'മമ്മി ആൻഡ് മി ഇന്റർ സ്‌കൂൾ ക്വിസ് മത്സരം' റിയാദിൽ ആരംഭിച്ചു
text_fieldsറിയാദ്: വേൾഡ് മലയാളി കൗൺസിൽ റിയാദ് ഘടകവും തൻമിയ ഫുഡ്സും സംയോജിതമായി സൗദി അറേബ്യയിലെ ഇന്ത്യ-ശ്രീലങ്ക ഇന്റർനാഷനൽ സ്‌കൂളുകളിലെ വിദ്യാർഥികൾക്കും അവരുടെ അമ്മമാർക്കും നടത്തുന്ന 'മമ്മി ആൻഡ് മി' ക്വിസ് മത്സരങ്ങളുടെ ഉദ്ഘാടനം സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് റിയാദിൽ നിർവഹിച്ചു. കൗൺസിൽ പ്രസിഡന്റ് ഡോ. കെ.ആർ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇബ്രാഹീം സുബ്ഹാൻ, ലത്തീഫ് തെച്ചി, കെ.കെ. തോമസ്, ഡോ. തോമസ് മാത്യു, പത്മിനി നായർ, നിജാസ് പാമ്പാടിയിൽ, തങ്കച്ചൻ വർഗീസ് എന്നിവർ സംസാരിച്ചു.
തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി നടന്ന പ്രാഥമികതല മത്സരങ്ങളിൽ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ ഡോ. ടി.ജെ. ഷൈൻ ക്വിസ് മാസ്റ്ററായിരുന്നു.
പ്രാഥമിക റൗണ്ടിൽനിന്ന് തിരഞ്ഞെടുക്കുന്ന ടീമുകൾ വേൾഡ് മലയാളി കൗൺസിലിന്റെ ഏപ്രിലിൽ നടക്കുന്ന വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. അമ്മമാർക്കും കുട്ടികൾക്കും വേണ്ടി ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിപാടി സൗദി അറേബ്യയിൽ സംഘടിപ്പിക്കുന്നത്. തൻമിയാ ഫുഡ്സിനൊപ്പം സ്റ്റാർ പ്രിന്റിങ് കമ്പനിയാണ് മുഖ്യ പ്രായോജകർ.
മത്സരങ്ങൾക്ക് ശേഷം തങ്കച്ചൻ വർഗീസിന്റ നേതൃത്വത്തിൽ സൗദിയിലെ പ്രശസ്തരായ ഗായകർ പങ്കെടുത്ത സംഗീതവിരുന്ന് ശ്രദ്ധേയമായി. അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികൾക്ക് ഡേവിഡ് ലൂക്ക്, ജയകുമാർ ബാലകൃഷ്ണ, സുനിൽ മേലേടത്ത്, അബ്ദുൽസലാം ഇടുക്കി, ഡോ. ലതാനായർ, സ്വപ്ന ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.