരോഗ്യകരവും സമൃദ്ധവുമായ ജീവിതം സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജ്, ഉംറ തീർഥാടകർക്കായി 14 ഭാഷകളിൽ 13 ബോധവത്കരണ ഗൈഡുകൾ പുറത്തിറക്കി. എല്ലാത്തരം വിസകളുമുള്ളവർക്കും ഉംറ നിർവഹിക്കാൻ സാധ്യമാക്കിയത് നേട്ടങ്ങളിൽപെടും. ടൂറിസ്റ്റ് വിസ, ഓൺ അറൈവൽ വിസ, ഫാമിലി വിസ, വ്യക്തിഗത വിസ എന്നിവ ഇതിലുൾപ്പെടും. ഉംറ വിസ കാലാവധി 30 ദിവസത്തിൽനിന്ന് 90 ദിവസമായി നീട്ടി. മതപരമായ സ്ഥലങ്ങളും ചരിത്രസ്മാരകങ്ങളും സന്ദർശിക്കാനും രാജ്യത്തെ എല്ലാ നഗരങ്ങൾക്കിടയിലൂടെ സഞ്ചരിക്കാനും തീർഥാടകർക്ക് സാധ്യമായി.
ഉംറ പാക്കേജ് ബുക്ക് ചെയ്യുന്നതിനും ലോകത്തെ എല്ലാ രാജ്യങ്ങൾക്കും ഇലക്ട്രോണിക്കായി വിസകൾ നൽകുന്നതിനും 121 സേവനങ്ങൾ ഉൾപ്പെടുന്ന ‘നസ്ക് പ്ലാറ്റ്ഫോം’ ആരംഭിച്ചതും വലിയ നേട്ടമായി കാണുന്നു. 2021ലെ ശൈഖ് സാലിം ബിൻ അലി അൽസബാഹ് ഇൻഫർമാറ്റിക്സ് അവാർഡ് ഈ ആപ്ലിക്കേഷനാണ് ലഭിച്ചതെന്ന് മന്ത്രാലയം സൂചിപ്പിച്ചു. ബ്രിട്ടൻ, തുനീഷ്യ, ബംഗ്ലാദേശ്, മലേഷ്യ, കുവൈത്ത് എന്നീ അഞ്ച് രാജ്യങ്ങളിലെ തീർഥാടകർക്ക് ഉടനടി വിസ ലഭിക്കുന്നതിന് ഇലക്ട്രോണിക് രീതിയിൽ ബയോമെട്രിക് അടയാളങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സേവനം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ സ്മാർട്ട് ഫോണുകൾക്കായുള്ള (സൗദി വിസ ബയോ) ആപ്ലിക്കേഷൻ വഴി വിസ നൽകുന്നതിനാണിത്. തീർഥാടകർക്കും ഉംറ നിർവഹിക്കുന്നവർക്കും സമഗ്ര ഇൻഷുറൻസ് സേവനവും ആരംഭിച്ചു. അടിയന്തര ആരോഗ്യ കേസുകൾ, കോവിഡ്, പൊതു അപകടങ്ങളും മരണങ്ങളും, വിമാനം റദ്ദാക്കൽ അല്ലെങ്കിൽ കാലതാമസം എന്നിവ ഇൻഷുറൻസിൽ ഉൾപ്പെടുന്നു. ഇലക്ട്രോണിക് രീതിയിൽ സേവനങ്ങൾ നൽകുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിൽ മന്ത്രാലയം അതീവ ശ്രദ്ധ ചെലുത്തുകയും ആ രംഗത്ത് മറ്റു മന്ത്രാലയങ്ങൾക്കിടയിൽ മികച്ച സ്ഥാനം നേടുകയും ചെയ്തു.
വരുംവർഷങ്ങളിൽ തീർഥാടകന്റെ വരവ് മുതൽ തിരിച്ചുപോകുന്നതുവരെ ഹോട്ടൽ ബുക്കിങ്, സേവനങ്ങൾ, ഗതാഗതം, ക്രൗഡ് മാനേജ്മെന്റ് എന്നിവ ഉൾപ്പെടെ അവർ കടന്നുപോകുന്ന സ്ഥലങ്ങളിലെ എല്ലാ നടപടികളും ഇലക്ട്രോണിക് സംവിധാനത്തിൽ ആയിരിക്കാൻ മന്ത്രാലയം ശ്രമിച്ചുകൊണ്ടിരിക്കയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.