സാമൂഹിക വികസന മന്ത്രാലയ മുന്നറിയിപ്പ്; റമദാനിൽ പരസ്യ ആവശ്യങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുത്
text_fieldsറിയാദ്: റമദാനിൽ വാണിജ്യ, പരസ്യ വിപണന ആവശ്യങ്ങൾക്കും മറ്റും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ചാരിറ്റി കാമ്പയിനിലും വാണിജ്യ, പരസ്യ വിപണന രംഗങ്ങളിലും കുട്ടികളെ ഉപയോഗിക്കുന്നതിൽനിന്ന് കർശനമായി തടയണം. ശിശുസംരക്ഷണ സംവിധാനത്തിന്റെ ആർട്ടിക്കിൾ മൂന്ന്, എക്സിക്യൂട്ടിവ് ചട്ടങ്ങൾ എന്നിവപ്രകാരമാണ് മുന്നറിയിപ്പ്.
ഈ വ്യവസ്ഥകൾ കുട്ടികളുടെ വികസനഘട്ടങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വലിയ ജനക്കൂട്ടവുമായി സമ്പർക്കം പുലർത്തുന്നതിന്റെ അപകടങ്ങളിൽനിന്ന് കുട്ടിയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും മന്ത്രാലയം പറഞ്ഞു. ഇത് പ്രായത്തിന് വിരുദ്ധമായ പിരിമുറുക്കത്തിലും ഉത്കണ്ഠയിലും അവരെ എത്തിക്കും.
സമപ്രായക്കാർക്കിടയിൽ അവർ ഭീഷണിപ്പെടുത്തലിന് ഇരയാകാനും ഇടയുണ്ട്. റമദാൻ ധനസമാഹരണ പ്രവർത്തനങ്ങളിലും വിപണന ആശയവിനിമയ കാമ്പയിനുകളിലും ചില ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ കുട്ടികളെ ഉപയോഗിക്കുന്നതായി മന്ത്രാലയം നിരീക്ഷിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്നും മന്ത്രാലയം പറഞ്ഞു.
കുട്ടികളെ വാണിജ്യ, പരസ്യ വിപണന ആവശ്യങ്ങൾക്ക് ചൂഷണം ചെയ്യുന്നവർക്കെതിരെ ശിശുസംരക്ഷണ സംവിധാനത്തിന്റെ ആർട്ടിക്കിൾ മൂന്ന് അനുസരിച്ച് നിയമനടപടികൾ സ്വീകരിക്കും. ഇത്തരം ചൂഷണം ശ്രദ്ധയിൽപെട്ടാൽ 19911 എന്ന നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷൻ വഴിയോ വിവരമറിയിക്കണമെന്നും മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.