മിസ്ക് ഗ്ലോബൽ ഫോറത്തിന് ഫലപ്രദസമാപ്തി; യുവതയോട് സ്വപ്നം കാണാനും നിർഭയം കുതിക്കാനും ആഹ്വാനം
text_fieldsറിയാദ്: ആഗോള യുവതയോട് സ്വപ്നം കാണാനും സ്വപ്നം യാഥാർഥ്യമാക്കാൻ കഠിനശ്രമത്തോടെ നിർഭയം കുതിക്കാനും ആഹ്വാനം ചെയ്ത് ‘മിസ്ക് ഗ്ലോബൽ ഫോറം (എം.ജി.എഫ് 24)’ സമ്മേളനത്തിന് റിയാദിൽ സമാപനം. ‘യുവജനങ്ങൾക്കായി യുവാക്കൾ’ എന്ന ശീർഷകത്തിൽ നടന്ന എട്ടാമത് മിസ്ക് ഫോറത്തിൽ രാജ്യത്തിനകത്തും പുറത്തുനിന്നും ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.
ഭാവി വെല്ലുവിളികളെ നേരിടാൻ യുവമാനസങ്ങളെ പ്രചോദിപ്പിക്കാനും സജ്ജരാക്കാനും ലക്ഷ്യമിട്ടുള്ള ചിന്തോദ്ദീപകമായ ചർച്ച വേദികളായിരുന്നു ഫോറത്തിലെ ശ്രദ്ധാകേന്ദ്രങ്ങൾ.
സുസ്ഥിരത, വിദ്യാഭ്യാസം, നവീകരണം, സാങ്കേതികവിദ്യ, ആരോഗ്യം, സംസ്കാരം, കാലാവസ്ഥ വ്യതിയാനം, സംരംഭകത്വം വിവിധ വിഷയങ്ങൾ ഫോറം ചർച്ച ചെയ്തു. യുവാക്കൾക്കുള്ള ഭാവി വികസന സാധ്യതകളായിരുന്നു ചർച്ചകളിലെ ശ്രദ്ധാകേന്ദ്രം. യുവജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള അമീർ മുഹമ്മദ് ബിൻ സൽമാൻ ഫൗണ്ടേഷന്റെ (മിസ്ക്) വീക്ഷണത്തെക്കുറിച്ച് സി.ഇ.ഒ ഡോ. ബദർ അൽ ബദർ ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു.
‘യുവജനങ്ങളാണ് ഭാവിയെ സൃഷ്ടിക്കുന്നത്’ എന്ന വിഷയത്തിലാണ് അദ്ദേഹം ഉദ്ഘാടന പ്രഭാഷണം നടത്തിയത്. എം.ജി.എഫിന് വേദിയായ മിസ്ക് സിറ്റി ഒരു നഗരസമുച്ചയമല്ലെന്നും അതിനേക്കാൾ ഉയരത്തിലുള്ള ഊർജസ്വലമായ ഒരു വിജ്ഞാന സമൂഹത്തെ പരിപോഷിപ്പിക്കാനുള്ള കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള ഒരു ഭാവി സർഗാത്മക നഗരമാണെന്നും ഡോ. ബദ്ർ അൽ ബദർ പറഞ്ഞു.
ഫൗണ്ടേഷൻ വ്യത്യസ്ത മേഖലകളിൽ 70 ലക്ഷത്തിലധികം യുവാക്കളെയും യുവതികളെയും പിന്തുണച്ചിട്ടുണ്ട്. ഞങ്ങളുടെ ദൗത്യം ഒന്നു മാത്രമാണ്, അത് യുവാക്കളെ ശാക്തീകരിക്കുകയും ഭാവിയുടെ ചാലകങ്ങളായി അവരെ സജ്ജമാക്കുകയും ചെയ്യുക എന്നതാണെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.