'തുമ്പിപ്പെണ്ണേ നീ തുള്ളിതുള്ളി....' ഓണസമ്മാനമായി മിസ്ബാഹിന്റെ പാട്ട്
text_fieldsദമ്മാം: ഓണം പ്രവാസികൾക്ക് ഗൃഹാതുരമായ ഓർമകളാകുമ്പോൾ അത്തരം ബാല്യകാല കൗതുകങ്ങളെ മനോഹരമായി കോർത്തിണക്കിയ ഓണപ്പാട്ട് ശ്രദ്ധനേടുന്നു. അഞ്ചു വയസ്സുകാരൻ മിസ്ബാഹ് കണ്ണുരിന്റെ 'ഓണം വന്ന നേരം' എന്ന ആൽബമാണ് മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. ഹബീബ് മാങ്കൂട്ടത്തിന്റെ വരികൾക്ക് പിതാവും ഗായകനുമായ ജസീർ കണ്ണൂർ ഈണം നൽകിയ ഗാനമാണ് മിസ്ബാഹ് ആലപിച്ചിരിക്കുന്നത്.
ഫാറുഖ് പന്നിത്തടമാണ് ആൽബത്തിന്റെ സംവിധാനം. പ്രവാസലോകത്തുനിന്ന് നാട്ടിലെത്തുന്ന ഒരു കുട്ടിയുടെ ഓണ കൗതുകങ്ങളിലൂടെയാണ് ആൽബത്തിന്റെ കാഴ്ചകൾ ഇതൾ വിരിയുന്നത്. മിസ്ബാഹിന്റെ കുട്ടിത്തം മാറാത്ത ആലാപന ശൈലി പാട്ടിനെ കൂടുതൽ മനോഹരമാക്കുന്നു.
മൂന്നര വയസ്സുമുതൽ പിതാവിനോടൊപ്പം വേദികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതാണ് മിസ്ബാഹ്. അമ്മയുടെയും കുഞ്ഞിന്റേയും സ്നേഹം പറയുന്ന 'മാം വൗ' എന്ന ആൽബത്തിലാണ് മിസ്ബാഹ് ആദ്യമായി പാടിയത്. അത് പ്രേക്ഷകർ ഏറ്റെടുത്തതോടെ മിസ്ബാഹിനെ തേടി പുതിയ അവസരങ്ങൾ എത്തുകയായിരുന്നു.
ഒരു താരാട്ട് പാട്ട് ആൽബത്തിൽ കൂടി മിസ്ബാഹ് പാടിക്കഴിഞ്ഞു. ഇതിന്റെ ചിത്രീകരണം ഇപ്പോൾ നാട്ടിൽ നടക്കുകയാണ്. ഓണപ്പാട്ടുകളും നാടൻ പാട്ടുകളും മാപ്പിളപ്പാട്ടുകളും സഹിതം നിരവധി ഗാനങ്ങളുടെ രചന നിർവഹിച്ചിട്ടുള്ള ഹബീബ് മാങ്കോടും 20 വർഷമായി ദമ്മാമിൽ പ്രവാസിയാണ്. എസ്സാർ മീഡിയയിലൂടെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ആൽബം ഇതിനകം ആയിരങ്ങൾ കണ്ടു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.