ഹോട്ടൽ ശേഷി വിപുലീകരിക്കാനുള്ള ഹയാത്ത് ഹോട്ടൽസിന്റെ പദ്ധതി സ്വാഗതം ചെയ്ത് ടൂറിസം മന്ത്രാലയം
text_fieldsറിയാദ്: അഞ്ച് വർഷത്തിനുള്ളിൽ സൗദിയിൽ ഹോട്ടൽ ശേഷി വിപുലീകരിക്കാനുള്ള ഹയാത്ത് ഹോട്ടൽസിന്റെ പദ്ധതിയെ ടൂറിസം മന്ത്രി അഹ്മ്മദ് അൽഖത്തീബ് സ്വാഗതം ചെയ്തു. റിയാദിൽ ടൂറിസം വകുപ്പ് ആസ്ഥാനത്ത് ഹയാത്ത് ഇന്റർനാഷനൽ ഡയറക്ടർ ബോർഡ് ചെയർമാൻ ട്രാം പ്രിറ്റ്സ്കറിനെ സ്വീകരിച്ചപ്പോഴാണ് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ പുതിയ ഹോട്ടലുകൾ നിർമിക്കുകയും ഹോട്ടൽ ശേഷി 1,700 മുറികളിൽ നിന്ന് 5,000 മുറികളാക്കി വർധിപ്പിക്കുകയും ചെയ്തു സൗദിയിൽ ഹോട്ടൽ വിപുലീകരിക്കുന്നത് സംബന്ധിച്ച ഹയാത്ത് ഇന്റർനാഷനലിന്റെ പ്രഖ്യാപനത്തെയാണ് ടൂറിസം മന്ത്രി സ്വാഗതം ചെയത്. ഇത് രാജ്യത്തിന്റെ ടൂറിസം ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കുന്നതിന് ഈ പദ്ധതി സഹായകമാകുമെന്ന് അൽ ഖത്തീബ് അഭിപ്രായപ്പെട്ടു.
ടൂറിസം മേഖലയിൽ സൗദികളെ ശാക്തീകരിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ വെളിച്ചത്തിൽ സൗദി ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനും ജോലിക്കെടുക്കുന്നതിനും ഹയാത്ത് ഹോട്ടലുകൾക്ക് സംഭാവന നൽകാനുള്ള അവസരങ്ങൾ ഇരുവരും അവലോകനം ചെയ്തു. ലോകോത്തര സേവനങ്ങൾ നൽകുന്നതിനായി ടൂറിസം മേഖല വികസിപ്പിക്കുന്നതിനുള്ള സൗദിയുടെ പ്രതിജ്ഞാബദ്ധതയിലുൾപ്പെടുന്നതാണ് ഹയാത്ത് ഹോട്ടലുകൾ പോലുള്ള പ്രശസ്തമായ അന്താരാഷ്ട്ര ഹോട്ടലുകളെ ആകർഷിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെന്ന് അൽഖത്തീബ് അഭിപ്രായപ്പെട്ടു. 2030 ഓടെ 150 ദശലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് സൗദി ശ്രമിക്കുന്നത്. വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് 2030 ഓടെ ഹോട്ടൽ മുറികളുടെ എണ്ണം 550000 ആയി ഉയർത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. രാജ്യത്തെ ടൂറിസം മേഖല സാക്ഷ്യപ്പെടുത്തുന്ന സമൃദ്ധിക്കും വികസനത്തിനും ഇടയിൽ ജി.ഡി.പി യിൽ ടൂറിസ്റ്റ് മേഖലയുടെ സംഭാവന 10 ശതമാനം വർധിപ്പിക്കുമെന്നും അൽഖത്തീബ് പറഞ്ഞു.
ടൂറിസം മേഖലയിലെ സൗദിയുടെ അടിസ്ഥാന സൗകര്യ വികസനത്തെ ഹയാത്ത് ഇന്റർനാഷനൽ ചെയർമാൻ പ്രിറ്റ്സ്കർ പ്രശംസിച്ചു. നിക്ഷേപകർക്ക് സൗദി അറേബ്യ നൽകുന്ന മികച്ച സൗകര്യങ്ങൾ രാജ്യത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിപുലീകരിക്കാൻ കമ്പനിയെ പ്രോത്സാഹിപ്പിച്ചുവെന്നും പ്രിറ്റ്സ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.