മൊബൈൽ ഭക്ഷ്യസുരക്ഷ ലബോറട്ടറി ഉദ്ഘാടനം ചെയ്തു
text_fieldsമക്ക: മക്കയിൽ മൊബൈൽ ഭക്ഷ്യസുരക്ഷ ലബോറട്ടറി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര പരിശോധന നടത്തുന്നതിനുമുള്ള ലബോറട്ടറി നഗരസഭ മേയർ എൻജി. മുഹമ്മദ് ബിൻ അബ്ദുല്ല അൽഖുവൈഹിസ് ഉദ്ഘാടനം നിർവഹിച്ചു. ഭക്ഷ്യ രംഗത്ത് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താനും സുസ്ഥിര ഭക്ഷ്യസുരക്ഷ വർധിപ്പിക്കാൻ മുനിസിപ്പാലിറ്റി നടത്തുന്ന ശ്രമങ്ങളുടെ ഭാഗവുമാണ് മൊബൈൽ ലബോറട്ടറി. ഇതിൽ അത്യാധുനിക ഉപകരണങ്ങളും ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു. ഭക്ഷണത്തിലെ മലിനീകരണം പരിശോധിക്കുന്നതിനും മക്കയിലെ ഭക്ഷ്യസുരക്ഷ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കും. മൊബൈൽ ലബോറട്ടറിയിലെ ജോലി ഏറ്റവും ആധുനിക സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ചാണ് നടത്തുന്നത്. ഭക്ഷണ പരിശോധനയിൽ പ്രയത്നവും സമയവും ലാഭിക്കാനാകും. പരിശോധന ഫലം റെക്കോഡ് സമയത്ത് നൽകാനാകും. ഭക്ഷണത്തിന്റെ ഗുണനിലവാരം കണ്ടെത്താനും ഭക്ഷ്യവിഷബാധയുണ്ടെന്ന് സംശയിക്കുന്ന കേസുകൾ കണ്ടുപിടിക്കാനും സഹായിക്കും.
ഹജ്ജ് ഉംറ സീസണുകളിലെ ഭക്ഷ്യപരിശോധനയും സുരക്ഷനടപടികളും എളുപ്പമാക്കാനും ഇതിലൂടെ സാധിക്കുമെന്നും മേയർ പറഞ്ഞു. ഭക്ഷ്യസുരക്ഷക്കായുള്ള മൊബൈൽ ലബോറട്ടറികൾ വിവിധ ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന പര്യടനങ്ങൾ നടത്തുമെന്ന് മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷ ലബോറട്ടറി ഡയറക്ടർ ഖാലിദ് അൽ ദുബ്യാനി പറഞ്ഞു. സാമ്പ്ളുകളെടുത്ത് ദ്രുതപരിശോധന നടത്താനും അവയിലൂടെ ആരോഗ്യ നിയന്ത്രണ പ്രവർത്തനങ്ങൾ സജീവമാക്കാനും ഇതിലൂടെ കഴിയും. ഔദ്യോഗിക പ്രവൃത്തി സമയത്തിന് പുറത്തു പോലും മൊബൈൽ ലബോറട്ടറിയുടെ പ്രവർത്തനം തുടരും. ഭക്ഷ്യരംഗത്ത് നിയമലംഘനങ്ങൾ കാണുകയാണെങ്കിൽ '940' എന്ന ഏകീകൃത മുനിസിപ്പൽ കമ്യൂണിക്കേഷൻസ് നമ്പറിൽ അറിയിക്കാനും മുനിസിപ്പാലിറ്റിയുമായി സഹകരിക്കാനും ലബോറട്ടറി ഡയറക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.