പണം വെളുപ്പിക്കൽ കേസ്: സൗദി വനിതക്കും വിദേശി ഭർത്താവിനും ശിക്ഷ
text_fieldsയാംബു: 6.3 കോടി റിയാലിലധികം കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിന് സ്വദേശി വനിതക്കും അവരുടെ വിദേശി ഭർത്താവിനും ശിക്ഷ വിധിച്ചതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. സ്വദേശി യുവതി വാണിജ്യസ്ഥാപനം രജിസ്റ്റർ ചെയ്ത ശേഷം സൗദിയിലെ ബാങ്കിൽ അക്കൗണ്ട് തുറന്ന് മറ്റൊരു അറബ് രാജ്യത്ത് പൗരത്വമുള്ള ഭർത്താവിന് വേണ്ടി സാമ്പത്തിക ഇടപാടുകൾ നടത്തിയതായി പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. പതിനായിരം റിയാൽ പ്രതിമാസ ശമ്പളത്തിന് പകരമായി കള്ളപ്പണം വെളുപ്പിക്കുന്ന കുറ്റകൃത്യമാണ് കണ്ടെത്തിയത്. മൊത്തം 6.3 കോടി റിയാലിലധികം കള്ളപ്പണം വെളുപ്പിച്ചതായി തെളിയിക്കപ്പെട്ടതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
വാണിജ്യ സ്ഥാപനത്തിന്റെ പ്രവർത്തനവും സാമ്പത്തിക തിരിമറിയും പരിശോധിച്ചതായും വേണ്ട നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു. പ്രതികളുടെ അക്കൗണ്ടുകളിലുള്ള പണം കണ്ടുകെട്ടും. അഞ്ചു കോടി റിയാൽ പിഴ ചുമത്തുമെന്നും അവരെ 12 വർഷം ജയിൽശിക്ഷക്ക് വിധിച്ചതായും പ്രോസിക്യൂഷൻ അറിയിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം തടവുശിക്ഷക്ക് തത്തുല്യമായ കാലത്തേക്ക് വിദേശയാത്ര നടത്തുന്നതിൽനിന്ന് സൗദി പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പബ്ലിക് പ്രോസിക്യൂഷനും വാണിജ്യ മന്ത്രാലയവും പഴുതടച്ച നടപടികളാണ് സ്വീകരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്കും നിയമത്തിനും ഭംഗം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മുഖം നോക്കാതെ ശിക്ഷ വിധിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.