ഹജ്ജ് തീർഥാടകരെ സ്വീകരിക്കാനൊരുങ്ങി മീഖാത്ത് ദുൽ ഹുലൈഫ പള്ളി
text_fieldsമദീന: മദീനഭാഗത്തുനിന്ന് ഹജ്ജിനായി എത്തുന്നവർക്ക് 'ഇഹ്റാം' ചെയ്യുന്ന സ്ഥലമായ (മീഖാത്ത്) ദുൽ ഹുലൈഫയിലെ പള്ളി തീർഥാടകരെ സ്വീകരിക്കാനൊരുങ്ങി. മക്കയുടെ വടക്കും മദീനയുടെ തെക്കുമായി സ്ഥിതിചെയ്യുന്ന ദുൽ ഹുലൈഫ ഇനി തിരക്കുകളുടെ നാളുകളിലമരും. മദീനയിലേക്ക് 13 കിലോമീറ്ററും മക്കയിലേക്ക് 420 കിലോമീറ്ററും ദൂരമാണ് ഇവിടെനിന്നുള്ളത്. ഹജ്ജ് തീർഥാടനത്തിെൻറ പ്രധാന കർമങ്ങളിൽ പ്രവേശിക്കുന്നതിനു മുമ്പായി പുരുഷന്മാർ വെള്ള വസ്ത്രം ധരിച്ച് ഒരുങ്ങുന്ന ആദ്യകർമമാണ് 'ഇഹ്റാം'.
ഇതിനായി ഓരോ രാജ്യത്തുനിന്നും വരുന്നവർക്ക് പ്രത്യേകം പ്രദേശങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഹജ്ജിനും ഉംറക്കും മക്കയിലേക്ക് വരുന്ന തീർഥാടകർക്ക് ഇഹ്റാം ചെയ്യാൻ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽനിന്നാണ് ഇഹ്റാം ചെയ്യുക. ഇവിടം മുതലാണ് ഹജ്ജിെൻറ വസ്ത്രം ധരിച്ച് തീർഥാടകർ തൽബിയ്യത്ത് മന്ത്രങ്ങൾ ഉരുവിട്ട് തുടങ്ങുക. അബ്യാർ അലി എന്ന പേരിൽ അറിയപ്പെടുന്ന ദുൽ ഹുലൈഫയിലെ മീഖാത്ത് പള്ളിയിൽ ഈ വർഷത്തെ ഹജ്ജിനെത്തുന്നവരെ സ്വീകരിക്കാൻ ഒരുക്കം പൂർത്തിയായി വരുകയാണ്. കുളിമുറികൾ, ടോയ്ലറ്റുകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും പള്ളിയോടനുബന്ധിച്ച് അധികൃതർ ഒരുക്കിയിട്ടുണ്ട്.
പള്ളിയിൽ ഉയർന്ന നിലവാരമുള്ള പരവതാനികളുടെ വിരിക്കലും അറ്റകുറ്റ പ്പണികളുടെ പൂർത്തീകരണവും പുരോഗമിക്കുകയാണ്. 5000 ചതുരശ്ര മീറ്റർ ഏരിയയിൽ എട്ട് മില്ലിമീറ്റർ കനത്തിൽ മികച്ച പരവതാനികൾ നിരത്തുന്ന പണി ഇതിനകം പൂർത്തിയായി. ഒരേസമയം 6,000 തീർഥാടകരെ ഉൾക്കൊള്ളാൻ മാത്രം വിശാലമാണ് ഈ പള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.