യോഗയുടെ നേട്ടങ്ങൾ ഉപയോഗപ്പെടുത്താൻ സാമൂഹിക വികസന മന്ത്രാലയവും സൗദി യോഗ കമ്മിറ്റിയും കരാറിൽ ഒപ്പുവെച്ചു
text_fieldsദമ്മാം: യോഗയുടെ നേട്ടങ്ങൾ സമൂഹത്തിൽ കൂടുതൽ പ്രചരിപ്പിക്കുന്നതിനുള്ള കരാറിൽ സൗദി യോഗ കമ്മിറ്റിയും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും ശനിയാഴ്ച ഒപ്പുവച്ചു. റിയാദിൽ നടന്ന ചടങ്ങിൽ സൗദി യോഗ കമ്മിറ്റി വൈസ് ചെയർമാൻ മിഷേൽ ബിൻത് ഫൈസൽ രാജകുമാരിയും റിയാദ് മേഖലയിലെ മന്ത്രാലയത്തിന്റെ സോഷ്യൽ റെസ്പോൺസിബിലിറ്റി വിഭാഗം ഡയറക്ടർ ഹുദ അൽ ഹൈദരിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
പ്രാഥമികമായി യോഗാഭ്യാസങ്ങൾ ദിനചര്യകളിൽ ഉൾപ്പെടുത്താൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ യോഗ പരിശീലനത്തിനൊപ്പം മന്ത്രാലയത്തിനു കീഴിലുള്ള കെയർ സെന്ററുകളിലെയും ഷെൽട്ടറുകളിലെയും തൊഴിലാളികൾക്ക് സമ്മർദം നിയന്ത്രിക്കാനും മാനസിക ആരോഗ്യം നിലനിർത്താനും, ശാരീരിക നില മെച്ചപ്പെടുത്താനും സഹായിക്കുന്ന ഉപകരണങ്ങൾ നൽകും. സൗദി വിഷൻ 2030 ദേശീയ വികസന പദ്ധതിയുടെ ലക്ഷ്യങ്ങൾക്കനുസൃതമായി സമൂഹത്തിന്റെ മാനസികവും, ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മന്ത്രാലയം പ്രതിഞ്ജാബദ്ധമാണന്നും അതിന്റെ ഭാഗമായാണ് ഇത്തരമൊരു കരാറെന്നും അവർ വ്യക്തമാക്കി. വിഷൻ 2023 ന്റെ ലക്ഷ്യങ്ങളിലൊന്നായ സമഗ്ര ആരോഗ്യ വികസനഭാഗമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും യുവജനവിഭാഗങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള ചുവടുവെപ്പാണിതെന്ന് കരാറിൽ ഒപ്പുവെച്ചുകൊണ്ട് രാജകുമാരി മിഷേൽ പറഞ്ഞു.
'രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് യുവജനങ്ങളും, അവരുടെ ആരോഗ്യവുമെന്ന് രാജകുമാരി പറഞ്ഞു., അതിനുവേണ്ടി സമയം കണ്ടെത്തുന്നത് സമൂഹത്തിന് ഉണർവും, പുതിയ ദിശാബോധവും നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. യോഗ പരിശീലിക്കുന്നത് നിരവധി ശാരീരിക വിഷമങ്ങളിൽ നിന്നുള്ള വിടുതലിന് കാരണമാകും. കായിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ മെയ് വഴക്കം നൽകുന്നതിനും, മനസ്സിന് ഏകാഗ്രത ലഭിക്കുന്നതിനും കാരണമാകുമെന്നും മന്ത്രാലയം പറഞ്ഞു. കായിക, ചികിത്സാ മേഖലകളിലും യോഗ സഹായകമാകും. സ്പോർട്സ് സയൻസിൻ്റെ നേട്ടങ്ങൾ യോഗയുമായി സമന്വയിപ്പിച്ചാൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.