നീതി മന്ത്രാലയത്തിന്റെ ‘തറാദി’ തർക്ക പരിഹാര പ്ലാറ്റ്ഫോം
text_fieldsയാംബു: സൗദി നീതി മന്ത്രാലയത്തിന്റെ തർക്ക പരിഹാര ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘തറാദി’ വഴി ഇതുവരെ പ്രയോജനം ലഭിച്ചത് 40 ലക്ഷത്തിലധികം ആളുകൾക്ക്.
രാജ്യത്തെ നീതിനിർവഹണ രംഗത്തെ കാലോചിതമായ പരിഷ്കരണത്തിനും സമൂഹത്തിനിടയിൽ ഐക്യവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കുന്നതിനും വിട്ടുവീഴ്ച മനോഭാവത്തിന് കൂടുതൽ പ്രചരണം നൽകുന്നതിനുമായി ആരംഭിച്ച ‘തറാദി’ പ്ലാറ്റ്ഫോമിന്റെ തുടക്കം മുതൽ ഇതുവരെ 20 ലക്ഷത്തിലധികം അനുരഞ്ജന ചർച്ചകൾ ഓൺലൈനായി നടത്താനായി.
ഇതിന്റെ ഗുണം 40 ലക്ഷത്തിലധികം ഉപയോക്താക്കൾക്കാണ് ലഭിച്ചത്. കൂടാതെ 3,70,000ലധികം അനുരഞ്ജന കരാറുകളിൽ തീർപ്പുണ്ടാക്കാനും കഴിഞ്ഞതായി സൗദി നീതിവകുപ്പ് വെളിപ്പെടുത്തി.
വ്യക്തിഗത പ്രശ്നങ്ങൾ, ട്രാഫിക്, റിയൽ എസ്റ്റേറ്റ്, പിഴ, വാണിജ്യമേഖല, പൊതുസ്വത്ത് വിഷയം, സാമ്പത്തിക രംഗം, മെഡിക്കൽ മേഖലയിലെ ദുരുപയോഗ തർക്കങ്ങൾ എന്നിവയുൾപ്പെടെ നിരവധി കേസുകൾ ‘തറാദി’ വഴി കൈകാര്യം ചെയ്യുന്നു.
മന്ത്രാലയത്തിന് കീഴിലുള്ള അനുരഞ്ജന കേന്ദ്രമാണ് ഈ പ്ലാറ്റ്ഫോം വഴി തർക്കപരിഹാര സെഷനുകൾ വാഗ്ദാനം ചെയ്യുന്നത്. https://taradhi.moj.gov.sa/ എന്ന ലിങ്കിൽ ‘തറാദി’ പ്ലാറ്റ്ഫോം ലഭിക്കും. ഗുണഭോക്താക്കൾക്ക് എല്ലാ സമയവും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഈ പ്ലാറ്റ്ഫോം വഴി സാധിക്കും.
സമൂഹത്തിൽ അനുരഞ്ജനത്തിന്റെ സംസ്കാരം പ്രോത്സാഹിപ്പിക്കുക, തർക്ക പരിഹാരത്തിന് മുൻഗണനയുള്ള സാമൂഹികവും സാമ്പത്തികവുമായ ബദലായി അതിനെ സ്ഥാപിക്കുക എന്നതാണ് കേന്ദ്രം ‘തറാദി’ വഴി ലക്ഷ്യമിടുന്നത്.
യോഗ്യരായ ‘സർട്ടിഫൈഡ് കൗൺസിലിയേറ്റർമാർ’ വിവിധ രീതിയിൽ തർക്കങ്ങൾ കൈകാര്യം ചെയ്യാൻ നടപടി സ്വീകരിക്കും. കരാറുകൾ ലംഘിക്കുന്ന സാഹചര്യത്തിൽ പ്ലാറ്റ്ഫോം നൽകുന്ന അനുരഞ്ജന രേഖകൾ എൻഫോഴ്സ്മെന്റ് കോടതി മുഖേന നടപ്പാക്കാവുന്നതാണ്.
തറാദി വഴി നടത്തുന്ന അനുരഞ്ജനത്തിലൂടെ ഇഷ്യു ചെയ്യുന്ന സാക്ഷിപത്രത്തിന് കോടതിവിധിയുടെ അതേ മൂല്യമുണ്ടാകുകയും ബന്ധപ്പെട്ട വകുപ്പുകൾ വിധി നടപ്പാക്കുകയും ചെയ്തിരിക്കണമെന്നാണ് നിയമം. കോടതി നടപടികൾ നീണ്ടു പോകാതിരിക്കുന്നതിനും കേസുകളുടെ ബാഹുല്യം മുഖേന കോടതികൾ നേരിടുന്ന പ്രയാസങ്ങൾ കുറക്കുന്നതിനും ഇതുവഴി സാധിക്കുന്നു.
കേസിലെ കക്ഷികൾക്ക് നിർമിത ഓഫീസ് സന്ദർശിക്കാതെ തന്നെ തർക്കങ്ങൾ ‘തറാദി വഴി ഓൺലൈനായി പരിഹരിക്കാൻ കഴിയുന്നുവെന്നതാണ് ഏറ്റവും വലിയ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.