വിദേശ ഉംറ യാത്രികർക്ക് പുതിയ നിർദേശങ്ങളുമായി മന്ത്രാലയം
text_fieldsറിയാദ്: അടുത്ത ഹിജ്‌റ വർഷാരംഭത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പുതുവർഷത്തിൽ ഉംറ സേവന സ്ഥാപനങ്ങൾക്കും തീർഥാടകർക്കും പുതിയ മാർഗനിർദേശങ്ങളുമായി ഹജ്ജ്, ഉംറ മന്ത്രാലയം. സൗദിക്ക് പുറത്തുനിന്ന് ഉംറ നിർവഹിക്കാൻ എത്തുന്നവരുമായി ബന്ധപ്പെട്ടാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. ഉംറ സ്ഥാപനം തീർഥാടകന് നൽകുന്ന പ്രധാന സേവനങ്ങൾ, താമസ സ്ഥലം, സൗദിക്കുള്ളിലെ ഗതാഗതം, ആരോഗ്യ ഇൻഷുറൻസ്, മറ്റ് അടിസ്ഥാന സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകൾ റിസർവേഷൻ പ്രോഗ്രാമിൽ ഉണ്ടായിരിക്കണം.
18 വയസിന് താഴെയുള്ള തീർഥാടകനൊപ്പം നിർബന്ധമായും ഒരു കൂട്ടാളിയുണ്ടായിരിക്കണം. ഉംറ പ്രോഗ്രാമിെൻറ ദൈർഘ്യം തീർഥാടകരുടെ സൗദിയിലെ താമസകാലയളവുമായി പൊരുത്തപ്പെടുന്നതാവണം. തീർഥാടകൻ നിലകൊള്ളുന്ന രാജ്യത്തെ റെസിഡൻറ് പെർമിറ്റിന് 90 ദിവസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണം എന്നിവ പ്രധാന വ്യവസ്ഥകളാണ്. എ, ബി, സി എന്നീ മൂന്ന് വിഭാഗങ്ങളായി ഉംറ സേവനസ്ഥാപനങ്ങളെ തരം തിരിച്ചിട്ടുണ്ട്.
പുതുതായി ലൈസൻസ് ലഭിച്ച സ്ഥാപനങ്ങളെ ‘സി’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തീർഥാടകരുടെ എണ്ണവും അവർക്ക് നൽകുന്ന സേവനവുമനുസരിച്ച് ഉയർന്ന വിഭാഗത്തിലേക്ക് മാറാൻ അവസരം ലഭിക്കും. ഓരോ ഉംറ ഗ്രൂപ്പിനും നേതൃത്വം വഹിക്കുന്ന ഒരാൾ ഉണ്ടായിരിക്കൽ നിർബന്ധമാണ്. ‘നുസുക്’ ആപ്പ് വഴി മദീനയിലെ മസ്ജിദുന്നബവി, റൗദ ശരീഫ് സന്ദർശനം അടക്കമുള്ളവക്ക് അനുമതി കരസ്ഥമാക്കണം. ഉംറ നിർവഹണവുമായി ബന്ധപ്പെട്ട അനുമതി ആരംഭിക്കുന്ന സമയത്തിന് ആറ് മണിക്കൂർ മുമ്പ് തീർഥാടകൻ സൗദിയിൽ പ്രവേശിച്ചിട്ടില്ലെങ്കിൽ പെർമിറ്റ് സ്വയമേവ റദ്ദാവും.
ഉംറ യാത്ര തീയതിയിലോ സമയത്തിലോ മാറ്റം വരുത്തുന്ന പക്ഷം നുസുക് ആപ്പിലെ മുൻ അനുമതികൾ ഇല്ലാതാക്കുകയും പുതുക്കിയ തിയതി, സമയം എന്നിവക്കനുസൃതമായി വീണ്ടും അനുമതി കരസ്ഥമാക്കുകയും ചെയ്യണം. തീർഥാടകർക്ക് അതിഥ്യമരുളാനും വിമാനയാത്ര അടക്കമുള്ള കാര്യങ്ങൾ കൃത്യതയോടെ നടപ്പാക്കാനുമുള്ള പൂർണ ഉത്തരവാദിത്വം ബന്ധപ്പെട്ട കമ്പനികൾക്കാണ്. സൗദിക്കുള്ളിലെ യാത്രകളിൽ തീർഥാടകരുടെ വിവരങ്ങൾ ഗ്രൂപ്പിങ് ക്രമത്തിൽ ബന്ധപ്പെട്ട പ്ലാറ്റ്‌ഫോമിലൂടെ നൽകാനും പേരുവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് പ്രിൻറ് ചെയ്ത് വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കൈമാറാനും കമ്പനികൾ ബാധ്യസ്ഥരാണ്. യാത്രയിൽ നിരോധിത വസ്തുക്കൾ തീർഥാടകർ കൈവശം കരുതുന്നില്ലെന്നും കമ്പനികൾ ഉറപ്പാക്കണമെന്നും മാർഗനിർദേശങ്ങളിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.