വി.എഫ്.എസിൽ നേരിടുന്ന ദുരിതം
text_fieldsറിയാദിലുള്ള കുടുംബത്തിന്റെ അരികിലേക്കു വരാൻ സന്ദർശന വിസ സ്റ്റാമ്പ് ചെയ്യാൻ പോയി കൊച്ചിയിലെ വി.എഫ്.എസിൽനിന്ന് എന്റെ മകൾ നേരിട്ട ദുരിതത്തെക്കുറിച്ച് പറയാനാണ് ഈ കുറിപ്പ്. വളരെ സങ്കടകരമായ അനുഭവമാണ് ഇന്നലെ (ബുധനാഴ്ച) അവൾക്കുണ്ടായത്. ഒരു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസ സ്റ്റാമ്പ് ചെയ്യാനുള്ള നടപടികൾക്കായാണ് വി.എഫ്.എസിൽ ചെന്നത്. അവളിപ്പോൾ ഭർത്താവിനോടൊപ്പം പാലക്കാട്ടാണ് താമസം. മുൻകൂട്ടി അപ്പോയിൻമെൻറ് എടുത്ത് 200 കിലോമീറ്റർ താണ്ടി വളരെ പ്രയാസങ്ങൾ സഹിച്ചാണ് കൊച്ചിയിലെ വി.എഫ്.എസ് ഓഫിസിൽ എത്തിയത്. അവൾ അഞ്ചു മാസം ഗർഭിണിയാണ്.
എന്നാൽ, വേദനാകരമായ അനുഭവമാണ് അവിടെ ഉണ്ടായത്. നിസ്സാര കാരണം പറഞ്ഞ് നിഷ്കരുണം അവളെ തിരിച്ചയച്ചു. ഏഴു വർഷം മുമ്പ് കാൻസൽ ചെയ്ത പഴയ പാസ്പോർട്ട് കാണണമെന്ന് വി.എഫ്.എസ് ഉദ്യോഗസ്ഥർ ശാഠ്യം പിടിച്ചതാണ് കാരണം. പാസ്പോർട്ട് പുതുക്കിയപ്പോൾ കാൻസൽ ചെയ്തതാണ് പഴയ പാസ്പോർട്ട്. 2017ലാണ് കാൻസൽ ചെയ്തത്. അതിനുശേഷം പുതിയ പാസ്പോർട്ട് ഉപയോഗിച്ച് നാലു തവണ അവൾ സൗദിയിൽ വരുകയും പോവുകയും ചെയ്തിട്ടുണ്ട്.
മൂന്നു പ്രാവശ്യം അതേ പാസ്പോർട്ടിൽ വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്തു. അപ്പോഴൊന്നും കാൻസൽ ചെയ്ത പാസ്പോർട്ടിന്റെ ആവശ്യം വന്നിട്ടില്ല. ആരും, ഒരു അതോറിറ്റിയും എവിടെയും ചോദിച്ചിട്ടുമില്ല. പഴയ പാസ്പോർട്ട് ഹാജരാക്കിയാലേ സ്റ്റാമ്പിങ് നടപടികൾ മുന്നോട്ടുപോകൂ എന്ന് വി.എഫ്.എസ് ഓഫിസർ ശാഠ്യം തുടർന്നപ്പോൾ പഴയ പാസ്പോർട്ടിന്റെ കോപ്പി ഫോണിലുണ്ട്, അത് കാണിക്കാമെന്ന് പറഞ്ഞുനോക്കി. പറ്റില്ല, പാസ്പോർട്ട് നേരിട്ട് ഹാജരാക്കണം എന്നായി അവർ. ഗർഭിണിയാണ്, പാലക്കാട്ടേക്ക് ഇത്രയുംദൂരം തിരികെ പോയി അതുമായി മടങ്ങിവരാൻ ശാരീരിക വൈഷമ്യതയുണ്ട്.
മാത്രമല്ല, രാത്രിയാണ് യാത്ര ചെയ്യേണ്ടിവരുക. ഈ സ്ഥിതിയിൽ അത് വലിയതോതിൽ മാനസികവും ശാരീരികവുമായ പ്രയാസം സൃഷ്ടിക്കും എന്നൊക്കെ കെഞ്ചി പറഞ്ഞുനോക്കിയിട്ടും അവർ വഴങ്ങിയില്ല. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന് ഒരു അയവുമുണ്ടായില്ല.
ഒടുവിൽ ഗത്യന്തരമില്ലാതെ തിരിച്ചുപോരേണ്ടിവന്നു. ഇനി വീണ്ടും കാത്തിരുന്ന് അപ്പോയിൻമെന്റെടുക്കണം, ഇത്രയും ദൂരം താണ്ടണം, സകല ബുദ്ധിമുട്ടുകളും സഹിക്കണം അങ്ങനെ എല്ലാം ഒന്നേന്ന് തുടങ്ങണം. ഒരു കാര്യം അറിഞ്ഞാൽ നന്നായിരുന്നു. ഇങ്ങനെ ഒരു നിയമമുണ്ടോ? റദ്ദാക്കിയ, വർഷങ്ങളോളം പഴക്കമുള്ള പാസ്പോർട്ട് ഹാജരാക്കണമെന്ന് കർശന നിയമമുണ്ടോ? സൗദി കോൺസുലേറ്റ് അങ്ങനെ ആവശ്യപ്പെടുന്നുണ്ടോ? ആർക്കെങ്കിലും ഇതിനെക്കുറിച്ച് അറിവുണ്ടോ? അങ്ങനെയൊരു നിയമമുണ്ടെങ്കിൽ എത്ര വലിയ ബുദ്ധിമുട്ടും സഹിച്ചല്ലേ പറ്റൂ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.