ഖനന നിയന്ത്രണലംഘന നിരീക്ഷണം ഉപഗ്രഹം വഴിയും
text_fieldsറിയാദ്: രാജ്യത്തെ ഖനനനിയമങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്നുണ്ടോ എന്ന് ഉപഗ്രഹം വഴി നിരീക്ഷിക്കുമെന്ന് സൗദി വ്യവസായ, ധാതു വിഭവശേഷി ഡെപ്യൂട്ടി മന്ത്രി എൻജി. ഖാലിദ് അൽ മുദൈഫർ പറഞ്ഞു. ഖനന നിയന്ത്രണങ്ങളിൽ പകുതിയും പരിസ്ഥിതി സുസ്ഥിരതയിലും പ്രാദേശിക സമൂഹങ്ങളെ സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. പാരിസ്ഥിതിക സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള ഖനന പ്രവർത്തനത്തിന് മാത്രമെ സൗദിയിൽ അനുമതിയുള്ളൂ.
രാജ്യത്തിന്റെ ഈ കരുതൽ ലോകതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കാരണം, പാരിസ്ഥിതിക സുസ്ഥിരത, തദ്ദേശീയ സമൂഹങ്ങളെ സംരക്ഷിക്കൽ, നിയമലംഘകരുടെ നിരീക്ഷണം ശക്തമാക്കൽ, ഉപഗ്രഹങ്ങളുടെ ഉപയോഗം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംവിധാനങ്ങളും നിയന്ത്രണങ്ങളും സ്ഥാപിക്കുന്നതിൽ രാജ്യം വിജയിച്ചിട്ടുണ്ട്. സൗദി ഖനന മേഖലയിൽ പരിസ്ഥിതി സംരക്ഷിക്കാൻ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനാണിത്.
ആധുനിക സാങ്കേതികവിദ്യകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടുകൾ, ജോലിസ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിക്കൽ, ഖനികൾ വിദൂരമായി കൈകാര്യം ചെയ്യൽ എന്നിവയിലൂടെ ഈ ഉപകരണങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന് മികച്ച അന്തരീക്ഷം പ്രദാനം ചെയ്യുന്നു. രാജ്യത്ത് നിലവിലുള്ള സംവിധാനങ്ങൾ പുതിയതും മികച്ച അന്താരാഷ്ട്ര സംവിധാനങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞതുമാണ്. മറ്റുള്ളവർ നിർത്തിയിടത്തുനിന്നാണ് ഞങ്ങൾ തുടങ്ങുന്നതെന്നും അൽമുദൈഫർ പറഞ്ഞു.
പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് മഹത്തായ സാമൂഹിക വികസനത്തിന് സാക്ഷ്യംവഹിക്കുന്ന പദ്ധതിയാണ് ‘വാദ് അൽ ശമാൽ’. രാജ്യത്തിന്റെ 80 ശതമാനം സ്വർണവും പുനരുപയോഗം ചെയ്ത ജലസ്രോതസ്സുകൾ ഉപയോഗിച്ചാണ് ഉൽപാദിപ്പിക്കുന്നത്. എല്ലാ ഫാക്ടറികളും വിപുലമായ പരിസ്ഥിതി കേന്ദ്രങ്ങളുടെയും കർശന പാരിസ്ഥിതിക സംരക്ഷണ സംവിധാനങ്ങളുടെയും മേൽനോട്ടത്തിന് വിധേയമാണെന്നും അൽ മുദൈഫർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.