യുവതലമുറയുടെ സർഗാത്മക പരിവർത്തനം; മിസ്‌ക് ഗ്ലോബൽ ഫോറം സമാപിച്ചു
text_fieldsറിയാദ്: രാജ്യത്തിന്റെ യുവതലമുറയോട് കരിയർ, ടെക്നോളജി രംഗത്ത് കാലം ആവശ്യപ്പെടുന്ന പരിവർത്തനത്തിന് ചുക്കാൻ പിടിക്കാൻ ആവശ്യപ്പെട്ടും മാർഗനിർദേശം നൽകിയും മിസ്‌ക് ഗ്ലോബൽ ഫോറം (എം.ജി.എഫ് 22) സമാപിച്ചു. അമീർ മുഹമ്മദ് ബിൻ സൽമാൻ ഫൗണ്ടേഷന്റെ (മിസ്‌ക്) 10-ാം വാർഷികത്തോട് അനുബന്ധിച്ചാണ് റിയാദ് കിങ് അബ്ദുൽ അസീസ് കോൺഫറൻസ് സെന്ററിൽ മിസ്‌ക് ഗ്ലോബൽ ഫോറം സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾ, സംരംഭകർ, കലാകാരന്മാർ, സാമൂഹിക പ്രവർത്തകർ, സർഗപ്രതിഭകൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ സമ്മേളനത്തിൽ സാന്നിധ്യമറിയിച്ചു.
കോൺഫറൻസ് ഹാളിനകത്തുള്ള ആറ് പ്രധാന വേദികളിലായി 120-ഓളം ഫലപ്രദമായ സെഷനുകളാണ് അരങ്ങേറിയത്. വിവിധ വിഷയങ്ങളിൽ പങ്കെടുത്ത് സംസാരിച്ച വിദഗ്ധരുമായി അവർ അവതരിപ്പിച്ച വിഷയത്തിലെ സദസിന്റെ സംശയദൂരീകരണത്തിനും അവസരമുണ്ടായിരുന്നു.
മന്ത്രിമാർ, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ എന്നിവർ പ്രത്യേക സെഷനുകളിൽ സംസാരിച്ചു. ഉത്ഘാടന ദിവസം ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തത് 'ഭാവിയിലെ തലമുറ' എന്ന സെഷനിലായിരുന്നു. സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും സോക്രട്ടീസ് പോഡ്‌കാസ്റ്റ് സ്ഥാപകൻ ഉമർ അൽ-ജെറൈസിയും തമ്മിലായിരുന്നു ചർച്ച. ക്രിയാത്മക സമൂഹം കെട്ടിപ്പടുക്കാൻ യുവാക്കളെ പ്രാപ്തരാക്കാനും ശാക്തീകരിക്കാനുമുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തു.
പുതുതലമുറക്ക് എങ്ങനെ ലോകത്ത് സവിശേഷമായ ആശയങ്ങൾ സൃഷ്ടിക്കാനും നടപ്പാക്കാനും കഴിയും എന്ന വിഷയത്തിലുള്ള ചർച്ച സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ജയ് ഷെട്ടിയുടെ നേതൃത്വത്തിൽ നടന്നു. 'ഞങ്ങൾ കുടുംബമാണ്' എന്ന ചർച്ചയിൽ ഹെൽപ്പ് സെന്ററിലെ ഡയറക്ടറും ആക്ടിങ് ട്രസ്റ്റിയുമായ മഹാ അൽ-ജുഫാലി, ഹെൽപ്പ് സെന്റർ ബോർഡ് അംഗം ഡാനിയ ഗണ്ടൂർ, കോസ്മിക് സെന്റോഴ്‌സിന്റെ സി.ഇ.ഒ മെർലിൻ സഖൂർ എന്നിവർ സൗദിയിലെ ജീവകാരുണ്യ പ്രവർത്തനത്തെ കുറിച്ച് സംവദിച്ചു.
ധ്രുവീകരിക്കപ്പെട്ട ലോകത്താണ് നമ്മൾ ജീവിക്കുന്നതെന്നും സാംസ്കാരിക സംഭാഷണങ്ങളുണ്ടാകുന്ന ഇടങ്ങളാണ് ഈ വെല്ലുവിളികൾക്കുള്ള യഥാർഥ പ്രതിവിധിയെന്നും സൗദിയിലെ ഫ്രാൻസ് അംബാസഡർ ലുഡോവിക് പൊയില്ലെ 'മീറ്റ് ദി ലീഡേഴ്‌സ്' എന്ന ചർച്ചയിൽ പറഞ്ഞു. സൗദി ജനതയിൽ വളരെ പരിണാമപരമായ ഒരു അഭിലാഷ ബോധമുണ്ടെന്നും അത് കലയിലും ആളുകളിലും കാണാൻ കഴിയുമെന്നും ചിത്രകാരിയായ ഷൈമ ഷംസിയും ശരീരത്തിന്റെ ചൂട് അളക്കുന്ന തെർമോമീറ്റർ പോലെ കല സംസ്കാരത്തെ അളക്കുന്ന അളവ് കോലാണെന്നും സമൂഹത്തിന്റെ കണ്ണാടിയായ കലയിലൂടെയാണ് നമുക്ക് ഭാവിയുടെ ചിത്രം കിട്ടുന്നതെന്നും ചിത്രകാരൻ ഡോ. അഹമ്മദ് മാതറും അഭിപ്രായപ്പെട്ടു.
നിങ്ങൾ ഒരു പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വന്നാൽ അത് പരിഹരിക്കാനായി രണ്ടാമത് ഒരാളെ കാത്തിരിക്കരുതെന്നും പരിഹാരം നിങ്ങളുടെ വാതിൽ വന്ന് മുട്ടുകയില്ലെന്നും തടസങ്ങളെ നിശ്ചയദാർഢ്യത്തോടെ നേരിട്ട് മുന്നോട്ട് പോകണമെന്നും ആദ്യ അറബ് ബഹിരാകാശ യാത്രിക സാറാ സബ്രി പറഞ്ഞു. ദറഇയ ഗേറ്റ് ഡെവലപ്‌മെന്റ് അതോറിറ്റി സി.ഇ.ഒ ജെറി ഇൻസെറില്ലോയും അമീർ മുഹമ്മദ് ബിൻ സൽമാൻ ലാഭരഹിത നഗരത്തിന്റെ സി.ഇ.ഒ ഡേവിഡ് ഹെന്റ്റി, ഇന്റീരിയർ ഡിസൈൻ വിഭാഗം ചെയർമാനും ഡാർ അൽ-ഹെക്മ സർവകലാശാല അസിസ്റ്റന്റ് പ്രഫസറുമായ അല അൽ-ബാൻ എന്നിവർ 'ഭാവിയിലെ നഗരങ്ങൾ' എന്ന സംവാദത്തിൽ പങ്കെടുത്തു. ഫലസ്തീൻ-അമേരിക്കൻ സ്റ്റാൻഡ്‌അപ്പ് കോമേഡിയൻ മുഅമർ തന്റെ യാത്രയെക്കുറിച്ചും ഹാസ്യത്തിന്റെ ശക്തിയെക്കുറിച്ചും ഭാവിയിൽ സുശക്തമായി നിലകൊള്ളേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.
സമ്മേളന നഗരിയിലെത്തുന്നവർക്ക് 2011 മുതലുള്ള മിസ്കിന്റെ പ്രവർത്തനങ്ങളും ഭാവി പരിപാടികളും പ്രതേകം ക്രമീകരിച്ച എൽ.ഇ.ഡി ചുവരുകളിൽ ദൃശ്യ വിസ്മയത്തോടെ ഒരുക്കിയത് ശ്രദ്ധേയമായിരുന്നു. മുഹമ്മദ് ബിൻ സൽമാൻ നോൺ പ്രോഫിറ്റബിൾ സിറ്റിയുടെ മിനിയേച്ചറും പ്രദർശിപ്പിച്ചിരുന്നു.
സംരഭകത്വത്തിൽ താൽപര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്ന വിവിധ സർക്കാർ സേവന കേന്ദ്രങ്ങളുടെ കിയോസ്കുകളും സമ്മേളനത്തിന്റെ അവസാന ദിവസം വരെ പ്രവർത്തന സജ്ജമായിരുന്നു. 10-ാം വാർഷികം ആഘോഷിക്കുന്ന മിസ്കിന് 60 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. 6031 ശിൽപശാലകളാണ് ഇതുവരെ സംഘടിപ്പിച്ചത്. വിവിധ രംഗങ്ങളിലായി 600 പരിപാടികൾ നടത്തി. 729 ഈവന്റുകൾ ഒരുക്കി. 515 സ്റ്റാർട്ടപ്പുകൾ, 10000 പ്രഭാഷകരുടെ പ്രസംഗപരിപാടികൾ, 700 പാനൽ ചർച്ചകൾ തുടങ്ങി നിരവധി പരിപാടികളും മിസ്‌ക് സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.