മൊഗാദിഷു ഭീകരാക്രമണം; പരിക്കേറ്റവരെ ചികിത്സക്കായി റിയാദിലെത്തിച്ചു
text_fieldsറിയാദ്: സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ ചികിത്സക്കായി പ്രത്യേക വിമാനത്തിൽ റിയാദിലെത്തിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്നാണ് മൊഗാദിഷുവിലെ ഹോട്ടലിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ആറുപേരെ റിയാദിൽ കൊണ്ടുവന്നത്.
കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ് റിലീഫ്) ഉദ്യോഗസ്ഥർ, ആരോഗ്യ മന്ത്രാലയ പ്രതിനിധികൾ, സൗദി റെഡ് ക്രസന്റ് ഉദ്യോഗസ്ഥർ, സൗദിയിലെ സോമാലിയൻ സ്ഥാനപതി സലീമോവ് ഹാജി എന്നിവർ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സോമാലിയക്കാരെ സ്വീകരിച്ചു.
മനുഷ്യരാശിയോട് പൊതുവെയും അറബ് മുസ്‌ലിം ജനവിഭാഗങ്ങളോട് വിശേഷിച്ചും സൽമാൻ രാജാവ് പുലർത്തുന്ന അനുഭാവത്തിനും ഉദാരതക്കും രാജകൊട്ടാര ഉപദേശകനും കെ.എസ് റിലീഫ് ജനറൽ സൂപർവൈസറുമായ ഡോ. അബ്ദുല്ല അൽ-റബീഹ് നന്ദി പറഞ്ഞു.
സൽമാൻ രാജാവിന്റെ ഇടപെടലിലും സഹായത്തിലും മാത്രമല്ല പരിക്കേറ്റവരെ റിയാദിലെത്തിച്ചതിന് പിന്നിലെ ഏകോപനത്തിനും സർക്കാർ ഏജൻസികളുടെ സംഘടിത പ്രവർത്തനത്തിനും സോമാലിയൻ അംബാസഡർ നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സലീമോവ് ഹാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.