ഇഖാമയുടെ ദുരുപയോഗം വിനയായി: രണ്ടരമാസത്തിനു ശേഷം തെലങ്കാന സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
text_fieldsറിയാദ്: മറ്റൊരാളുടെ ഇഖാമ ഉപയോഗിച്ച് സൗദിയിൽ കഴിയുന്നതിനിടെ മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം മോർച്ചറിയിൽ കിടന്നത് രണ്ടര മാസം. തിരിച്ചറിയാനായത് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനാൽ. തെലങ്കാന സ്വദേശി ബോദാസ് ചിന്ന നർസയ്യയുടെ മൃതദേഹമാണ് തിരിച്ചറിയാനാകാതെ രണ്ടര മാസത്തോളം ആശപത്രി മോർച്ചറിയിൽ കിടന്നത്.
നാട്ടുകാരനായ നന്ദീപിയുടെ ഇഖാമയാണ് നർസയ്യ ഉപയോഗിച്ചിരുന്നത്. മോർച്ചറിയിൽ അജ്ഞാത മൃതദേഹങ്ങൾ പരിശോധിക്കുന്നതിനിടയിൽ രണ്ടര മാസമായി തിരിച്ചറിയാതെ കിടന്ന നർസയ്യയുടെ മൃതദേഹം കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാനും ഇന്ത്യൻ എംബസി കമ്യൂണിറ്റി വളൻറിയറായ സിദ്ദിഖ് തുവ്വൂരിെൻറ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അേന്വഷണം ആരംഭിക്കുകയായിരുന്നു.
ആശുപത്രി രേഖയിൽ ഉള്ള ഇഖാമയുടെ വിവരങ്ങൾ വെച്ച് സ്പോൺസറെയും കമ്പനിയെയും സമീപിച്ചു. സ്പോൺസറുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ അങ്ങനെ ഒരു മരണത്തെക്കുറിച്ചു കമ്പനിക്ക് വിവരം ലഭിച്ചിട്ടില്ലെന്നും ഇദ്ദേഹം കമ്പനിയിൽ നിന്ന് ഒളിച്ചോടിപ്പോയതായും വിവരം ലഭിച്ചു. തുടർന്ന് റിക്രൂട്ടിങ് ഏജൻസിയുമായി ബന്ധപ്പെട്ട് നാട്ടിലെ ഇദ്ദേഹത്തിെൻറ കുടുംബവുമായി ബന്ധപ്പെട്ടപ്പോൾ നന്ദീപി ജീവിച്ചിരിപ്പുണ്ടെന്നും ഇത് മറ്റാരോ ആണെന്നും മറുപടി ലഭിച്ചു.
തുടർന്ന് തെലങ്കാന സ്വദേശികളായ ചില വ്യക്തികൾക്ക് മൃതദേഹം തിരിച്ചറിയാൻ ആവശ്യമായ സഹായങ്ങൾ സിദ്ദിഖ് ചെയ്തുകൊടുക്കുകയായിരുന്നു. ഒടുവിലാണ് രണ്ടരമാസമായി മോർച്ചറിയിലുള്ളത് നന്ദീപിയുടെ മൃതദേഹമല്ല നർസയ്യയുടേതാണെന്നു തിരിച്ചറിഞ്ഞത്. രണ്ടര മാസം മുമ്പ് താമസസ്ഥലത്തുനിന്ന് അഴുകിയ നിലയിലാണ് നർസയ്യയുടെ മൃതദേഹം റെഡ് ക്രസൻറ് ടീം കണ്ടെടുത്തു മോർച്ചറിയിൽ എത്തിച്ചത്.
ഇഖാമ ദുരുപയോഗം ചെയ്തതും വാടക കരാറും മറ്റു രേഖകളും മറ്റൊരാളുടെ പേരിൽ ഉപയോഗിച്ചതുമാണ് മൃതദേഹം തിരിച്ചറിയാൻ വൈകിയതെന്ന് സിദ്ദിഖ് തുവ്വൂർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഇന്ത്യൻ എംബസി, മോർച്ചറി, പൊലീസ് തുടങ്ങിയവയുടെ സഹായം ലഭിച്ചത് കാര്യങ്ങൾ എളുപ്പമാക്കി. ഇഖാമയിലെ വ്യക്തി ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹവുമായി ടെലിഫോണിൽ സംസാരിച്ചു ഉറപ്പു വരുത്തിയെന്നും സിദ്ദിഖ് പറഞ്ഞു. മൃതദേഹം സൗദിയിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് സിദ്ദിഖ് തൂവ്വൂരിനൊപ്പം ഫിറോസ് ഖാൻ കൊട്ടിയം, ദഖ്വാൻ, തെലങ്കാന സ്വദേശിയായ സാമൂഹിക പ്രവർത്തകൻ ലക്ഷ്മൺ തുടങ്ങിയവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.