റമദാനിൽ സൗദിയിലെ പള്ളികളിൽ പാലിക്കേണ്ട നിബന്ധനകൾ പുറത്തുവിട്ട് ഇസ്‌ലാമികകാര്യ മന്ത്രാലയം
text_fieldsജിദ്ദ: റമദാൻ മാസത്തിൽ രാജ്യത്തെ മുഴുവൻ പള്ളികളിലും പാലിക്കേണ്ട നിബന്ധനകൾ സൗദി ഇസ്‌ലാമികകാര്യ, കാൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം പുറത്തുവിട്ടു. പ്രാർഥനകൾ നടക്കുമ്പോൾ ഇമാമിന്‍റെയും (പ്രാർഥനക്ക് നേതൃത്വം നൽകുന്നയാൾ) ആരാധനകളിൽ ഏർപ്പെട്ടിരിക്കുന്ന വിശ്വാസികളുടെയും ഫോട്ടോ എടുക്കാൻ പള്ളികളിൽ അനുവാദമില്ല. പ്രാർഥനകളും പള്ളിക്കകത്തു വെച്ച് നടക്കുന്ന മറ്റു കാര്യങ്ങളും ഏതെങ്കിലും മാധ്യമങ്ങൾ വഴി സംപ്രേഷണം ചെയ്യരുത്.
ഇമാമുമാരും മുഅദ്ദിൻമാരും (ബാങ്ക് വിളിക്കുന്നയാൾ) ഉൾപ്പെടെയുള്ള പള്ളികളിലെ ജീവനക്കാരോട് അവരുടെ ജോലിയിൽ കൃത്യസമയത്ത് ഹാജരാവാൻ മന്ത്രാലയം നിർദേശം നൽകി. ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ച് പ്രാർഥനകൾക്കുള്ള സമയം കൃത്യമായി നിശ്ചയിക്കണം. ബാങ്ക്, ഇഖാമത്ത് എന്നിവക്കിടയിലുള്ള ഇടവേളയുടെ ദൈർഘ്യവും കൃത്യമായി പാലിക്കണമെന്ന് മുഅദ്ദിന്മാർക്ക് നിർദേശം നൽകി.
നോമ്പുകാർക്കും മറ്റുള്ളവർക്കും ഇഫ്താർ വാഗ്ദാനം ചെയ്യുന്ന പദ്ധതികൾക്ക് സാമ്പത്തിക സംഭാവനകൾ ശേഖരിക്കരുതെന്നും പള്ളികളുടെ മുറ്റത്തും തയാറാക്കിയ സ്ഥലങ്ങളിലും ഇഫ്താർ പ്രോജക്റ്റുകൾ ഉണ്ടായിരിക്കണമെന്നും അവ ഇമാമിന്‍റെയോ അല്ലെങ്കിൽ അദ്ദേഹം നിശ്ചയിക്കുന്നയാളിന്‍റെയോ ഉത്തരവാദിത്തത്തിലായിരിക്കണമെന്നും മന്ത്രാലയം എല്ലാ പള്ളി ജീവനക്കാർക്കും മുന്നറിയിപ്പ് നൽകി. നോമ്പ് തുറക്കാൻ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ നോമ്പ് തുറന്നു കഴിഞ്ഞു മുഅദ്ദിൻ വൃത്തിയാക്കണം.
നിർബന്ധിത പ്രാർഥനകൾക്ക് ശേഷം പള്ളിയിലെ ജമാഅത്തിന് ഉപയോഗപ്രദമായ പുസ്തകങ്ങൾ വായിക്കാൻ പള്ളികളിലെ ഇമാമുകളെ ഓർമിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രാലയം ആഹ്വാനം ചെയ്തു. നിയമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് പള്ളികളിൽ ഇഅ്തികാഫിന് (പള്ളിയിൽ ഭജനമിരിക്കൽ) അനുമതി നൽകുന്നതിന് പള്ളി ഇമാമിന് ഉത്തരവാദിത്തമുണ്ട്. ഇഅ്തികാഫ് ആചരിക്കുന്നവർ പള്ളികളിൽ തറാവീഹ് നമസ്‌കാരത്തിനെത്തുന്നവർക്ക് അസൗകര്യമുണ്ടാക്കരുത്. ഖുനൂത്ത് ഉൾപ്പെടെയുള്ള പ്രാർഥനകൾ പള്ളിക്കകത്ത് മാത്രം പരിമിതപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും മന്ത്രാലയം ഓർമിപ്പിച്ചു.
സ്ത്രീകളുടെ പ്രാർഥന സ്ഥലങ്ങൾ ഉൾപ്പെടെ പള്ളിക്കകത്ത് ശുചിത്വം ഉറപ്പുവരുത്തണം. പള്ളികളുടെ ക്ലീനിങ്, മെയിന്‍റനൻസ് എന്നിവക്ക് നിയോഗിച്ച കമ്പനികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, പള്ളി ജീവനക്കാർ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, വിശ്വാസികളെ നന്മ ചെയ്യാൻ പ്രേരിപ്പിക്കുക തുടങ്ങിയവയുടെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു. തറാവീഹ് നമസ്‌കാരത്തിനുൾപ്പെടെ ആരാധനക്കെത്തുന്നവർക്ക് ആശയക്കുഴപ്പവും ശല്യവും ഉണ്ടാക്കുന്ന കുട്ടികളെ പള്ളികളിലേക്ക് കൊണ്ടുവരാതിരിക്കാൻ വിശ്വാസികളെ ബോധവത്കരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.