കാണാതായ മലയാളി യുവാവ് റിയാദിലെ ജയിലിൽ
text_fieldsറിയാദ്: എയർപോർട്ടിൽ ബോർഡിങ് പാസെടുത്തശേഷം കാണാതായ പത്തനംതിട്ട സ്വദേശിയെ ജയിലില്‍ കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച തിരുവനന്തപുരത്തേക്കുള്ള ഗൾഫ് എയര്‍ വിമാനത്തില്‍ ബോർഡിങ് പാസെടുത്തശേഷം കാണാതായ പന്തളം സ്വദേശി വിപിന്‍ ബാലനെയാണ് റിയാദ് നാർകോട്ടിക് ജയിലില്‍ കണ്ടെത്തിയത്. ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സ്പോൺസറുടെയും ഇടപെടലില്‍ നിരപരാധിത്വം ബോധ്യപ്പെടുത്തി ഇദ്ദേഹത്തെ ജാമ്യത്തിലിറക്കി. പബ്ലിക് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ കേസിന്റെ മറ്റു നടപടികള്‍കൂടി പൂർത്തിയാക്കുമെന്ന് യുവാവിനെ സഹായിക്കാന്‍ രംഗത്തുള്ള റിയാദ് കെ.എം.സി.സി വെൽഫെയര്‍ വിങ് ചെയർമാന് സിദ്ദീഖ് തുവ്വൂര്‍ അറിയിച്ചു.
എമിഗ്രേഷനില്‍ ചെന്നപ്പോഴാണ് യുവാവിന്റെ പേരില്‍ കേസുണ്ടെന്ന് കണ്ടെത്തിയത്. നാലു വർഷം മുമ്പ് കാറില്‍ മയക്കുമരുന്ന് കടത്തിയതാണ് കേസ്. എന്നാല്‍, ഇക്കാര്യത്തെപ്പറ്റി തനിക്ക് യാതൊരു അറിവുമില്ലെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുനോക്കിയെങ്കിലും രക്ഷയുണ്ടായില്ല. ഉടന്‍തന്നെ ജയിലിലേക്കു മാറ്റുകയായിരുന്നു. അതിനിടെ, അജ്ഞാതമായ കേസില്‍ താന്‍ പൊലീസ് പിടിയിലാണെന്ന ഒരു സന്ദേശം സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. അവര്‍ സ്പോൺസറെയും കെ.എം.സി.സി സാമൂഹിക പ്രവർത്തകരെയും അറിയിച്ചു. തുടർന്നാണ് മോചനത്തിന് വഴിതുറന്നത്.
നാലുവർഷം മുമ്പ് റിയാദില്‍ മറ്റൊരു സ്പോൺസറോടൊപ്പം ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. റെന്റ് എ കാർ കമ്പനിയിൽനിന്ന് വാടകക്കെടുത്ത കാറായിരുന്നു വിപിൻ ഓടിച്ചിരുന്നത്. റോഡ് സൈഡില്‍ നിർത്തിയിട്ട കാര്‍ ഒരു ദിവസം രാത്രി മോഷണം പോയി. മോഷണം സംബന്ധിച്ച് പിറ്റേന്ന് രാവിലെ സ്പോൺസറോടൊപ്പം പൊലീസില്‍ പരാതി നൽകുകയും ചെയ്തു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് പൊലീസില്‍ ഇവര്‍ ഒരു അന്വേഷണവും തുടർന്ന് നടത്തിയിരുന്നില്ല. അതിനിടെ വാഹനം മോഷണം പോയ കാരണത്താല്‍ ഇനി ജോലിയില്‍ തുടരേണ്ടതില്ലെന്ന് പറഞ്ഞ് സ്പോൺസർ ഫൈനല്‍ എക്സിറ്റടിച്ച് നാട്ടിലയച്ചു. ഏതാനും മാസത്തിനുശേഷം യുവാവ് പുതിയ വിസയില്‍ തിരിച്ചെത്തുകയായിരുന്നു.
കാണാതായ കാര്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടതായാണ് വിവരം. പൊലീസ് കാര്‍ പരിശോധിച്ചപ്പോള്‍ യുവാവിന്റെ ഇഖാമയാണ് ലഭിച്ചത്. ഇതനുസരിച്ചാണ് യുവാവിന്റെ പേരില്‍ കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. ഇന്ത്യൻ എംബസി കേസില്‍ ഇടപെടാന്‍ ഏൽപിച്ചത് പ്രകാരം സിദ്ദീഖ് തുവ്വൂര്‍ ഗൾഫ് എയറില്‍ അന്വേഷിച്ചപ്പോള്‍ ബോർഡിങ് പാസ് എടുത്തിട്ടുണ്ടെങ്കിലും യാത്ര ചെയ്തിട്ടില്ലെന്ന് വ്യക്തമായി. തുടർന്ന് സ്പോൺസറോടൊപ്പം പൊതുസുരക്ഷ വകുപ്പില്‍ അന്വേഷണം നടത്തി. അപ്പോഴാണ് ജയിലിലുള്ള വിവരം ലഭിച്ചത്. കേസ് യുവാവ് സൗദിയില്‍ ഇല്ലാത്തപ്പോഴുണ്ടായതാണെന്നും നിരപരാധിയാണെന്നും സ്പോൺസറും സിദ്ദീഖും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു. അങ്ങനെയാണ് ജാമ്യം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.